✍️ ഡോ.ഹരികുമാർ വിജയലക്ഷ്മി
അവസാനത്തെ അത്താഴവും കഴിച്ച് ആ കമ്മ്യൂണാഡുകള്‍…സര്‍ സി.പി.യുടെ റൈഫിളുകളെയും സ്റ്റെന്‍ഗണ്ണുകളേയും നേരിടാന്‍ കൊടി കെട്ടിയ കമുകിന്‍ വാരിക്കുന്തങ്ങളാണവരുടെ വശമുണ്ടായിരുന്നത് ചൂട്ടുകറ്റകളുടെ വെളിച്ചവും. ഉരുക്കും രക്തവും തമ്മില്‍, വെടിയുണ്ടയും മാംസവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ബാക്കിപത്രം മൂന്നു മണ്‍കൂമ്പാരങ്ങളായിരുന്നു എഴുന്നോറോ ഏഴായിരമോ രക്തസാക്ഷികള്‍. പെട്രോളൊഴിച്ച് തീ കൊളുത്തിയ ആ കൂനകള്‍ ദിവസങ്ങളോളം അണയാതെ കിടന്നു. അണയാത്ത ആ ചിതയില്‍ നിന്നാണ് പി.ഭാസ്കരൻറെ വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന കവിത പിറക്കുന്നത്..
“ഉയരും ഞാന്‍ നാടാകെ/ പടരും ഞാനൊരു പുത്ത/നുയിര്‍ നാട്ടിന്നേകിക്കൊ/ണ്ടുയരും വീണ്ടും/ ഉയരും ഞാന്‍ നാടാകെ/യുയരും ഞാന്‍ വീണ്ടുമ/ങ്ങുയരും ഞാന്‍/വയലാറലറിടുന്നു/അവിടത്തെ ധീരത/യിവിടെപ്പകര്‍ത്തുവാന്‍/കഴിവറ്റ തൂലികേ/ലജ്ജിക്കൂ നീ/പുകയുമാവെണ്ണീറില്‍ തൂലികകൊണ്ടൊന്നു/ചികയണേ നാടിന്‍/ചരിത്രകാരാ…” (വയലാര്‍ ഗര്‍ജിക്കുന്നു – പി.ഭാസ്‌കരന്‍)
കേരളാസ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന കെ.വി.പത്രോസായിരുന്നു ആ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നായകന്‍. `രണ്ടിടങ്ങഴി’യിലെ കോരനെപ്പോലൊരു കഥാപാത്രമായിരുന്നു പത്രോസ്. ഇനിയൊരൊറ്റ തൊഴിലാളിയെ തൊട്ടാല്‍ ആലപ്പുഴ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കത്തിക്കുമെന്ന് സര്‍ സി.പിയെ താക്കീതു ചെയ്‌ത പത്രോസ്. സര്‍ സി.പി യുടെ ഭക്തിവിലാസത്തിനു മുകളില്‍ പാറിയിരുന്ന മഹാരാജാവിന്റെ ശംഖടയാളമുള്ള കൊടിയഴിച്ച് പകരം അവിടെ ചെങ്കൊടി ഉയര്‍ത്താന്‍ ഉയര്‍ന്ന ആ കൈകള്‍…
പത്രോസിനെ പിടികിട്ടിയാല്‍ ഇടിവണ്ടീടെ പിറകെ കെട്ടി വലിച്ചിഴച്ച് ആ അസ്ഥി തനിക്ക് കാണാനെത്തിക്കണം എന്നാണ് സർ സി.പി ഉത്തരവിട്ടത്.
തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ രക്തലിപികളില്‍ എഴുതപ്പെടേണ്ട പേരായിരുന്നു മൂന്നാം ക്ലാസുകാരനും കയര്‍ഫാക്‌ടറിത്തൊഴിലാളിയുമായ കെ.വി. പത്രോസിന്റേത്. കേരളത്തിലെ ആദ്യത്തെ രാഷ്‌ട്രീയപണിമുടക്കെന്നു വിശേഷിപ്പിക്കാവുന്ന 1938-ലെ ആലപ്പുഴ കയര്‍ഫാക്‌ടറി പണിമുടക്കു നടന്നത് പത്രോസിന്റെ നേതൃത്വത്തിലായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഡിക്‌ടേറ്ററായി പാര്‍ട്ടി തെരഞ്ഞെടുത്തത് പത്രോസിനെയാണ്. ആ സമരത്തില്‍ യന്ത്രത്തോക്കിനെതിരെ വാരിക്കുന്തം ഉയര്‍ന്നതോടെ പത്രോസ് കേരളമാകെ ‘കുന്തക്കാരന്‍ പത്രോസ്’ എന്ന് അറിയപ്പെട്ടു.
ഒരു തുലാപ്പത്തിനും പുന്നപ്ര വയലാറിന്റെ യഥാര്‍ത്ഥ കുന്തക്കാരന്‍ പത്രോസിനെ ആരും അനുസ്മരിക്കാറില്ല. പഴയ പത്രവും പാത്രങ്ങളും വീടുകള്‍ നടന്നു കയറി ശേഖരിച്ച് കയറ്റുചവിട്ടികള്‍ പകരം വിറ്റ് ഉപജീവനം നയിച്ചിരുന്ന ഒരനന്തര കാലത്തേക്ക് പത്രോസിനെ തള്ളിയകറ്റിയതാര്?
പിന്നീട് ഇ.എം.എസ്സും എകെ.ജിയും പോലെ രൂപപ്പെട്ട ഒരിടംകൈ വലംകൈ സൗഹൃദമാണ് പി.കൃഷ്‌ണപിള്ളയും കെ.വി.പത്രോസും തമ്മിലുണ്ടായിരുന്നതെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പത്രോസിന്റെ ഓലക്കൂരയില്‍ അലൂമിനിയം പാത്രത്തില്‍ അമ്മ വിളമ്പുന്ന കപ്പപ്പുഴുക്കും ചമ്മന്തിയും കഴിക്കാന്‍ എത്തുമായിരുന്നു കൃഷ്‌ണപിള്ളയും കെ.ദാമോദരനും ആര്‍.സുഗതനും ഉണ്ണിരാജയും. മിക്കവാറും എ.കെ.ജിയും ചിലപ്പോള്‍ എല്ലാം ഇ.എം.എസ് ഉം…
പത്രോസിന്റെ അമ്മ അന്ന റോസയെ മാക്‌സിം ഗോര്‍ക്കിയുടെ അമ്മയോട് താരതമ്യപ്പെടുത്തിയത് മറ്റാരുമല്ല, സാക്ഷാല്‍ എ.കെ.ജി!
തിരുവിതാംകൂറിൽ 1948ൽ നടന്ന തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മാത്രം സ്ഥാനാർത്ഥിയെ നിർത്തി മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസുമായി ധാരണ ഉണ്ടാക്കാമെന്നEMടന്റെ നിർദ്ദേശത്തെ നഖശിഖാന്തം എതിർത്തതിനാൽ പതിയെ പതിയെ പാർട്ടിയുടെ കണ്ണിലെ കരടായി തീർന്ന് പുറത്താക്കപ്പെടുകയായിരുന്നു. പാർട്ടിയുടെ പാർലമെന്ററി വ്യാമോഹങ്ങളെയും നയവൈകല്യങ്ങളെയും പാർട്ടി കമ്മറ്റികളിൽ തുറന്ന് എതിർത്തു എന്നതാണ് പത്രോസിന് മേൽ ആരോപിക്കപെട്ട കുറ്റം.
അവസാന കാലത്ത് ആസ്മയുടേയും ക്ഷയരോഗത്തിന്റയും ശല്യം അധികരിച്ചെങ്കിലും ജീവൻ നിലനിർത്താൻ കമ്പനികളിൽ നിന്നും തള്ളിക്കളയുന്ന കയർ തടുക്കുകൾ വാങ്ങി കച്ചവടം നടത്തിയും മീൻ വിൽപന നടത്തിയും ആന്ധ്രയിൽ നിന്നും ചെറുനാരങ്ങയും മാങ്ങയും വരുത്തി അച്ചാർ ആക്കി വിൽപന നടത്തി പരാജയപെട്ടപ്പോൾ ചായ കട നടത്തിയും ജീവൻ നിലനിർത്താൻ പാടുപെട്ടു. എല്ലാം പൊളിഞ്ഞപ്പോൾ കുടുംബ ജീവിത ബന്ധങ്ങളും അറ്റ് പോയി. കണ്ടം വച്ച ഷർട്ടുമിട്ട് ഏന്തി വലിഞ്ഞ്” നടന്നു നീങ്ങുന്ന സഖാവ് പത്രോസിന്റെ ദയനീയ രൂപം ഏവരുടേയും കണ്ണുകൾ നനയിച്ചു.
1957 ലെ ആദ്യ കമ്യൂണീസ്റ്റ് മന്ത്രിസഭയുടെ കാലത്ത് തിരുവനന്തപുരം പുത്തരി കണ്ടത്തിലെ കാർഷിക വ്യവസായ പ്രദർശനം കാണാൻ മുഖ്യമന്ത്രി EMS എത്തി.ഗതികിട്ടാ പ്രേതം പോലെ അവിടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന പത്രോസിന് അവിടെ കയർ ഉൽപന്നങ്ങളുടെ ഒരു സ്റ്റാൾ ഉണ്ടായിരുന്നു. ഭാര്യയും മക്കളും പാർട്ടിയും കൈ ഒഴിഞ്ഞ പത്രോസിന്റെ വയറ്റു പിഴപ്പായിരുന്നു ആ സ്റ്റാൾ…
അതിനു മുന്നിലെത്തിയEMS അതു ശ്രദ്ധിക്കാതെ നടന്നു നീങ്ങുന്നത് കണ്ണീരോടെ നോക്കി നിന്നു പത്രോസ്. അന്നത്തെ സ്പീക്കർ ശങ്കരനാരായണൻ തമ്പി കണ്ണുനീർ തുടച്ചു കൊണ്ട് കടന്നു പോയി. അതേ സ്റ്റാളിലെത്തിയ റിട്ട.ഐ ജി ചന്ദ്രശേഖരൻ നായരുടെ മനസ്സിൽ വാരി കുന്തമേന്തി തോക്കുധാരികളായ പട്ടാളക്കാർക്കു നേരെ കുതിച്ച് വരുന്ന സമര നേതാവിന്റെ ദയനീയാവസ്ഥ വിവരിച്ചിട്ടുണ്ട്:” പിരിയാൻ നേരത്ത് ചന്ദ്രശേഖരൻ നായർ പറഞ്ഞു ഞാനിപ്പോൾ ഒരു സഹകരണ ബേങ്കിന്റെ പ്രസിഡന്റാണ് ലോൺ തരാൻ പ്രയാസമില്ല’ എന്നാണ്. സഖാവ് അതിന് മറുപടി പറഞ്ഞില്ല….. ” താങ്കൾ ഈ മന്ത്രിസഭയിൽ ഇരിക്കേണ്ട അളല്ലേ എന്നോർത്ത് ഒരു നിമിഷം നിന്നതാണ് ” എന്നു പറഞ്ഞ് നടന്നു നീങ്ങി!!
1980 മാർച്ച് 9- ന് രാവിലെ ഒമ്പതരയ്ക്ക് പത്രോസിന്റെ മരണവാർത്ത അറിഞ്ഞിട്ടും പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കൾ ആരും എത്തിയില്ല ആരുടേയും റീത്ത് ആ കറുത്ത കരുവാളിച്ച ദേഹത്ത് സമർപ്പിക്കപെടാൻ അനുവദിച്ചില്ല. മംഗലം ചുടുകാട്ടിൽ ആരോരും അറിയാതെ ആ വിപ്ളവ നക്ഷത്രം അഗ്നിജ്വാലയിൽ എരിഞ്ഞടങ്ങി.
സി.പി.ഐയോ സി.പി.ഐ.എമ്മോ ഒരിക്കലും പത്രോസിനെ അനുസ്മരിച്ചു കണ്ടിട്ടില്ല. (പുന്നപ്ര – വയലാർ സമരത്തിൻറെ 75-ാം വാർഷികത്തോടനുബന്ധിച്ച് പത്രോസ് അന്ത്യവിശ്രമംകൊള്ളുന്ന എസ്എൻഡിപിയുടെ മംഗലത്തെ കുഴിമാടത്തിൽ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ (AITUC) പുഷ്പാർച്ചന നടത്തിയിരുന്നു എന്നതൊഴികെ) ആരെങ്കിലുമൊരാള്‍ എണീറ്റുനിന്ന് സഖാവ് കെ.വി.പത്രോസിനുവേണ്ടി കൈപൊക്കുമെന്ന് നമ്മൾ ഇനി ഒരിക്കലും ആശിക്കുകയും വേണ്ട. പത്രോസെന്ന പാറമേലായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കപ്പെട്ടത്. പത്രോസിനെ തള്ളിപ്പറഞ്ഞതോടെ പത്രോസ് മാത്രമല്ല പത്രോസ് പ്രതിനിധീകരിച്ചിരുന്ന പറയനും പുലയനുമടക്കമുള്ള അധഃസ്ഥിതരെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളിപ്പറയുന്നത്. സഖാവ് പത്രോസ്, നിങ്ങളുടെ ഓര്‍മ്മയ്‌ക്കുമുന്നില്‍ ഇങ്ങനെയൊരു കുറിപ്പെങ്കിലുമെഴുതി തല കുനിച്ചുനില്‍ക്കാന്‍ അനുവദിക്കുക.


