Thu. Jul 30th, 2026

പത്തനംതിട്ട: ഡൽഹിയിൽ നടന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് ഒരു വൈദികനും അദ്ദേഹത്തിന്റെ സന്യാസസഭയ്ക്കുമെതിരെ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. ഒരു ഓൺലൈൻ ചാനലിനോട് സംസാരിക്കുമ്പോഴായിരുന്നു പരാമർശങ്ങൾ.

​”ഇന്ത്യയെ നശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന അന്താരാഷ്ട്ര ശക്തികളുണ്ട്. അവർക്കൊപ്പം ചേർന്ന് ഒരു മലയാളി വൈദികനും പ്രവർത്തിക്കുകയാണ്. അവരുടെ ലക്ഷ്യം ഇന്ത്യയെ ക്രൈസ്തവ രാഷ്ട്രമാക്കുകയാണ്. അന്താരാഷ്ട്ര ക്രിസ്തുവത്കരണത്തിനുവേണ്ടി ഏതുമാർഗ്ഗവും ഉപയോഗിക്കാമെന്ന് വിശ്വസിക്കുന്ന സംഘടനയാണ് ഈശോസഭ എന്ന് വിളിക്കുന്ന സൊസൈറ്റി ഓഫ് ജീസസ്. നക്സലൈറ്റുകൾക്കും ഫണ്ടിങ് നടത്തുന്ന ഏജൻസികളുമായി ഇവർക്കു ബന്ധമുണ്ട്. അവരുമായി നേരിട്ടു ബന്ധമുള്ളയാളായിരുന്നു സ്റ്റാൻ സ്വാമി. ഇന്ത്യ ശക്തമായി നിലനിൽക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇവാഞ്ചലിക്കൽ ഗ്രൂപ്പുകൾ മുഴുവൻ. അവരെല്ലാവരും ഒരുമിച്ചുചേർന്ന് എതിർക്കുന്നതിന്റെ ഫലമായിട്ടാണ് ജന്തർമന്തറിൽ നമ്മൾ കണ്ട നാടകം”- എന്നായിരുന്നു ഡോ. രാധാകൃഷ്ണൻറെ പ്രസ്താവന.

​സൊസൈറ്റി ഓഫ് ജീസസ് ദക്ഷിണേഷ്യൻ റീജണൽ അസിസ്റ്റന്റാണ് അദ്ദേഹം പരാമർശിക്കുന്ന മലയാളി വൈദികൻ ഫാ. എം.കെ. ജോർജ്. സമരം നടക്കവെ, ‘വേർ ഈസ് കാത്തലിക് കോക്രോച്ചസ്’ (കത്തോലിക്ക പാറ്റകൾ എവിടെ?) എന്ന തലക്കെട്ടിൽ ഒരു ക്രൈസ്തവ പ്രസിദ്ധീകരണത്തിൽ ഫൊ. ജോർജ് ലേഖനമെഴുതിയിരുന്നു.

​പാവപ്പെട്ടവർക്കും ആദിവാസികൾക്കും വിദ്യാഭ്യാസവും പാർപ്പിടവും നിയമസഹായവും ഉറപ്പാക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ക്രൈസ്തവ മിഷണറിമാരെ ‘നക്സൽ അനുകൂലികൾ’ എന്ന് മുദ്രകുത്തുന്നത് വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് കെ.സി.ബി.സി. ജാഗ്രതാ കമ്മീഷൻ കുറ്റപ്പെടുത്തി.

​കത്തോലിക്കസഭയിലെ ഏറ്റവും വലിയ സന്യാസസഭയാണ് വിശുദ്ധനായി പ്രഖ്യാപിച്ച ഇഗ്നേഷ്യസ് ലൊയോള 1540-ൽ സ്ഥാപിച്ച ഈശോസഭ. ഫ്രാൻസിസ് മാർപാപ്പ ഈശോസഭാംഗമായിരുന്നു. രാജ്യത്ത് ആറു യൂണിവേഴ്‌സിറ്റികളും 73 കോളേജുകളും ഈശോസഭയ്ക്കുണ്ട്.



 

Leave a Reply