ചണ്ഡീഗഡ്: ഹരിയാനയിലെ കുരുക്ഷേത്രയിൽ നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ഭീകരതയൊഴിയുന്നില്ല. ഉത്തർപ്രദേശ് സീതാപുർ സ്വദേശിയായ രാജേഷിനെയാണ് (40) ഭാര്യ വിമലാ ദേവി അതിക്രൂരമായി കൊലപ്പെടുത്തിയത്. വാടകവീടിന്റെ ടെറസിൽ വെച്ച് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായത്. ശബ്ദം കേട്ട് ടെറസിലേക്ക് കയറിച്ചെന്ന വീട്ടുടമ റിങ്കു കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന രാജേഷിനെയാണ്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് രാജേഷിന്റെ വയർ കീറി, മുറിവിലൂടെ പുറത്തുവന്ന കുടൽമാല പ്രതിയായ വിമലാ ദേവി ഒരു പ്ലാസ്റ്റിക് കവറിലേക്ക് ശേഖരിക്കുന്ന നടുക്കുന്ന കാഴ്ചയാണ് വീട്ടുടമ കണ്ടത്. തന്നെ കണ്ടതോടെ പരിഭ്രാന്തയായ യുവതി പെട്ടെന്ന് വീടിന്റെ ടെറസിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ നിലവിൽ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സംഭവത്തിന്റെ ഭീകരത ഇരട്ടിച്ചിരിക്കുകയാണ്. രാജേഷിന്റെ വയർ ഭാഗത്ത് 35 സെന്റിമീറ്ററോളം ആഴത്തിലും നീളത്തിലും മുറിവേൽപ്പിച്ചതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇതിനുപുറമേ യുവാവിന്റെ കരളും ഒരു വൃക്കയും ശരീരത്തിൽ കാണാനില്ലെന്ന കണ്ടെത്തൽ അന്വേഷണ ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് മൂന്ന് വിവിധ വലിപ്പത്തിലുള്ള കത്തികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതിയായ വിമലാ ദേവി മുൻപും പലതവണ മന്ത്രവാദവും ബാധയൊഴിപ്പിക്കലുകളും പരമ്പരാഗത ചികിത്സകളും നടത്തിയിരുന്നതായി നാട്ടുകാരും വീട്ടുടമയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വർഷങ്ങളായി വിവാഹിതരായ ഇവർക്ക് മക്കളില്ലായിരുന്നു. മന്ത്രവാദത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഭാഗമായാണോ യുവതി ഭർത്താവിന്റെ ആന്തരികാവയവങ്ങൾ പുറത്തെടുത്തത് എന്ന കോണിലാണ് ഇപ്പോൾ പ്രധാനമായും പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ഉടൻതന്നെ വിശദമായ ചോദ്യംചെയ്യലും അറസ്റ്റ് രേഖപ്പെടുത്തലും ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.


