ഇസ്ലാംബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്റെ ജയിൽവാസത്തിലും ആരോഗ്യസ്ഥിതിയിലും ആശങ്ക പ്രകടിപ്പിച്ച് മുൻ പാകിസ്താൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. ഇമ്രാനെതിരെ ഇപ്പോൾ നടക്കുന്നത് അനാവശ്യമായ കാര്യങ്ങളാണെന്നും അദ്ദേഹത്തിന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും മിയാൻദാദ് പറഞ്ഞു. പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ച് ഇമ്രാനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇമ്രാനെ സഹായിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇമ്രാന്റെ ജയിൽജീവിതത്തെക്കുറിച്ച് താൻ നിരന്തരം ചിന്തിക്കാറുണ്ടെന്നും മിയാൻദാദ് പറഞ്ഞു. ഇരുവരും കളിച്ചിരുന്ന കാലത്ത് വളരെ അടുത്ത ബന്ധമായിരുന്നെന്നും പാകിസ്താൻ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഒരുമിച്ച് പ്രവർത്തിച്ചിരുന്നെന്നും അദ്ദേഹം ഓർത്തെടുത്തു. 1975 മുതൽ 1996 വരെ പാകിസ്താനുവേണ്ടി 124 ടെസ്റ്റുകളും 233 ഏകദിനങ്ങളും കളിച്ച മിയാൻദാദ് 16,213 അന്താരാഷ്ട്ര റൺസും 31 സെഞ്ചുറികളും നേടിയിട്ടുണ്ട്. 1992 ലോകകപ്പ് നേടിയ പാകിസ്താൻ ടീമിൽ ഇമ്രാനൊപ്പം മിയാൻദാദും നിർണായക പങ്കുവഹിച്ചു; ഒൻപത് ഇന്നിങ്സുകളിൽ 437 റൺസാണ് അദ്ദേഹം നേടിയത്.

ഇമ്രാനും താനും തമ്മിൽ മത്സരവൈരമോ തർക്കമോ ഉണ്ടായിരുന്നെന്ന വാദവും മിയാൻദാദ് തള്ളി. ഇരുവരും കൗണ്ടി ക്രിക്കറ്റിലും ഒരുമിച്ച് കളിച്ചിരുന്നെന്നും വർഷത്തിൽ പകുതിയിലേറെ സമയം പാകിസ്താൻ ടീമിനൊപ്പമോ കൗണ്ടി ക്രിക്കറ്റിലോ ഒരുമിച്ച് ചെലവഴിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇമ്രാന്റെ ആരോഗ്യനിലയെക്കുറിച്ച് പാകിസ്താനിൽ അടുത്തിടെ വലിയ ആശങ്ക ഉയർന്നിരുന്നു. ശരിയായ ചികിത്സ ഉറപ്പാക്കണമെന്ന് ഇമ്രാന്റെ മക്കളും സഹോദരിമാരും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ആഴ്ച ഇമ്രാനെ ഇസ്ലാമാബാദിലെ ഷിഫ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും അദ്ദേഹത്തെ സർക്കാർ നിയന്ത്രണത്തിലുള്ള പി.ഐ.എം.എസ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷം വീണ്ടും ജയിലിലേക്ക് മാറ്റുകയായിരുന്നു. കോടതി ഉത്തരവ് പാലിച്ചില്ലെന്നും സ്വന്തം ഡോക്ടറെ കാണാൻ അനുവദിക്കണമെന്നും ഇമ്രാന്റെ കുടുംബം ആവശ്യപ്പെട്ടു. ഇതിനിടെ 22 മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റൻമാർ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കത്തയച്ച് ഇമ്രാന് ആവശ്യമായ ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടു. ഫെബ്രുവരിയിൽ 14 മുൻ ക്യാപ്റ്റൻമാർ സമാനമായ ആവശ്യം ഉന്നയിച്ച് കത്തയച്ചിരുന്നെങ്കിലും പാകിസ്താൻ സർക്കാരിൽ നിന്ന് മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്.


