Sun. Nov 22nd, 2026

വാർത്തകൻ ജോ

ചർച്ച് ബിൽ വന്നാൽ സഭ ഇല്ലാതാകും” :തൃശ്ശൂർ അതിരൂപതാ ആർച്ചു് ബിഷപ് മാർ ആൻഡ്രൂസ് താഴത്തു്. (കത്തോലിക്കാസഭ, പേജു് : 1 & 7, ജനുവരി 2020)

എന്തുകൊണ്ടാണു് താഴത്തു് ഇങ്ങിനെ പറയുന്നതു്? സഭ എങ്ങിനെയാണു് ഇല്ലാതാകുക?എന്തുകൊണ്ടാണു്, എങ്ങിനെയാണു് അങ്ങിനെ സംഭവിക്കുക എന്നു് കൂടി പറയാനുള്ള ഉത്തരവാദിത്വം മാർ ആൻഡ്രൂസ് താഴത്തിനില്ലെ? അതു് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാത്ത വിധം നേരായ രീതിയൽ പറയാൻ താഴത്തു് തയ്യാറാകുന്നില്ല. എന്തുകൊണ്ടു്?

കത്തോലിക്കാ സഭാ നേതൃത്വം ഈ ബിൽ ( ‘കേരള ക്രൈസ്തവ സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന ട്രസ്റ്റ്ബിൽ-2009 (THE KERALA CHRISTIAN CHURCH PROPERTIES AND INSTITUTIONS TRUST BILL-2009’) നിയമമാകുന്നതിനെ ഭയപ്പെടുന്നതെന്തുകൊണ്ടു്?

അതേ സമയം വിശ്വാസി സമൂഹം ഇങ്ങിനെ ഒരു നിയമം സംസ്ഥാനത്ത് നടപ്പിലാകുന്നതിനെ അനുകൂലിക്കുകയും ചെയ്യുന്നു.

2019 മാർച്ചു് 3 തൃശ്ശൂർ അതിരൂപതയിൽ ‘കരിദിനം’ ആയി ആചരിക്കുകയും, അതിരൂപതയുടെ നേതൃത്വത്തിൽ അതേ ദിവസം തന്നെ തൃശ്ശൂർ ടൗൺ ഹാളിൽ ചർച്ചു് ബില്ലിനു് എതിരെ പ്രതിഷേധിക്കുന്നതിനായി (ഇവർ സ്വയം പ്രഖ്യാപിച്ച) അഭിവന്ദ്യ പിതാക്കന്മാരുടെയും, അല്മായ നേതാക്കന്മാരുടെയും നേതൃത്വത്തിൽ അല്മായ-വൈദിക-സന്യാസ സംഗമം നടത്തുകയുമുണ്ടായി. ഇതിൻ്റെ ഉത്ഘാടന പ്രസംഗത്തിൽ തൃശ്ശൂർ അതിരൂപതാ മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്തു് പറഞ്ഞതു് :-

“…….മൂന്നാമത്തേതാണു് ഈ ചർച്ചു് പ്രോപ്പർട്ടീസ് ബിൽ. പത്ത് വർഷം മുൻപു് തുടങ്ങിയതാ. അതു് വന്ന അന്നു് തന്നെ മുഖ്യമന്ത്രിയെ അടക്കം ഞാനറിയിച്ചു, ഇതു് കൃസ്ത്യാനികൾ മുഴുവൻ എതിരാകാൻ പോകുന്ന ഒരു കാര്യമാണു്. ഉണ്ടാകില്ലെന്നു് അവർ പറഞ്ഞു. എനിക്കു് വലിയ സന്തോഷം തോന്നി. ഇന്നാലെ (02.03.2019) മുഖ്യമന്ത്രി, ഒപ്പം തന്നെ സി പി ഐ-യുടെ നേതാക്കന്മാരും പറഞ്ഞു; ഏതായാലും ഇങ്ങിനെ ഒരു ബില്ലു് നടപ്പിൽ വരുത്തില്ല. എനിക്കു് സന്തോഷമുണ്ടു്, അവരോടു് നന്ദിയുണ്ടു്. ഒപ്പം ഒരു പക്ഷെ, 2009-ൽ എന്തിനാണു് ഇങ്ങിനെ ഒരു നിയമം കൊണ്ടു വന്നെ……..ജസ്റ്റിസ് കെ. ടി തോമസ് ലോ റീഫോംസ് കമ്മീഷനിൽ വന്നിട്ടു് ജസ്റ്റിസ് കൃഷ്ണയ്യരെ പോലെ ഇങ്ങിനെ ഒരു നിയമം കൊണ്ടുവന്നിട്ടുണ്ടോ, കൊണ്ടുവന്നതെന്തിനു്? എനിക്കുറപ്പുണ്ടു്, ഏതായാലും ഈ സർക്കാരിൻ്റെ കാലത്തു് ഇതു് നടപ്പിലാക്കില്ല, ഉറപ്പാണു്. ഇന്നലത്തെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും നമുക്കു് ഉറപ്പു തന്നെയാണു്………”

(മുഴുവൻ പ്രസംഗത്തിൻ്റെ വീഡിയോ ശ്രദ്ധിക്കുക)

ഈ നീണ്ട പ്രസംഗത്തിനിടയിൽ ഒരിടത്തു് പോലും ഈ ഡ്രാഫ്റ്റു് ബില്ലിൽ എന്താണു് ഉള്ളതെന്നോ, എന്തൊക്കെയാണു് സഭയെ ദോഷകരമായി ബാധിക്കാവുന്നതെന്നോ മാർ ആൻഡ്രൂസ് താഴത്തു് പറയുന്നില്ല. വിശ്വാസികളെ ഇരുട്ടിലേക്കു് തള്ളിവിടും വിധത്തിലുള്ള ഒരു പ്രസംഗം മാത്രമായിരുന്നു. അവിടെ നടത്തിയതു്.

തിരഞ്ഞടുപ്പു് അടുത്ത സമയമായിരുന്നതിനാൽ ഒരു ഭീഷണി എന്ന പോലെയുള്ള ഒരു വാചകമാണു് മാർ ആൻഡ്രൂസ് താഴത്തു് മുഖ്യമന്ത്രിയെ വിളിച്ചു് പറഞ്ഞതു് – “ക്രിസ്ത്യാനികൾ മുഴുവൻ എതിരാകാൻ പോകുന്ന ഒരു കാര്യമാണു്.”

ക്രിസ്ത്യാനികളെ മുഴുവൻ നിയന്ത്രിക്കുന്ന ….’ക്രിസ്ത്യാനിരാജാവ്’….. ആണോ മാർ ആൻഡ്രൂസ് താഴത്തു്?

മാർ ആൻഡ്രൂസ് താഴത്തു് ഉൾപ്പെടുന്ന സീറോ മലബാർ സഭയ്ക്കുള്ളിൽ, എന്തിനധികം; തൻ്റെ തന്നെ അതിരൂപതക്കുള്ളിൽ ഈ ചർച്ചു് ആക്ട് ബില്ലിന്മേൽ വിശ്വാസികൾക്കിടയിൽ ഒരു ജനഹിത പരിശോധന നടത്താൻ ഈ നേതൃത്വം തയ്യാറാണോ?

മേൽപ്പറഞ്ഞ ബില്ലിൽ എന്താണുള്ളതെന്നു് ഒരു എത്തിനോട്ടം നടത്താം:

THE KERALA CHRISTIAN CHURCH PROPERTIES AND INSTITUTIONS TRUST BILL-2009

ജസ്റ്റിസ് വി. ആർ കൃഷ്ണയ്യർ ചെയർമാനായുള്ള കമ്മീഷൻ കേരളാ ഗവർമ്മെൻറിനു് സമർപ്പിച്ച കേരള ക്രൈസ്തവ സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന ട്രസ്റ്റ്ബിൽ എന്തിനാണു്. എന്താണിതിൻറെ ആവശ്യം ക്രൈസ്തവ സഭാ നേതൃത്വങ്ങൾ ഈ ബില്ല് നിയമമാക്കുന്നതിനെ എതിർക്കുന്നതു് എന്തുകൊണ്ടു്?

സഭയുടെ ലൗകീക കാര്യങ്ങളുടെയും സമ്പത്തിൻറെയും കൂടുതൽ ജനാധിപത്യപരവും, കാര്യക്ഷമതയും നീതീയുക്തവുമായ ഭരണം സ്ഥാപിക്കുന്നതിനു് വേണ്ടിയും, സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനും വിഭവങ്ങളും, ധനവും നിയന്ത്രിക്കുന്നതിനും ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റുകളും കമ്മിറ്റികളും രൂപവത്ക്കരിക്കുന്നതിനും വേണ്ടിയാണു് ഇങ്ങിനെ ഒരു ബിൽ കൊണ്ടു വന്നിരിക്കുന്നതു്.

മൂന്നു് തട്ടുകളിലായുള്ള ഒരു ഭരണ സംവിധാനമാണിതു്

01) ഇടവക അഥവാ അടിസ്ഥാന ഘടകം
02) രൂപതാ അഥവാ കേന്ദ്രീയ റവന്യു ജില്ല,
03) സംസ്ഥാനതല ട്രസ്റ്റു്.

വിശ്വാസികളാൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റികളായിരിക്കും ഈ മൂന്നു് തട്ടുകളിലും ഭരണം നടത്തുക.

കേരളത്തിലെ ക്രൈസ്തവ സഭകളുടെ മതപരമായ ആസ്തികൾ അഥവാ religious assets പൂർവ്വകാലം മുതൽ തന്നെ ട്രസ്റ്റുകളെന്ന `പോലെയാണു് കൈകാര്യം ചെയ്തുവരുന്നതു് എങ്കിലും അവ ഇന്നുവരെ അപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. ഇത്തരത്തിൽ രെജിസ്റ്റർ ചെയ്യാത്തതിനാൽ പല വിധത്തിലുള്ള നിയമപരമായ സങ്കീർണ്ണ പ്രശ്നങ്ങൾക്കും ഇതു് കാരണമായിട്ടുണ്ടു്, മാത്രമല്ല കാരണമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇപ്പോൾ സഭയുടെ പ്രവർത്തങ്ങൾ നടക്കുന്നതു്, സഭയ്ക്കു് വേണ്ടി സഭാ നേതൃത്വത്തിലിരിക്കുന്നവർ തയ്യാറാക്കിയ നിയമാവലി അനുസരിച്ചാണെന്നു് പറയുമ്പോൾ; അവിടെ ഒരു ചോദ്യം പൊന്തി വരുന്നു. ആ നിയമാവലി കണ്ടു്, അല്ലെങ്കിൽ വായിച്ച് മനസ്സിലാക്കിയ എത്ര വിശ്വാസികളുണ്ടു്.

ഈ നിയമാവലിയുടെ പ്രതികൾ ഇതാവശ്യപ്പെടുന്ന വിശ്വാസിക്കു് അല്ലെങ്കിൽ വിശ്വാസികൾക്കു് കൊടുക്കുവാനുള്ള സംവിധാനം ഇടവകപ്പള്ളികളിലും, രൂപാതാ ആസ്ഥാനങ്ങലും ഇല്ല എന്നതാണു് സത്യം. ചുരുക്കിപ്പറഞ്ഞാൽ ഇടവകപ്പള്ളികളിൽ പോലും ഈ നിയമാവലിയുടെ പ്രതികളില്ല.

ഇനിയിപ്പോൾ അങ്ങിനെ ഒരു നിയമാവലി ഉണ്ടെങ്കിൽ, അതിൽ പറഞ്ഞതനുസരിച്ചാണോ, കന്യാസ്ത്രി പീഡനങ്ങളൾ അടക്കമുള്ള സ്ത്രീ – ബാല പീഡനങ്ങളും, പള്ളി ധന മോഷണങ്ങളും, മറ്റു് സാമ്പത്തിക തട്ടിപ്പുകളും ഈ പുരോഹിത സമൂഹം നടത്തിക്കൊണ്ടിരിക്കുന്നതു്?

ഇത്തരം കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്നവർക്കു് നിയമ സഹായം നൽകാൻ വിശ്വാസികളിൽ നിന്നും, മറ്റുവിധത്തിലും വന്നു ചേരുന്ന പണം ഉപയോഗിക്കാമെന്നു്, ഇവർ പറയുന്ന ഈ നിയമാവലിയിൽ വ്യക്തമാക്കിയിട്ടുണ്ടോ? ചുരുക്കിപ്പറഞ്ഞാൽ സഭകളുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യത ഇല്ലാത്ത അവസ്ഥയാണിപ്പോൽ നില നിൽക്കുന്നതു്.

എറണാകുളം – അങ്കമാലി അതിരൂപതയിൽ നടന്ന ഇത്തരത്തിൽ സുതാര്യതയില്ലാത്ത ഭൂസ്വത്തു് ക്രയവിക്രയങ്ങൾ കോടതികളിൽ കയറിയിറങ്ങുന്ന അവസ്ഥയിലുമായി . മാത്രമല്ല, മെത്രാന്മാർക്കു് രാജാവിനു് തുല്യമായ അധികാരങ്ങൾ ഉണ്ടെന്നും ആർക്കും തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യാൻ കഴിയില്ല എന്ന രീതിയിൽ കോടതിയിൽ കയറിനിന്നു് പറയാനും സഭാ നേതൃത്വം മടി കാണിച്ചില്ല.

ഈ ഭൂമിക്കച്ചവടത്തിൽ സർക്കാർ നിയമങ്ങളെ പോലും വെല്ലുവിളിച്ചുകൊണ്ടു് മുദ്രക്കടലാസിൽ പോലും തങ്ങളുടെ കള്ളത്തര നിപുണത പ്രകടിപ്പിക്കാൻ മടിക്കാത്തവരാണു് ഇപ്പോൾ സഭാ തലപ്പത്തു് വിശ്വാസികളെ ആത്മീയമായി നയിക്കാനും നവീകരിക്കാനും ഇരിക്കുന്നവർ എന്നു് മനസ്സിലാകുമ്പോൾ വിശ്വാസി എന്തു് ചെയ്യും? ഇതേ രീതിയിൽ മറ്റു് പല രൂപതകളിലും സംഭവിച്ചു കഴിഞ്ഞു.

ഒരു വിശ്വാാസിക്കു്, അല്ലെങ്കിൽ ഇടവക അംഗത്തിനു് തൻറെ ഇടവകയിൽ നടക്കുന്ന എന്തു് തെറ്റുകൾ അല്ലെങ്കിൽ അഴിമതികൾ കണ്ടാലും അതു് ചോദ്യം ചെയ്യാനുള്ള നിയമ പരമായ അധികാരമില്ലാത്ത അവസ്ഥയാണു് ഇപ്പോൾ ഉള്ളതു്.

ഇതിനുദാഹരണങ്ങളാണു് മേജർ ആർച്ചു് ബിഷപ് ജോർജ്ജു് ആലഞ്ചേരി ഉൾപ്പെട്ട ഭൂമി കുംഭകോണക്കേസും, കൊരട്ടി പള്ളിയിലെ വികാരിയായിരുന്ന ഫാ. മാത്യു മണവാളൻ കോടിക്കണക്കിനു് രൂപയും കിലോക്കണക്കിനു് സ്വർണ്ണവും മോഷ്ടിച്ചു് ഒളിച്ചോടിയ സംഭവങ്ങൾ.

ഇവിടെയെല്ലാം വിശ്വാസികൾ ആശ്രയിച്ചതു് ഇന്ത്യൻ നിയമത്തെയാണു്. അതിനാൽ തന്നെ ഇവിടെ കാനോൻ നിയമത്തിൻറെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളതു്.

ഇടവക തലത്തിലോ, രൂപത തലത്തിലോ ഏന്തു് കാര്യം ചോദിച്ചാലും അതിനു് ശരിയായ മറുപടി തരില്ലെന്നു് മാത്രമല്ല ചോദിക്കുന്നവരെ വ്യക്തിഹത്യയിലൂടെ നിഷ്പ്രഭരാക്കി സഭയുടെ ശത്രുവാണെന്നു് അല്ലെങ്കിൽ ശത്രുക്കളാണെന്നു് വരുത്തിത്തീർക്കുന്ന രീതിയാണു് ഇപ്പോൾ സഭാ നേതൃത്വം കായ്യാളുന്നതു്.

ഈ പാശ്ചാത്തലത്തിൽ, വിവിധ സഭകളുടെ ലൗകീക ആസ്തികളുടെ ഭരണത്തിൽ ജനാധിപത്യ ചട്ടക്കൂട് കൊണ്ടുവരുന്നതു വഴി, ലൗകീക സ്വത്തുക്കളുടെ ഭരണം ബൈബിളിൽ അധിഷ്ഠിതമായ ശരിയായ ക്രൈസതവരൂപ മാതൃത്വ ത്തിലേക്ക് കൊണ്ടുവരാൻ ഈ ബിൽ വഴി സാധിക്കും.

വിവിധ സഭകളുടെ വിശ്വാസപരവും, ദൈവശാസ്ത്രപരവുമായ പ്രബോധനങ്ങളും ( teaching) അനുഷ്ഠാനങ്ങളുമായി (practices) ബന്ധപ്പെട്ട ഒരു വിഷയത്തിലും തീരുമാനമെടുക്കുന്നതിനോ, അഭിപ്രായ രൂപീകരിക്കുന്നതിനോ ഇടപെടുന്നതിനോ ഈ ആക്ട് ഉദ്ദേശിക്കുന്നില്ല എന്നതും എടുത്തു പറയേണ്ടതാണു്.

അനുഷ്ഠാനം, ആചരണം, പതിവുരീതി, സമ്പ്രദായം, സഭാനിയമം എന്നിവ ഉൾപ്പെടെ ഏതു നിയമത്തിൽ ഉൾക്കൊണ്ടിരുന്നാൽത്തന്നെയും, ഓരോ ഇടവകപള്ളിയും അതാതിൻറെ പേരിൽ തന്നെ ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റ് ആയി ഈ ആക്ട് പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ആറു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തിരിക്കണം.

ഈ ആക്ടിലും, നിയമങ്ങളിലും ഉൾക്കൊണ്ടിട്ടുള്ള നിബന്ധനകൾ അനുസരിച്ചു് മാത്രമായിരിക്കും പിന്നീടു് ട്രസ്റ്റിൻറെ ദൈനംദിന ഭരണം ട്രസ്റ്റ് കമ്മിറ്റി നിർവ്വഹിക്കേണ്ടതു്.

ട്രസ്റ്റ് അസംബ്ലി അഥവാ സമാജം എന്നാണിതിനെ വിളിക്കുക. എല്ലാ കുടുംബനാഥന്മാരും അല്ലെങ്കിൽ നാഥകളും, 18 വയസ്സിനു മുകളിലുള്ളതും ഇടവക അഥവാ അടിസ്ഥാന ഘടകത്തിലെ അംഗങ്ങളും ആയവർക്ക് വോട്ടവകാശത്തോടുകൂടി ട്രസ്റ്റ് അസംബ്ലി രൂപീകരിക്കും

ക്രൈസ്തവ വിശ്വാസത്തിനു് എതിരായവർക്കും, നിരീശ്വരവാദികൾക്കും, കുറ്റം തെളിയിക്കപ്പെട്ട കുറ്റവാളികൾക്കും അഥവാ convicted criminals-നും ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റുകളുടെ കീഴിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കാൻ കഴിയുന്നതല്ല.

(ഇത്തരം നിയമങ്ങൾ സഭാനേതൃത്വത്തെ ഭയപ്പെടുത്തുന്നു. ഇവരിൽ പലർക്കും സ്ഥാനമാനങ്ങൾ നഷ്ടപ്പെടാൻ ഇതു് ഇടയാക്കും)

കൂടാതെ, മനോരോഗികൾ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ, മദ്യപാനികൾ, മയക്കുമരുന്ന് ഉപയോഗത്തിന് കീഴ്പ്പെട്ടിരിക്കുന്നവർ, അധാർമ്മിക ജീവിതം നയിക്കുന്നവർ, ട്രസ്റ്റിൻറെ തന്നെ അംഗമല്ലാത്തവർ, എന്നു് വെച്ചാൽ ഇടവക അംഗമല്ലാത്തവർ എന്നിവരെയും മേൽപറഞ്ഞ രീതിയിൽ അയോഗ്യരാക്കപ്പെട്ടിരിക്കുന്നു.

ഓരോ ഇടവകയിലുമുള്ള ട്രസ്റ്റിൻറെ മുഖ്യവിഷയം സ്ഥാപനങ്ങളും ആസ്തികളും, സ്ഥാവരജംഗമ സ്വത്തുക്കളും മറ്റു സമ്പത്തുക്കളും ആണു്. ഇവയിന്മേൽ ട്രസ്റ്റിലെ എല്ലാ അംഗങ്ങൾക്കും കൂട്ടായ ഉടമസ്ഥ അവകാശവും അധികാരവും ഉണ്ടായിരിക്കും എന്നതു് ഈ നിയമത്തിൻറെ പ്രത്യേകതയാണു്. (ഇപ്പോൾ ഇതു് സഭാ നേതൃത്വത്തിലിരിക്കുന്നവരുടെ ഉടമസ്ഥതയിലാണു്. പണം കൊടുക്കുന്ന വിശ്വാസി വെറും കാഴ്ചക്കാരൻ ആയ അടിമ. ഈ ബിൽ നിയമമായൽ ഈ അവസ്ഥക്കു് മാറ്റം വരും.)

ഈ നിയമം നടപ്പിലായാൽ പിന്നെ, 1866-ലെ കേരളാ പബ്ലിക് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ. ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ച് എല്ലാ ഇടവകകളും ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റുകൾ ആയി രജിസ്റ്റർ ചെയ്തിരിക്കണം. ട്രസ്റ്റ് രജിസ്ട്രേഷനുശേഷം പള്ളിയുടെ എല്ലാ സ്വത്തുക്കളും സ്ഥാവര ജംഗമ ആസ്തികളും പണവും വിശ്വാസികളാൽ രൂപീകൃതമാകുന്ന
ബോർഡ് ഓഫ് ട്രസ്റ്റിൽ (Board of Trustees) നിക്ഷിപ്തമായിരിക്കും.

ഇടവകയുടെ സ്വത്തുക്കളിൽ നിന്നും സ്ഥാവര ജംഗമ ആസ്തികളിൽ നിന്നും ലഭിക്കുന്ന മുഴുവൻ ആദായവും, ഇടവകാംഗങ്ങളിൽ നിന്നും പിരിവായി ലഭിക്കുന്നതും മറ്റു തരത്തിൽ പള്ളിയിലേക്കു് സംഭാവനയായി ട്രസ്റ്റികൾക്കു് ലഭിക്കുന്നതും, പള്ളിയിലേക്കു് വന്നു് ചേരുന്നതും, സ്ഥാവര-ജംഗമ സ്വത്തുക്കളുടെ കൈമാറ്റം, വില്പന, വായ്പ മുതലായവയിലൂടെ ലഭിക്കുന്നതും ആയ എല്ലാ പണവും കൈകാര്യം ചെയ്യാനുള്ള അധികാരം ഈ ചാരിറ്റബിൾ ട്രസ്റ്റിനായിരിക്കും.

മൂന്നു് തട്ടുകളായുള്ള ഭരണ തലങ്ങളിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ Internal Auditors-ൻറെ പരിശോധനയ്ക്കു് വിധേയമായിരിക്കും. സംസ്ഥാനതല ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനായി മേജർ ആർച്ചു് ബിഷപ് /ആർച്ചു് ബിഷപ്/ ബിഷപ്/ സഭാ തലവൻ ഇവരിലാരെങ്കിലും ഒരാൾ നിയമിതനാകും

(“മെത്രന്മാരുടെയും വൈദികരുടെയും അധികാരത്തെ ബില്ല് എതിർക്കുന്നു” എന്നു് ബിഷപ് മാർ ആൻഡ്രൂസ് താഴത്തു് പറയുന്നതു് നുണയാണെന്നു് ഇവിടെ വ്യക്തമാകുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു്, തമ്മിലടിപ്പിച്ചു് തങ്ങളുടെ സ്വേച്ഛാദിപത്യം നിലനിർത്താൻ വേണ്ടിയുള്ള പെടാപ്പാടാണു് ആൻഡ്രൂസ് താഴത്തു് അടങ്ങുന്ന സഭാ നേതൃത്വ പദവിയിലിരിക്കുന്നവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതു്.)

അടിസ്ഥാന ഘടകമായ ഇടവകയ്ക്കു് സംസ്ഥാന ട്രസ്റ്റിലേക്കും പ്രാതിനിധ്യം ഉണ്ടായിരിക്കും. ട്രസ്റ്റുകൾക്കു് മീതെ സർക്കാരിനാൽ നിയമിക്കപ്പെടുന്ന ഒരു കമ്മീഷണർ ഉണ്ടായിരിക്കും. സർക്കാർ സെക്രട്ടറിയുടെ പദവിയിൽ, എന്നു് വെച്ചാൽ Government Secretary rank-ൽ കുറയാത്ത ഒരു ഓഫീസറായിരിക്കും ചർച്ച് കമ്മീഷണർ ആയി നിയമിക്കപ്പെടുക.

ഇടവക അഥവാ അടിസ്ഥാനഘടക ട്രസ്റ്റ് കമ്മിറ്റികളും രൂപതാ അഥവാ കേന്ദ്ര റവന്യൂ ജില്ലാ ട്രസ്റ്റ് കമ്മിറ്റികളും സംസ്ഥാനതല ട്രസ്റ്റ് കമ്മിറ്റിയും അവരവരുടെ വാർഷിക കണക്കുകൾ ചർച്ചു് കമ്മീഷണർക്ക് സമർപ്പിക്കേണ്ടതാണു്

(Transparency (സുതാര്യത): വാർഷിക കണക്കുകൾ കോടുക്കുക എന്ന് കേൾക്കുമ്പോൾ സഭാ നേതൃത്വത്തിലിരിക്കുന്നവർക്കു് ഞെട്ടലാണു്. കാരണം; സ്ത്രീ-ബാല ബലാത്സംഗം അഥവാ പീഡനം, ഭൂമി കുംഭകോണം, പള്ളി ധന-സ്വത്തു് മോഷണം, സമൂഹത്തിൽ ഇറങ്ങി നിന്നു് നടത്തുന്ന തട്ടിപ്പുകളും വെട്ടിപ്പുകളും….ഇവ ഉൾപ്പെടുന്ന കണക്കുകൾ എങ്ങിനെ കൊടുക്കും, മാത്രമല്ല ഇവയിലൂടെ ഉണ്ടാകുന്ന ക്രിമിനൽ കേസുകളിൽ നിന്നും രക്ഷപ്പെടാനായി ചിലവിടുന്ന കോടികളുടെ കണക്കു് പുറത്തു് പറയാൻ പറ്റുമോ?)

ഇടവകയിലെ അഥവാ ചാരിറ്റബിൾ ട്രസ്റ്റിലെ അംഗങ്ങൾക്കു് സ്വാഭാവിക നീതിയും സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്നതോടോപ്പം മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കുകയെന്നതും ത്രിതല ട്രസ്റ്റുകളുടെ മറ്റൊരു പ്രധാനപ്പെട്ട കടമയാണു്.

ഇന്ത്യൻ ഭരണഘടനയിൽ പൗരന്മാർക്കു് ഉറപ്പു വരുത്തിയിട്ടുള്ള പൗരസ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടു് എന്ന് ഉറപ്പ് വരുത്തേണ്ടത് ട്രസ്റ്റുകളുടെ മറ്റൊരു ഉത്തരവാദിത്തമാണു്. കൂടാതെ ട്രസ്റ്റിലെ അംഗങ്ങളുടെയും സഭയിലെ ആത്മീയ ശുശ്രൂഷകരുടെയും മേൽപ്പറഞ്ഞ അവകാശങ്ങളിലും മനുഷ്യാവകാശങ്ങളുടെ മേലും ട്രസ്റ്റുകൾ ജാഗ്രത പുലർത്തേണ്ടതാണു്.

(ഈ കാര്യങ്ങൾ നിയമമായാൽ:- കൂദാശകളടക്കമുള്ള (ഇതിൽ പ്രധാനമായുള്ള മാമ്മോദീസ, ആദ്യ കുർബ്ബാന സ്വീകരണം, വിവാഹം തുടങ്ങിയവ) ആചാരാനുഷ്ഠാനങ്ങൾക്കു് വിശ്വാസികളോടു് വില പേശാൻ പുരോഹിതർക്കു് കഴിയില്ല. മാത്രമല്ല, ശവസംസ്കാര സമയത്തു് മരിച്ചയാളുടെ കുടുംബത്തെ മുൾമുനയിൽ നിർത്തി നടത്തുന്ന നിർബ്ബന്ധ പിരിവുകളും, ശവക്കല്ലറക്കച്ചവടവും നടത്താൻ പുരോഹിതർക്കു് കഴിയാതെ വരും.)

ആത്മീയ ശുശ്രൂഷകരുടെ സേവനങ്ങൾക്കു് മതിയായ സൗകര്യങ്ങളും ക്രമീകരണങ്ങളും നൽകേണ്ടതും അവരുടെ അർഹതക്കനുസരിച്ചു്, സേവനങ്ങൾക്കു് സാമ്പത്തിക പ്രതിഫലം നൽകേണ്ടതുമാണു്.

ഇടവക പള്ളികളിലും/ രൂപതയിലെ സഭാധികാരത്തിൽപ്പെട്ട (Ecclesiastical unit in diocese) അടിസ്ഥാന ഘടകങ്ങളിലും എന്നു് വെച്ചാൽ ഇടവകകളിലും കേന്ദ്ര റവന്യൂ ജില്ലാതലങ്ങളിലും, സംസ്ഥാന തലങ്ങളിലും, ക്രൈസ്തവ സർവ്വകലാശാലകളിലും, സെമിനാരികളിലും, മതബോധന കേന്ദ്രങ്ങളിലും, മറ്റു സേവന കേന്ദ്രങ്ങളിലും സേവനം ചെയ്യുന്ന ആത്മീയ ശുശ്രൂഷകർക്കു് കാലാനുസൃതമായ സാമ്പത്തിക പ്രതിഫലം നൽകേണ്ടതാണു്. ഇതിൽ മാസബത്തകൾ, യാത്രാബത്തകൾ, ക്ഷാമബത്തകൾ എന്നിവ ഉൾപ്പെടേണ്ടതാണു് എന്നും ഈ നില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ട്രസ്റ്റുകളുടെ നിർദ്ദേശാനുസരണം ആത്മീയ ശുശ്രൂഷകർക്കു് എന്നു് വെച്ചാൽ പുരോഹിതർക്കു് ആവശ്യമായ താമസ സൗകര്യം ഒരുക്കേണ്ടതാണു്. എല്ലാ ആത്മീയ ശുശ്രൂഷകർക്കും, ത്രിതല ട്രസ്റ്റുകളുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും എന്നാൽ സർക്കാരിൽ നിന്നും ശംബളമോ ബത്തകളോ സ്വീകരിക്കാത്തവരുമായ മറ്റു ജീവനക്കാർക്കും ശമ്പളവും ബത്തയും നൽകാൻ ട്രസ്റ്റുകൾ ബാദ്ധ്യസ്ഥരാണു്

ഏതെങ്കിലും സഭാനിയമത്തിലോ അനുഷ്ഠാനത്തിലോ പതിവുസമ്പ്രദായത്തിലോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ തന്നെയും ഈ നിയമത്തിലെ വ്യവസ്ഥകൾ ഏതെങ്കിലും ലംഘിക്കുന്നത് രാജ്യത്തെ സിവിൽ / ക്രിമിനൽ നിയമത്തിൻ കീഴിൽ ശിക്ഷാർഹമാണു്. ഈ ബില്ല് നിയമമാകുന്നതിനെ സഭാ നേതൃത്വം എതിർക്ക്ന്നതെന്തുകൊണ്ടു്?

ഇവരുണ്ടാക്കുന്ന, തെറ്റായ രീതിയിൽ എഴുതി വെച്ചിട്ടുള്ളതും, എഴുതി വെയ്ക്കാത്തതുമായ നിയമങ്ങൾ നടപ്പിലാക്കാൻ ഈ നിയമം തടസ്സമാകുന്നു. മാത്രമല്ല ഇന്ത്യൻ നിയമങ്ങൾക്കു് അതീതമായുള്ള ഇവരുടെ തോന്നിവാസ പ്രവർത്തനങ്ങൾക്കു് കടിഞ്ഞാൺ ഇടാനും ഈ ചർച് ആക്റ്റ് ബിൽ വഴി സാദ്ധ്യമാകുന്നു.

വിദേശ ഫണ്ടുകളടക്കം സഭയിലേക്കു് വന്നു ചേരുന്ന സമ്പത്തിനു് വ്യകതമായ കണക്കുകൾ ഉണ്ടാകേണ്ടി വരും. ഇപ്പോൾ ഫോറിൻ കറൻസികളായി വർഷാവർഷങ്ങളിൽ വന്നു ചേരുന്ന പണത്തിൻറെ, സർക്കാരിനു് സമർപ്പിക്കേണ്ടതായ കണക്കുകൾ സമർപ്പിക്കാത്ത രൂപതകളാണു് കൂടുതലും ഉള്ളതു്. അതിനാൽ തന്നെ പല രൂപതകളേയും വിദേശ ഫണ്ടു് സ്വീകരിക്കുന്നതിൽ നിന്നും സർക്കാർ വിലക്കിയിട്ടുണ്ടു്.

ഈ വിദേശ ഫണ്ടിനെക്കുറിച്ചു് സാധാരണ നിലയിൽ ഒരു വിശ്വാസിക്കും യാതൊരു വിധ അറിവും ഇല്ല എന്നതാണു് സത്യം. എന്തിനു വേണ്ടിയാണു് ഈ വിദേശ ധനം വരുന്നതെന്നോ, അതെന്തിനു് ഉപയോഗിക്കുന്നു അല്ലെങ്കിൽ എങ്ങിനെ ചിലവഴിക്കുന്നു എന്നൊന്നും വിശ്വാസികൾ അറിയുന്നില്ല, അവരെ അറിയിക്കുന്നുമില്ല.

ചുരുക്കിപ്പറഞ്ഞാൽ മിഷൻ സൺഡെക്കു് വിശ്വാസികളിൽ നിന്നും പിരിച്ചെടുക്കുന്ന പണം എവിടെ എന്തിനു് ഉപയോഗിക്കുന്നു എന്നതു് വ്യക്തതയില്ലാത്തെ രീതിയിലാണു് കൈകാര്യം ചെയ്യുന്നതു്. ഇവർ പള്ളികളിൽ ഈ പിരിവിനു് ഓരോ കാരണങ്ങൾ പറയുന്നുണ്ടെങ്കിലും പിരിച്ചെടുക്കുന്ന അല്ലെങ്കിൽ ലഭ്യമാകുന്ന സഹായ ധനം ഇവർ തന്നെ പറയുന്ന കാര്യങ്ങൾക്കായി പൂർണ്ണമായി ഉപയോഗിക്കുന്നുണ്ടോ എന്നു് ഉറപ്പു വരുത്താൻ വിശ്വാസികൾക്കു് സാധിക്കുന്നില്ല.

സഭാവിശ്വാസി ഇവരുടെ വരുതിക്കു് വരുന്നില്ലെങ്കിൽ, പ്രത്യേകിച്ചു് ‘ദശാംശം’ എന്ന ഓമനപ്പേരിൽ ഇവർ നടത്തുന്ന നിർബ്ബന്ധിത പണ സമാഹരണ പ്രവർത്തികളിൽ ഇവരോടൊപ്പം നിൽക്കാത്തവരെ പലതരത്തിലും ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണു് ഇപ്പോൾ ഉള്ളതു്. മാമ്മോദീസ, വിവാഹം ആദ്യ കുർബ്ബാന സ്വീകരണം തുടങ്ങിയ കൂദാശകൾ നടത്തി തരാതിരിക്കൽ, ശവസംസ്കാരത്തിനു് അനുമതി നിഷേധിക്കൽ ഇവയൊക്കെ അവയിൽ പെടും.

സ്ത്രീ-ബാല പീഡനങ്ങൾ, ഭൂമി തട്ടിപ്പു്, സാമ്പത്തിക തട്ടിപ്പു്, പള്ളി ധനമോഷണം,തുടങ്ങിയവയിൽ ഉൾപ്പെട്ടു് ക്രിമിനൽ കേസുകളിൽ പ്രതികളായ പുരോഹിതരെയും കന്യാസ്ത്രികളെയും സംരക്ഷിക്കാനുള്ള കണക്കില്ലാത്ത ശതകോടികൾ ചിലവഴിക്കാൻ, പണം കണ്ടെത്താൻ, വിശ്വസികളെ പിഴിഞ്ഞെടുക്കാൻ വെള്ളയടിച്ചു് സഞ്ചരിക്കുന്ന കുഴിമാടങ്ങൾക്കു് കഴിയാതെയാകും.

ശതകോടിഅകൾ ചിലവഴിച്ചു് നടത്തുന്ന കേസുകൾ ഇതിനുദാഹരണമായുണ്ടു്:

സി. അഭയ കൊലപാതകക്കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും കന്യാചർമ്മ നവീകരണ പുണ്യവാളത്തിയായ സി സെഫിക്കും എതിരെയുള്ള കേസ് നടത്തിപ്പിനായി ശതകോടികൾ ചിലവാക്കി.

സ്ത്രീ – ബാല പീഡങ്ങളിൽ ഉൾപ്പെട്ട ക്രിമിനലുകളായ കുപ്രസിദ്ധരായ ഫാ. റോബിൻ വടക്കുംചേരി

9 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തൃശ്ശൂർ അതിരൂപതയിലെ തൈക്കാട്ടുശ്ശേരി പരിശുദ്ധ പൗലോസ് ശ്ലീഹ പള്ളിയിലെ പ്രധാന വികാരിയായിരുന്ന ഫാ. രാജു കൊക്കൻ,

കന്യാസ്ത്രി പീഡനക്കേസിലെ പ്രതിയും, തൃശ്ശൂർ അതിരൂപതയുടെ പ്രിയ്യ വത്സലനും, തൃശ്ശൂർ ജില്ലയിലെ മറ്റം സ്വദേശിയും, ജലന്തർ ബിഷപ്പുമായ ഫ്രാങ്കോ മുളയ്ക്കൽ.

ധ്യാന കേന്ദ്രത്തിൻ്റെ മറവിൽ, പെൺകുട്ടികളെ ലൈംഗികാഗ്രഹ പൂർത്തിക്കുപയോഗിച്ച കേസിലെ, പ്രതിയായ, ഫരീദാബാദ് ഡിവൈൻ റിട്രീറ്റ് സെൻ്റർ ഡയറക്ടറായി പ്രവർത്തിച്ച ഫാ. ജോബ് കാച്ചപ്പിള്ളി, VC,

ബോയ്സ് ഹോമിലെ കുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി ഫാ. ജോർജ്ജു്

സ്കൂൾ വിദ്യാർഥിയായിരുന്ന പെൺകുട്ടിയെ ലൈംഗീക പീഢനം നടത്തിയ, പോത്തുകൽ കാതോലിക്കേറ്റ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പളായ വൈദീകൻ ഫാ. യോഹന്നാൻ തോമസ്.

സാമ്പത്തിക തട്ടിപ്പു കേസുകളിലും ഇവർ മുകിലന്മാരാണു്:

കുട്ടനാട്ടിലെ കർഷകരുടെ പണം തട്ടിയെടുത്ത കേസിൽ പ്രതിയായ കുട്ടനാട് വികസനസമിതി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ.

മേജർ ആർച്ചു് ബിഷപു് ജോർജ്ജ് ആലഞ്ചേരി പ്രധാന കഥാപാത്രമായി വന്ന എറണാകുളം – അങ്കമാലി അത്രൂപതയിലെ ഭൂമി കുംഭകോണക്കേസ്

പള്ളി പണിക്ക് കിട്ടിയ ഓസ്ട്രിയൻ ഡൊണേഷൻ അഞ്ചു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലെ കാഞ്ഞിരപ്പള്ളി ബിഷപ്പ് അറയ്ക്കൽ

സാമ്പത്തിക തട്ടിപ്പു് കേസിലെ പ്രതിയായ കൊല്ലം ബിഷപ് സ്റ്റാൻലി റോമൻ.

കൊരട്ടി പള്ളിയിലെ കോടിക്കണക്കിനു് രൂപയും കിലോക്കണക്കിനു് സ്വർണ്ണവുമായി മുങ്ങിയ ഫാ. മാത്യു മണവാളൻ

ഇതുപോലെയുള്ള സ്ത്രീ-ബാല പീഡകരും സാമ്പത്തിക തട്ടിപ്പുകാരുമായ നൂറുകണക്കിനു് പുരോഹിതർ ഇനിയും ധരാളമുണ്ടു്.

ഇവർക്കൊക്കെ വേണ്ടി ശതകോടികൾ ചിലവാക്കി കോടതികളിൽ കേസുകൾ നടത്താൻ ഒരു പുരോഹിതനും, കന്യാസ്ത്രിയും സ്വന്തം പോക്കറ്റിൽ നിന്നും പണം ചിലവാക്കിയതായി ആർക്കും അറിവില്ല. ആ സ്ഥിതിക്കു് ഇത്രയും വലിയ സംഖ്യ അവരിലേക്കു് അല്ലെങ്കിൽ സഭാ നേതൃത്വത്തിലേക്കു് എവിടെ നിന്നും വരുന്നു? .

വിശ്വാസികളിൽ നിന്നും, ദേശ-വിദേശ സന്നദ്ധ സംഘടനകളിൽ നിന്നും, ആത്മീയ പ്രവർത്തനങ്ങൾക്കും സാമൂഹ്യ സേവനങ്ങൾക്കുമായി വന്നു ചേരുന്ന പണം ഇത്തരം കേസുകൾക്കും, ആർഭാട ജീവിതത്തിനുമായി പുരോഹിത സമൂഹം എന്നു് വെച്ചാൽ സാധാ പുരോഹിതർ മുതൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന മേജർ ആർച്ച് ബിഷപ്പു് വരെയുള്ളവർ ചിലവഴിക്കുന്നു എന്നു് മനസ്സിലാക്കാൻ സാധാരണ ആഹാരം കഴിക്കുന്ന വിശ്വാസികൾക്കു് പ്രയാസമില്ല.

അളവില്ലാത്ത പണത്തിൻറെ ഒഴുകി വരവു്:

എത്ര വലിയ ക്രൂര കൃത്യങ്ങൾ ചെയ്താലും, പിടിക്കപ്പെട്ടാൽ ഈ പണം കൊണ്ടു് അതിൽ നിന്നെല്ലാം രക്ഷപ്പെടാൻ കഴിയും എന്ന ധാർഷ്ട്യമനോഭാവമാണു് ഇപ്പോൾ പുരോഹിത സമൂഹത്തിനുള്ളതു്.

കന്യാസ്ത്രി ബലാത്സംഗങ്ങളടക്കമുള്ള സ്ത്രീ ബാല പീഡനങ്ങളും, ശവക്കാല്ലറക്കച്ചവടങ്ങളും പള്ളി ധന മോഷണങ്ങളും, ഭൂമി കുംഭകോണങ്ങളും ഭൂമി തട്ടിപ്പുകളും, മറ്റു് പല വിധത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളും സ്ഥിരം തൊഴിലാക്കിയവരുടെ ഒരു നീണ്ട നിര തന്നെ; ക്രൈസ്തവ സഭകളിൽ വെച്ചു് ഏറ്റവും വലിയ സഭയായ കത്തോലിക്കാ സഭക്കു് സ്വന്തമായുണ്ടു്.

കുപ്രശസ്തരായ ഇവരിൽ കൂടുതൽ പേരും സമൂഹത്തിനു് അറിയാവുന്നവരാണു്. കർദ്ദിനാൾ മാർ ജോർജ്ജു് ആലഞ്ചേരി മുതൽ ഇക്കൂട്ടരിൽ ഉൾപ്പെടുന്നു എന്നുള്ളതു് വിശ്വാസി സമൂഹത്തിനു് തുടക്കത്തിൽ അവിശ്വസനീയമായി തോന്നിയെങ്കിലും ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായിക്കഴിഞ്ഞു.

ഇവരെക്കുറിച്ചുള്ള വാർത്തകൾ -അച്ചടി-ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറം ലോകം അറിഞ്ഞിട്ടുള്ളതാണു്. അതുകൊണ്ടു തന്നെ അവരുടെ ആരുടേയും പേരുകൾ ഇവിട പറയുന്നില്ല, പറയേണ്ട ആവശ്യവുമില്ല.

അടിസ്ഥാന ഘടകമായ ഇടവകകളിലെ വികാരിമാരായ പുരോഹിതർ പതിനഞ്ചും ഇരുപതും ദിവസങ്ങൾ തുടർച്ചയായി ട്രാവൽ ബിസിനസ്സുമായി സ്വദേശത്തും വിദേശത്തും കറങ്ങി നടക്കുമ്പോൾ, വിശ്വാസികൾക്കു് ആചാരപരവും, ആത്മീയപരവും, കൂദാശാപരവുമായ പല കാര്യങ്ങൾക്കും തടസ്സം നേരിടുന്ന അവസ്ഥയാണു് ഇപ്പോൾ ഉള്ളതു്.

ഇവർ കാണിച്ചുകൂട്ടുന്ന ഇത്തരം തെറ്റുകളെ, കുറ്റകരമായ അനാസ്തകളെക്കുറിച്ചു് ആരെങ്കിലും ചോദിച്ചാൽ ആ വ്യക്തിയെ ‘സഭാവിരോധി’ ആയി മുദ്രയടിച്ചു് ഒറ്റപ്പെടുത്തുന്ന പ്രവണതയാണിപ്പോൾ ഉള്ളതു്.

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളും, മറ്റു് രാജകീയ അധികാര മനോഭാവങ്ങളും, കുറയ്ക്കാൻ ഒരു പരിധിവരെ ചർച്ചു് ആക്ടു്, നിയമം ആകുന്നതുവഴി സാദ്ധ്യമാകും. മാത്രമല്ല, ആചാരപരവും, ആത്മീയപരവും, കൂദാശാപരവുമായ പല കാര്യങ്ങൾക്കും തടസ്സം നേരിടുന്ന ഇപ്പോഴത്തെ അവസ്ഥക്കും മാറ്റം വരും.

ഓരോ വിശ്വാസിക്കും തങ്ങളുടെ വിശ്വാസപരമായ കാര്യങ്ങൾക്കു് തടസ്സം നേരിട്ടാൽ അതു് നിയമപരമായി ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും ചർച്ചു് ആക്ടു് നിയമമാകുന്നതിലൂടെ ലഭ്യമാകും.

മാനന്തവാടി രൂപതയിലെ ഫാ. നോബിളിനെപ്പോലെ ഒളിക്യാമറകളും മറ്റു് സോഷ്യൽ മീഡിയാകളും ഉപയോഗിച്ചു് കത്തോലിക്കാ സഭയെ നാശോന്മുഖമാക്കാനും മലീമസമാക്കാനും, കുറ്റം ചെയ്തവർക്കു് സംരക്ഷണ കവചമൊരുക്കാനും ഇറങ്ങിത്തിരിക്കുന്നവർക്കു് ഒരു പരിധി വരെ കടിഞ്ഞാണിടാനും ചർച്ചു് ആക്റ്റു് നിയമമാകുന്നതിലൂടെ കഴിയും.

ഒഴുകിയെത്തുന്ന സമ്പത്തിൻ്റെ തെറ്റായ ക്രയവിക്രയ-വിനിമയങ്ങൾക്കു് കടിഞ്ഞാൺ ഉണ്ടാകുമ്പോൾ ഇത്തരം കുത്സിത പ്രവർത്തങ്ങൾക്കു് കുറവു് വരുത്താനും ചർച്ചു് ആക്റ്റു് നിയമമാകുന്നതിലൂടെ സാദ്ധ്യമാകും. ജീവനറ്റ ശരീരങ്ങൾക്കു് ആറടി മണ്ണ് ലഭിക്കണമെങ്കിൽ ആറു് ലക്ഷം കിട്ടണമെന്നു് വില പറയുന്ന പുരോഹിത സമൂഹവും അവർക്കു് ഹല്ലേലൂയ്യ പാടുന്നവരും നിശ്ശബ്ദരാകും.

സഭയുടെ കീഴിലുള്ള എന്നു് വെച്ചാൽ ഇടവക പള്ളികളുടെയും അതിരൂപതയുടെയും കീഴിലുള്ള എയ്ഡഡ്-അൺ എയ്ഡഡു് വിദ്യാഭ്യാസ സാപനങ്ങളിലും മറ്റു് ഈതര സ്ഥാപനങ്ങളിലും നടക്കുന്ന ജോലി നിയമനങ്ങൾക്കും സുതാര്യത ഉണ്ടാകാൻ ഈ ചർച്ചു് ആക്ടു് ബിൽ നിയമമാകുന്നതിലൂടെ സാദ്ധ്യമാകും.

ഇടവകപ്പള്ളികളുടെയും സഭാ രൂപതകളുടെയും സ്ഥാവര-ജംഗമ സ്വത്തുക്കളുടെ ഉടമസ്ഥർ മത നേതൃത്വത്തിലിരിക്കുന്നവരല്ല, വിശ്വാസികളാണെന്ന ശരിയായ ബോധ്യം ഉണ്ടാകാൻ ചർച്ചു് ആക്ടു് ബില്ല് നിയമമാകുന്നതിലൂടെ സാധ്യമാകും.

പുരോഹിതരുടേതു പോലുള്ള ആർഭാട ജീവിതരീതിയും ലാഭേച്ഛയുമില്ലാത്ത വിശ്വാസി സമൂഹത്തിനു് ഈ നിയമം നടപ്പിലാകുന്നതോടെ സ്വതന്ത്രമായി തങ്ങളുടെ വിശ്വാസത്തിലധിഷ്ഠിതമായ ആചാരാനുഷ്ടാനങ്ങൾ നടത്തുവാൻ സ്വാതന്ത്ര്യം ലഭിക്കുന്നു.

ഇടവകകളിലും കേന്ദ്ര റവന്യൂ ജില്ലാതലങ്ങളിലും സംസ്ഥാന തലങ്ങളിലും ക്രൈസ്തവ സർവ്വകലാശാലകളിലും സെമിനാരികളിലും മതബോധന കേന്ദ്രങ്ങളിലും മറ്റു സേവന കേന്ദ്രങ്ങളിലും സേവനം ചെയ്യുന്ന ആത്മീയ ശുശ്രൂഷകർക്കു് കാലാനുസൃതമായ സാമ്പത്തിക പ്രതിഫലം നൽകേണ്ടതാണു്. ഇതിൽ മാസബത്തകൾ, യാത്രാബത്തകൾ, ക്ഷാമബത്തകൾ എന്നിവ ഉൾപ്പെടേണ്ടതാണു് എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇത്രയും വ്യക്തമായി കാര്യങ്ങൾ പറയുന്ന ഈ ചർച്ചു് ആക്റ്റു് ബില്ലിനെ ഇപ്പോഴത്തെ സഭാ നേതൃത്വങ്ങൾ എതിർക്കുന്നുണ്ടെങ്കിൽ അതു് അവരുടെ സങ്കുചിത മനസ്ഥിതിയും, സ്ഥാപിത താത്പര്യങ്ങൾ നടപ്പിലാക്കാൻ കഴിയില്ല എന്ന ഒറ്റ കാരണംകൊണ്ടു് കൂടി മാത്രമാണെന്നു് വിശ്വാസികളായ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയും.

അതുകൊണ്ടു് തന്നെ ഈ ചർച്ചു് ആക്റ്റു് ബില്ലിൽ എന്താണു്, എന്തൊക്കെയാണു് പറഞ്ഞിരിക്കുന്നതെന്നു് വിശ്വാസികളോടു് വ്യക്തമായി പറയാതെ; ‘സഭാ സ്വത്തുക്കൾ മുഴുവൻ സർക്കാർ പിടിച്ചെടുക്കും’ എന്ന തെറ്റായ പ്രചരണമാണു് ഇപ്പോൾ പള്ളികളിലൂടെയും രൂപതാ തലങ്ങളിലും നടന്നുകൊണ്ടിരിക്കുന്നതു്.

അതിനാൽ തന്നെ വിശ്വാസി സമൂഹം ഈ ബില്ലിനെക്കുറിച്ചു് വായിച്ചും സംവദിച്ചും വ്യക്തമായ ധാരണയിൽ എത്തേണ്ടതു് അത്യാവശ്യമാണു്.

ഇത്രയും കാലം, തന്നിഷ്ടം അനുസരിച്ചു്, സർവ്വ സ്വാതന്ത്ര്യത്തിലും, രാജകീയ രീതിയിലും ജീവിക്കുന്നവരായ , അല്ലെങ്കിൽ ജീവിച്ചു് ശീലിച്ചവരായ പുരോഹിത സമൂഹത്തിനു് CHURCH PROPERTIES AND INSTITUTIONS TRUST BILL-2009 നിയമമാകുന്നതിനോടു് യോജിക്കാൻ കഴിയില്ല. പക്ഷെ വിശ്വാസികളെ സംബന്ധിച്ചാണെങ്കിൽ ഇതു് നടപ്പിലാകേണ്ടതു് അത്യന്താപേക്ഷിതവുമാണു്.