Mon. Aug 31st, 2026

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത രണ്ട് ഫ്ളാറ്റുകളും നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു നീക്കി. ഹോളി ഫെയ്ത്ത് ഫ് ളാറ്റാണ് ആദ്യം പൊളിച്ചത്. 11.18 ഓടെയാണ് ഇവിടെ സ്‌ഫോടനം നടന്നത്. കെട്ടിടം തകര്‍ന്നപ്പോള്‍ വലിയ തോതിലുള്ള പൊടിപടലങ്ങള്‍ ആകാശത്തേക്ക് ഉയര്‍ന്നു. ഉദ്യോഗസ്ഥര്‍ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തുകയാണ്. സെക്കന്‍ഡുകള്‍ക്കുള്ളിലാണ് കെട്ടിടെ ഭൂമിയിലേക്ക് തകര്‍ന്ന് വീണത്. സ്‌ഫോടനത്തില്‍ കുണ്ടന്നൂര്‍-തേവര പാലത്തിന് കേടുപാട് സംഭവിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് അറിയുന്നത്‌.രണ്ടാമത്തെ ഫ്ളാറ്റായ അല്‍ഫ സെറീനും അല്‍പ സമയത്തിനകം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു.

അവശിഷ്ടങ്ങള്‍ കായലില്‍ പതിക്കാതെ തന്നെ സ്‌ഫോടനം നടന്നു. രാജ്യത്ത് തന്നെ ഇതാദ്യമാണ് ഇത്തരമൊരു നടപടി.രാജ്യത്ത് ഈ രീതിയില്‍ തകര്‍ക്കുന്ന ആദ്യത്തേതും ഏറ്റവും വലുതുമായ കെട്ടിടമായിട്ടാണ് ഹോളിഫെയ്ത്ത് മാറിയത്. എല്ലാ സുരക്ഷിത സാഹചര്യങ്ങളും ഉറപ്പു വരുത്തിയാണ് സ്‌ഫോടനം നടത്തിയത്. രാജ്യത്തു സ്‌ഫോടനത്തിലൂടെ തകര്‍ന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണു 19 നിലകളുള്ള എച്ച്.ടു.ഒ. ഹോളിഫെയ്ത്ത്. രണ്ടു കെട്ടിടങ്ങളില്‍ എറ്റവും ശക്തമായ സ്‌ഫോടനം നടന്നതും ഇവിടെയാണ്. ഒരേസമയം ഒന്നിലധികം കെട്ടിടങ്ങള്‍ ഒരുമിച്ച് പൊളിച്ചതും രാജ്യത്ത് ഇതാദ്യമായിരുന്നു. സ്‌ഫോടനം വിജയകരമെന്ന് ഹോളിഫെയ്ത്തിന്റെ ജോലികള്‍ ചെയ്ത എഡിഫൈസ് കമ്പനി പ്രതികരിച്ചു.

അഞ്ചു സെക്കന്‍ഡിനുള്ളിലായിരുന്നു ആദ്യ ഫ്‌ളാറ്റ് പൊടിഞ്ഞത്. ഫ്‌ളാറ്റിലെ 1471 ദ്വാരങ്ങളില്‍ 212 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണു നിറച്ചായിരുന്നു സ്‌ഫോടനം. ”വി” ആകൃതിയിലുള്ള ഫഌറ്റ് രണ്ടു ഭാഗത്തേക്കായി 37 ഡിഗ്രിയും 47 ഡിഗ്രിയും ചരിഞ്ഞാണ് വീണത്. അവശിഷ്ടങ്ങള്‍ കായലിലും കരയിലും പതിച്ചത്. രണ്ടാമത് തകര്‍ത്ത ആല്‍ഫയിലെ ഇരട്ട ടവറുകളില്‍ 343 കിലോ സ്‌ഫോടകവസ്തുക്കള്‍ 3598 ദ്വാരങ്ങളിലായാണു നിറച്ചിരുന്നത്. 45 ഡിഗ്രി ചരിച്ച്, മധ്യത്തിലുള്ള പുല്‍ത്തകിടിയിലേക്കും അടുത്തുള്ള കായലിലേക്കുമായിരുന്നു ആല്‍ഫ തകര്‍ന്ന് വീണത്.

2019 മേയ് 8 നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ അന്തിമമായി ഉത്തരവിട്ടത്. സി.ആര്‍.സെഡ്. മൂന്നിലാണു ഫഌറ്റുകളെന്ന റിപ്പോര്‍ട്ട് പരിശോധിച്ചായിരുന്നു വിധി. ഫ്‌ളാറ്റ് കേസില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായെന്നും പ്രകൃതിദുരന്തമുണ്ടായാല്‍ ആദ്യം മരിക്കുക ഫ്‌ളാറ്റ് വാസികളാണെന്നും സുപ്രീംകോടതി വിധിയില്‍ വിലയിരുത്തി. കേരളത്തില്‍ സമീപവര്‍ഷങ്ങളിലുണ്ടായ പ്രളയത്തിന് ആരാണ് ഉത്തരവാദിയെന്നു ചോദിച്ച സുപ്രീം കോടതി വിധിയില്‍ മാറ്റമില്ലെന്നും കോടതിയുടെ സമയം ദുര്‍വ്യയം ചെയ്യരുതെന്നും ഒക്‌ടോബര്‍ 25-നു താക്കീതും നല്‍കി.

ഒക്‌ടോബറില്‍ തന്നെ പൊളിക്കല്‍ ജോലികള്‍ തുടങ്ങിയെങ്കിലും ജനുവരി ആദ്യ വാരം മുതലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങിയത്. കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരേ ഫ്‌ളാറ്റിലെ താമസക്കാരുടേതും പൊളിക്കല്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള നാട്ടുകാരുടെ ആശങ്കയുമെല്ലാം അവഗണിച്ചാണ് പൊളിക്കല്‍ ജോലികള്‍ മുമ്പോട്ട് പോയത്. ഫ്ളാറ്റ് വാസികള്‍ക്കു സര്‍ക്കാര്‍ താമസസൗകര്യമൊരുക്കണം. നഷ്ടപരിഹാരം വ്യക്തമാക്കണമെന്നും കഴിഞ്ഞ സെപ്റ്റംബര്‍ 27-നു കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

2006 ഓഗസ്റ്റിലായിരുന്നു ഫ്‌ളാറ്റുകളുടെ നിര്‍മാണത്തിനു മരട് പഞ്ചായത്തിന്റെ അനുമതി കിട്ടിയത്. കേരളാ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി ഒട്ടേറെ നിയമനടപടികള്‍ക്ക് ശേഷമാണ് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ തകര്‍ത്തത്. നാളെ രാവിലെ മറ്റു രണ്ടു ഫ്‌ളാറ്റുകള്‍ കൂടി വീഴ്ത്തും. 11-ന് ജയിന്‍ കോറല്‍കോവ്, ഉച്ചകഴിഞ്ഞ് രണ്ടിനു ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റുകള്‍ നിയന്ത്രിതസ്‌ഫോടനത്തിലൂടെ തകര്‍ക്കും.

രാവിലെ ആല്‍ഫ സെറീനില്‍ ഉദ്യോഗസ്ഥരെത്തി അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഡെറ്റനേറ്റര്‍ കേബിളുകളിലേക്കുള്ള കണകഷന്‍ നല്‍കുന്നതിനായാണ് ഇവര്‍ എത്തിയത്. വിജയ സ്റ്റീല്‍സ് ഉദ്യോഗസ്ഥരാണ് ഇവര്‍. മരട് നഗര സഭ ഓഫീസില്‍ ക്രമീകരിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് ഇന്നത്തെ സ്‌ഫോടനം നിയന്ത്രിച്ചത്.