മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. കോഴിക്കോട് പന്തീരാങ്കാവില്‍ ലഘുലേഖ വിതരണം ചെയ്തുവെന്ന് ആരോപിച്ച് താഹ ഫസല്‍, അലന് ശുഹൈബ് എന്നീ യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങള്‍ക്കെതിരെ പോലീസ് കള്ളക്കേസ് എടുത്തിരിക്കുകയാണെന്ന് ഇരുവരും ആരോപിച്ചു.
തങ്ങളുടെ കൈയില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകളൊന്നും പോലീസ് പിടിച്ചെടുത്തിട്ടില്ലെന്ന് കോടതിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോടായി താഹ പറഞ്ഞു. സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന തന്നെ പോലീസ് പിടിച്ചുകൊണ്ടു പോകുകയായിരുന്നെന്നും സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചുവെന്നും താഹ ആരോപിച്ചു. ഭരണകൂട ഭീകരതയാണ് തങ്ങളോട് കാണിക്കുന്നതെന്ന് അലന് ആരോപിച്ചു. മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം നിര്‍ബന്ധിച്ച് വിളിപ്പിച്ച ശേഷം പോലീസ് വീഡിയോ പകര്‍ത്തിയെന്നും യുവാക്കള്‍ ആരോപിച്ചു.
അതേസമയം യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് പിന്വിക്കില്ലെന്ന് ഐ.ജി അശോക് യാദവ് വ്യക്തമാക്കി. യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ ഭരണപക്ഷത്ത് നിന്ന് തന്നെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും പിന്‍വലിക്കില്ലെന്നാണ് പോലീസ് നിലപാട്. യു.എ.പി.എ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും നടപടി പിന്‍വലിക്കില്ലെന്ന് ഐ.ജി വ്യക്തമാക്കി.
യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സി.പി.ഐ അടക്കം ഭരണപക്ഷത്ത് നിന്ന് തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ഇടത് സര്‍ക്കാരിന്റെ നയമല്ല പോലീസ് നടപ്പിലാക്കുന്നതെന്നും കാനം രാജേന്ദ്രന് വിമര്‍ശിച്ചിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന് മാസ്റ്റര്‍ സിപിഎം സിപിഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി എന്നിവരെല്ലാം പരസ്യമായി രംഗത്ത് വന്നു കഴിഞ്ഞു.

വിദ്യാര്‍ഥികള്‍ക്കെതിരായ യു എ പി എ കേസ് പിന്‍വലിക്കില്ലെന്ന് ഉന്നത പോലീസ് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കേസ് പിന്‍വലിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം ഊര്‍ജിതമാണ്. യു എ പി എ സമിതി പരിശോധിച്ച ശേഷമാകും പ്രോസിക്യൂഷന് അനുമതി നല്‍കുക. വിദ്യാര്‍ഥികള്‍ക്കെതിരായ പന്തീരങ്കാവ് പോലീസിന്റെ കുറ്റപത്രത്തില്‍ നിന്ന് യു എ പി എ നീക്കം ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ട്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് എടുത്ത ആറ് യു എ പി എ കേസുകളില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ യു എ പി എ ഒഴിവാക്കിയിരുന്നു. പ്രോസിക്യൂഷന് അനുമതി നല്‍കാതെയായിരുന്നു ഇത് ഒഴിവാക്കിയത്. ഇത്തരത്തിലുള്ള നീക്കത്തിനാണ് ഇപ്പോഴും കൂടുതല്‍ സാധ്യത.
വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് കുറ്റപത്രത്തില്‍ സി പി എം നേതാക്കള്‍ക്ക് പുറമെ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ഡി ജി പിയെ അറിയിച്ചു കഴിഞ്ഞു. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ പോലീസ് തിരുത്തല്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
