കണ്ണൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിലെ പരാജയത്തില്‍ വി കുഞ്ഞികൃഷ്ണനെതിരെ അതിരൂക്ഷ വിമര്‍ശുമായി പ്രതിപക്ഷവ നേതാവ് പിണറായി വിജയന്‍. പാര്‍ട്ടിയെ തകര്‍ക്കുക എന്ന ഒറ്റ വികാരത്തോടെയാണ് വി കുഞ്ഞികൃഷ്ണന്‍ പെരുമാറിയതെന്നും ശത്രുക്കളുടെ കൈയിലെ കോടാലിയായി അദ്ദേഹം മാറിയെന്നും പിണറായി വിജയന്‍ ആരോപിച്ചു. പയ്യന്നൂരിലെ മണ്ഡലത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചെങ്കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത പരാജയം പാര്‍ട്ടിക്കുള്ളിലെ ചിലരുടെ ചതിയുടെ ഫലമാണ്. തെറ്റ് വെച്ചുപൊറുപ്പിക്കുന്ന പ്രസ്ഥാനമല്ല സിപിഎം. ഏത് രാഷ്ട്രീയ കുത്തൊഴുക്കിലും പ്രതികൂല പ്രചാരണങ്ങള്‍ക്കിടയിലും എല്‍ഡിഎഫിന് ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞ പാരമ്പര്യമാണ് പയ്യന്നൂരിന്റേതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ 1987-ല്‍ പോലും 50 ശതമാനം വോട്ട് എല്‍ഡിഎഫിന് പയ്യന്നൂര്‍ ഉറപ്പിച്ചു നല്‍കിയിരുന്നു. എന്നാല്‍, അങ്ങനെയുള്ള ഉറച്ച മണ്ണില്‍ ഇത്തവണ എങ്ങനെ തോല്‍വിയുണ്ടായി എന്ന ചോദ്യം ന്യായമായും ഉയരും. പയ്യന്നൂരിലെ വോട്ടര്‍മാര്‍ ഏറെയും സിപിഎമ്മിനെ നെഞ്ചേറ്റുന്നവരാണ്. എന്നാല്‍, പാര്‍ട്ടിക്കകത്തു നിന്ന് ചിലര്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ആസൂത്രിതമായി ശ്രമിച്ചു. നേതൃതലത്തില്‍ ഇരുന്നുകൊണ്ട് തന്നെ പാര്‍ട്ടിക്ക് വിരുദ്ധമായ മറ്റ് അവിഹിത ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇവര്‍ നോക്കി. ഒരു കമ്മ്യൂണിസ്റ്റ് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവര്‍ ചെയ്തതെന്നും പിണറായി പറഞ്ഞു
പയ്യന്നൂരില്‍ പാര്‍ട്ടിവിരുദ്ധ വികാരം സൃഷ്ടിക്കാന്‍ പ്രാദേശിക നേതൃത്വത്തില്‍ നിന്നുതന്നെ ചിലര്‍ ബോധപൂര്‍വ്വമായ നീക്കങ്ങള്‍ നടത്തി. എന്നാല്‍ തെറ്റിദ്ധാരണകള്‍ മൂലം പാര്‍ട്ടിക്കെതിരെ നിലപാടെടുത്ത സാധാരണ സഖാക്കളും പ്രവര്‍ത്തകരും തങ്ങളുടെ നിലപാട് പുനര്‍വിചിന്തനം ചെയ്യേണ്ട സമയമാണിത്.
കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചാലും പൊതുവായ ഭരണരീതികളില്‍ മാറ്റമുണ്ടാകില്ലെന്നാണ് ജനം കരുതിയിരുന്നത്. എന്നാല്‍ അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണമായും ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു.കോണ്‍ഗ്രസിന്റെ ഇത്തരം ആര്‍.എസ്.എസ് അനുകൂല നയങ്ങള്‍ അവരുടെ ആസ്ഥാന മന്ദിരത്തില്‍ പോലും പ്രകടമായിക്കഴിഞ്ഞു. വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്ലിം പ്രതിനിധികള്‍ വേണമെന്നത് ആര്‍ എസ് എസിന്റെ പ്രഖ്യാപിത അജണ്ടയായിരുന്നു.അമുസ്ലിംകളെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ആര്‍ എസ് എസിനെ പ്രീതിപ്പെടുത്താന്‍ യു ഡി എഫ് ഏത് അറ്റവും വരെ പോകുമെന്നതിന്റെ തെളിവാണിതെന്നും പിണറായി കുറ്റപ്പെടുത്തി.


