Sat. Nov 21st, 2026

പത്രപ്രവര്‍ത്തക യൂണിയന്റെ കോട്ടയം ജില്ലാ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ കെ.യു.ഡബ്ലു.ജെ. സംസ്ഥാന നേതാവും കൈരളി ടിവി റിപ്പോര്‍ട്ടറുമായ മാധ്യമപ്രവര്‍ത്തകന്‍ അശ്ലീല വീഡിയോ പോസ്റ്റുചെയ്തതിനെച്ചൊല്ലി വിവാദം. പോസ്റ്റിനെതിരെ ചില വനിതാമാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നതോടെ പോസ്റ്റ് പിന്‍വലിക്കാന്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് ആവശ്യപ്പെട്ടെങ്കിലും നേതാവ് തയ്യാറായില്ല. ഇതോടെ കൂടുതല്‍ വനിതകള്‍ പ്രതികരണവുമായി രംഗത്ത് വന്നതോടെ ഗ്രൂപ്പില്‍ ചര്‍ച്ച നടത്തേണ്ടെന്ന നിലപാടു പ്രസ്‌ക്ലബ് സെക്രട്ടറി സ്വീകരിക്കുകയായിരുന്നു.

കെ.യു.ഡബ്ലു.ജെ. കോട്ടയം എന്ന ജില്ലാ ഘടകത്തിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമാത്രം സന്ദേശം അയക്കാവുന്ന വിധത്തിലേക്ക് മാറ്റി സെക്രട്ടറി തടിയൂരി. അശ്ലീല വീഡിയോ ഇട്ടയാള്‍ക്കെതിരെ ഒരു പരാമര്‍ശവും നടത്താതെ അംഗങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

വെളളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ തര്‍ക്കങ്ങളുടെ തുടക്കം. ദിവസേന പലവിഷയത്തിലും ചൂടേറിയ ചര്‍ച്ച നടക്കുന്ന ഗ്രൂപ്പിലേക്ക് കൈരളി ടി.വി യുടെ കോട്ടയം ബ്യൂറോ ചീഫും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതിയിലെ പ്രധാനചുമതലക്കാരനുമായ മാധ്യമപ്രവര്‍ത്തകന്‍ അശ്ലീല വീഡീയോ പോസ്റ്റുചെയ്തത്. ചര്‍ച്ച നടത്തിക്കൊണ്ടിരുന്ന വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോ കണ്ടു ഞെട്ടിയ വനിതാമാധ്യമ പ്രവര്‍ത്തകരടക്കമുള്ളവര്‍ പ്രതികരണവുമായി രംഗത്തെത്തി.

തായ്‌ലന്റില്‍ സെക്‌സ് ടൂറിസത്തിനെ പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി അര്‍ധനഗ്നയായ യുവതിയെ ആന മസാജ് ചെയ്യുന്ന വീഡിയോ ആണ് ഇയാള്‍ പോസ്റ്റു ചെയ്തിരുന്നത്. അന്തസ്സുള്ള ഇത്തരം ഒരു ഗ്രൂപ്പിന് ഇത്തരമൊരു വീഡിയോ അഭികാമ്യമല്ലെന്നും , പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട ദേശാഭിമാനിയിലെ മുതിര്‍ന്ന വനിതാ അംഗത്തോട് ഇയാള്‍ ന്യായീകരണവുമായി രംഗത്തെത്തി. വീഡിയോ അശ്ലീലമാണെന്നു തോന്നുന്നില്ലെന്നും കൈരളി ടിവിയിലെ ഡല്‍ഹി ബ്യൂറോ ചീഫായിരുന്ന തനിക്ക് ഇതിനെക്കുറിച്ചു നല്ല ധാരണയുണ്ടെന്നും മറുപടി നല്‍കി.

ഇതിനിടെ ഗ്രൂപ്പ് അഡ്മിനും പ്രസ് ക്ലബ് പ്രസിഡന്റുമായ മനോരമ പ്രതിനിധി ഇത്തരം വീഡിയോ ഇടുന്നത് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു. മനോരമയിലെ മറ്റൊരു വനിതാഅംഗവും രൂക്ഷമായ പ്രതികരണത്തോടെ രംഗത്തുവന്നെങ്കിലും ചില ബാഹ്യസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോസ്റ്റു ഡിലീറ്റ് ചെയ്തു. തുടര്‍ന്നു കൂടുതല്‍ പ്രതികരണങ്ങള്‍ ഒഴിവാക്കാനായി ഗ്രൂപ്പിലെ മറ്റൊരു അഡ്മിന്‍കൂടിയായ പ്രസ്‌ക്ലബ് സെക്രട്ടറി മറ്റാര്‍ക്കും സന്ദേശങ്ങള്‍ അയക്കാനാവത്ത വിധം ഗ്രൂപ്പു സെറ്റിങ്‌സ് മാറ്റുകയായിരുന്നു. ഇതോടെ പ്രതികരണത്തിന്റെ പേരില്‍ വാചാലരാകാറുള്ള പല മാധ്യമപ്രവര്‍ത്തകര്‍ക്കും മിണ്ടാട്ടം മുട്ടി.

അതിനിടെ ഇത്തരം നടപടികള്‍ തുടരുന്ന ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കണമെന്ന അപേക്ഷയുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രസ്‌ക്ലബ് ഭാരവാഹികളെ സമീപിക്കാനൊരുങ്ങുകയാണ്. സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ഇത്തരം സ്ത്രീവിരുദ്ധ പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പൊതുഇടമായ വാട്ട്‌സ്ആപ്പില്‍ സ്ത്രീകളെ അപമാനിച്ച നടപടി ശരിയായില്ലെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക പറഞ്ഞു. നിലവിലെ സൈബര്‍ നിയമമനുസരിച്ച് ഗ്രൂപ്പ് അഡ്മിന്‍മാര്‍ സ്ത്രീത്വത്തെ അപമാനിച്ച ഈ വിഷയം പോലീസില്‍ അറിയിക്കേണ്ടി വരും.