Wed. Aug 26th, 2026

കോഴിക്കോട്: ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ പി വി അന്‍വര്‍. ചേര്‍ത്തുപിടിക്കേണ്ടവരാല്‍ ചതിക്കപ്പെട്ടുവെന്നും ഇതാണ് തന്റെ നിശബ്ദമായ പിന്‍മാറ്റത്തിന് കാരണമെന്നും പി വി അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ബേപ്പൂരില്‍ പി വി അന്‍വറിനെ വിജയിപ്പിച്ചാല്‍ ബേപ്പൂരിനെ സമ്മാനമുണ്ടെന്ന് പറഞ്ഞതിലൂടെ , മന്ത്രിസ്ഥാനം സ്വപ്‌നം കണ്ടിരുന്നവരുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നോ എന്ന് പുന:പരിശോധിക്കേണ്ടതുണ്ടെന്നും കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തെ ഉന്നമിട്ട് അന്‍വര്‍ കുറിച്ചു. ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ എം എല്‍ എ ബേപ്പൂരില തോല്‍വിയേക്കുറിച്ച് പറഞ്ഞ പ്രസംഗം പങ്കുവെച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ചതിച്ചതാര് ?
ചന്തു തന്നെ.
മഷിയിട്ടു നോക്കേണ്ട കാര്യമില്ല.
ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വിളിച്ചു പറഞ്ഞത് കേട്ടു.
ബേപ്പൂരിലെ ജനങ്ങളും സഖാക്കളും എന്നെ വിജയിപ്പിച്ചപ്പോള്‍ , പരാജയപ്പെടുത്തിയത് ചേര്‍ത്തുനിര്‍ത്താന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ.
നിലവിലെ പ്രതിപക്ഷ നേതാവിനും,കുടുംബാംഗങ്ങള്‍ക്കും എതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവരുന്ന വാര്‍ത്തകള്‍ എല്ലാവരും കാണുന്നുണ്ടല്ലോ!
അതില്‍ ഒരാള്‍ എനിക്കെതിരെ മത്സരിച്ച നിങ്ങള്‍ വിജയിപ്പിച്ചു എന്ന് വീരവാദം മുഴക്കുന്ന സ്ഥാനാര്‍ത്ഥി തന്നെ!
ഒന്നരവര്‍ഷമായി ഞാന്‍ നടത്തിയ പോരാട്ടത്തിന്റെ അര്‍ത്ഥവും സത്യവും വെളിവാകുന്ന രീതിയില്‍ സത്യങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്.
ക്രിയാത്മക പ്രതിപക്ഷം എന്ന നിലയില്‍ പിണറായിസത്തിനും,മരുമോനിസത്തിനും,കുടുംബാധിപത്യത്തിനും എതിരായി ഞാന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാന്‍ യുഡിഎഫിനെ പ്രാപ്തമാക്കിയത്.
ആ102 -ല്‍ എനിക്ക് ഗുരുതുല്യമായവരും,അഭിവന്ദ്യരും സമാദരണീയരുമായ വ്യക്തിത്വങ്ങളുണ്ട്.അവരോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ,
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡിലേക്ക് മത്സരിച്ചാല്‍ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാന്‍ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് ഇന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്ന പിണറായിസത്തിന്റെ മുഖംമൂടി വലിച്ചുകീറി എന്റെ ആരോഗ്യവും ജീവനും സമ്പത്തും വകവക്കാതെയും, പരിഗണിക്കാതെയും,സ്ഥാനമാനങ്ങള്‍ ത്യജിച്ചും ‘രാഷ്ട്രീയ ഭാവിക്കുവേണ്ടി’ ഒട്ടും ‘അഡ്ജസ്റ്റ്’ ചെയ്യാതെയും പൊതുസമൂഹത്തിന്റെ മുന്നില്‍ ഞാന്‍ തുറന്നു കാണിച്ചത് കൊണ്ടാണ് എന്ന് മറക്കരുത്.
മലര്‍ന്നു കിടന്നു തുപ്പുന്നവര്‍ ഈ മുന്നണിയുമായി സഹകരിക്കാന്‍ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നല്‍കുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് പ്രചരണത്തിന് എത്തിയ നിലവിലെ മുഖ്യമന്ത്രി ഒരു യോഗത്തില്‍ വച്ച് ‘ബേപ്പൂരില്‍ പി വി അന്‍വറിനെ വിജയിപ്പിച്ചാല്‍ ബേപ്പൂരിന് ഒരു സമ്മാനമുണ്ട് ‘ എന്ന് പറഞ്ഞതിലൂടെ മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ!? എന്നതും പുനഃ പരിശോധിക്കേണ്ടതുണ്ട്.
ഇത് കണ്ടപ്പോള്‍ ‘ബ്രൂട്ടസേ നീയും!’
എന്നെനിക്ക് തോന്നിയില്ല.
കാരണം, എനിക്കിത് അന്നേ മനസ്സിലായതാണ്.
പാളയത്തിലെ ചതിയും, പിന്നില്‍ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യം തന്നെയാണ്.എന്റെ നിശബ്ദമായ പിന്‍വാങ്ങലിന് കാരണവും അതാണ്.
ചേര്‍ത്തുപിടിക്കേണ്ടവരാല്‍ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാന്‍ എനിക്ക് ജാള്യതയുണ്ട്.
അതെന്റെ ചരിത്രപരമായ പാരമ്പര്യത്തില്‍ നിന്നും ഉണ്ടായിത്തീരുന്നതാണ്.
‘ഞങ്ങള്‍ ചതിച്ചതു തന്നെ’ എന്ന് വിളിച്ചു പറയാന്‍ ഉളുപ്പില്ലാത്തവര്‍ ഉണ്ടെങ്കില്‍ ഇനിയും പറയട്ടെ.
പക്ഷേ,
രാവും പകലും ഇല്ലാതെ എന്റെ കൂടെ പ്രവര്‍ത്തിച്ച സാധാരണക്കാരായ പ്രവര്‍ത്തകരോടും, അവരുടെ കുടുംബങ്ങളോടും, കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടും,പിണറായിസത്തിനെതിരെ കൈകോര്‍ത്തു തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പോരാടിയ സഖാക്കള്‍ അടക്കമുള്ള ആബാലവൃദ്ധം ജനങ്ങളോടുമുള്ള നന്ദിയും കടപ്പാടും എന്നും എന്റെ മനസ്സില്‍ സുദൃഢമായിരിക്കും.
നിങ്ങളുടെ സ്വന്തം
പി.വി അന്‍വര്‍



 

Leave a Reply