Sun. Nov 22nd, 2026

പാര്‍ട്ടി മാറിയ അച്ഛനെ കൊല്ലുമെന്ന സിപിഐഎം പ്രവര്‍ത്തകരുടെ ഭീഷണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് മകള്‍. പൊലീസിന്റെ സംരക്ഷണവും നാട്ടുകാരുടെ പിന്തുണയുമാണ് 16കാരി അഭ്യര്‍ത്ഥിക്കുന്നത്. തന്റെ അച്ഛനെ രക്ഷിക്കണമെന്ന ഒറ്റകാര്യം മാത്രമാണ് പെണ്‍കുട്ടി വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്.

കിനാനൂര്‍ സ്വദേശി സി.കെ. സുകുമാരന്റെ മകളും ചായോത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ അശ്വിനിയാണ് പിതാവിനെ രക്ഷിക്കണമെന്ന അപേക്ഷയുമായി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീട്ടില്‍ നിന്ന് അശ്വിനിക്ക് രണ്ടര കിലോമീറ്റര്‍ ദൂരം നടന്ന് ബസ് സ്റ്റോപ്പിലെത്തി വേണം സ്‌കൂളിലേക്ക് പോകാന്‍. ഇത് ഒഴിവാക്കാന്‍ സുകുമാരന്‍ മകളെ ബൈക്കിലാണ് സ്ഥിരമായി കരിന്തളത്തെ ബസ് സ്റ്റോപ്പിലേക്ക് കൊണ്ടു പോകുന്നതും തിരിച്ചു കൊണ്ടു വരുന്നതും. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ടെത്തിയ താനുമെത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ സുകുമാരനെ സംഘടിച്ചെത്തിയ സിപിഐഎം പ്രവര്‍ത്തകര്‍ തടയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറയുന്നു.

അച്ഛനെ കൊല്ലുമെന്ന ഭീഷണി നേരില്‍ കേട്ട അശ്വിനി അടുത്തദിവസം സ്‌കൂളിലെത്തി സഹപാഠികളോട് കാര്യം പറഞ്ഞു. അച്ഛനെ കൊല്ലുമെന്ന ഭീഷണി പുറംലോകത്തെത്തിക്കാന്‍ കൂട്ടുകാര്‍ അശ്വിനിയോട് നിര്‍ദ്ദേശിച്ചു. ഇതിനായി അശ്വിനി കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു സോഷ്യല്‍ മീഡിയ.

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ തന്നെ നാട്ടിലെ സിപിഎം പവര്‍ത്തകര്‍ പലതവണ ഭീഷണി പെടുത്തിയിരുന്നുവെന്ന് സുകുമാരന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സുകുമാരന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസങ്ങളില്‍ കുരീപ്പുഴയെ നായയെന്ന് വിളിച്ച് അധിക്ഷേപിച്ച ബിജെപി അനുഭാവി അംബിക, ബിജെപി നേതാക്കള്‍, ബിജെപി പ്രവര്‍ത്തകര്‍ എന്നിവരാണ് ഈ വീഡിയോക്ക് പ്രചരണം നല്‍കുന്നത് എന്നതിനാൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടൽ ആണിതെന്നും ആരോപണങ്ങൾ സത്യസന്ധമാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്.