Mon. Nov 23rd, 2026

✍️ സി.ആർ.സുരേഷ്

ഇന്ത്യയെ കണ്ടെത്താൻ ഇറങ്ങിതിരിച്ച് യൂറോപ്യന്മാർക്ക് അജ്ഞാതമായിരുന്ന അമേരിക്കൻ വൻകരയുടെ പ്രാന്തങ്ങളിൽ എത്തിച്ചേർന്ന് കോളനിവാഴ്ചയുടെ ചരിത്രം തുടങ്ങിവച്ച നാവികനാണ് ക്രിസ്റ്റഫർ കൊളംബസ് (1451 – 1506). അമേരിക്കൻ കോളനിവത്കരണത്തിന്റെ ചരിത്രത്തിലെ യൂറോപ്യൻ വിജയഗാഥയ്ക്ക് തുടക്കമിട്ട യാത്രയെന്ന നിലയിൽ ശ്രദ്ധേയമായിരുന്നു കൊളംബസിന്റെ സഞ്ചാരം.

യൂറോപ്യൻ രക്തമുള്ള അമേരിക്കൻ രക്തമുള്ള വെള്ളക്കാർക്ക് നായകനും അമേരിക്കയിലെ ആദിമനിവാസികളായ ഇന്ത്യാക്കാർക്ക് നിഷ്ഠൂരനായ കടന്നുകയറ്റുകാരനുമാണ് കൊളംബസ്. ഇറ്റലിയിൽ ജനിച്ചു വളർന്ന് പോർച്ചുഗലിൽ താമസിച്ച് സ്പെയിനുവേണ്ടി സമുദ്രയാനങ്ങൾ നടത്തിയ കൊളംബസിനെ ഇറ്റലിക്കാർ ക്രിസ്റ്റഫോറോ കൊളംബോ എന്നും സ്പെയിൻക്കാർ ക്രിസ്റ്റബൊൽ കൊളോൺ എന്നും വിളിക്കുന്നു.

ഇറ്റലിയിലെ ജനോവയിൽ ജനനം. 14-ാം വയസിൽ നാവികനായി പ്രവർത്തിച്ചു തുടങ്ങി. കുപ്രസിദ്ധമായ ഒരു കടൽകൊള്ള സംഘത്തിന്റെ കപ്പലിലായിരുന്നു പ്രാരംഭ പരിശീലനം. 1476-ൽ 25-ാം വയസിൽ ഏഴ് ഇറ്റാലിയൻ കപ്പലുകൾ ചേർന്ന ഒരു സഖ്യത്തോടൊപ്പം പോർച്ചുഗീസിലെത്തി. യാത്രയ്ക്കിടയിൽ കടൽകൊള്ളക്കാരുടെ ആക്രമണവും മരണത്തെ മുഖാമുഖം കണ്ടതും കൊളംബസിന്റെ ജീവിതത്തിലെ വഴിത്തിരിവായി.

1485-ൽ അറ്റ്‌ലാന്റിക് സമുദ്രം വഴി ഏഷ്യയിലെത്തുന്ന ഒരു പദ്ധതി പോർച്ചുഗൽ രാജാവിന് സമർപ്പിച്ചുവെങ്കിലും ആ അപേക്ഷ നിഷേധിക്കപ്പെട്ടു. തെറ്റായ കണക്കുകൂട്ടലുകളാണ് കൊളംബസിന്റേതെന്ന കാരണത്താലാണ് പോർച്ചുഗീസ് ഭരണകൂടം അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചത്. തന്റെ ശ്രമത്തിന് പിന്തുണ ലഭിക്കാനായി ഇംഗ്ലീഷ് ചക്രവർത്തിയായ ഹെന്റി ഏഴാമനെയും സമീപിച്ചെങ്കിലും പരാജയപ്പെട്ടു.

സിസിലിയിലെ ചക്രവർത്തിയായ ഫെർഡിനാന്റ് രണ്ടാമനും പത്നിയായ കാസ്റ്റെലിലെ (ഇന്നത്തെ സ്പെയിൻ) റാണി ഇസബെല്ലയും കൊളംബസിന്റെ ഉദ്യമത്തിന് പിന്തുണ നൽകി. 1492 ഓഗസ്റ്റ് 3-ന് തെക്കൻ സ്പെയിനിലെ പലോസ് തുറമുഖത്ത്നിന്ന് സുഗന്ധദ്രവ്യങ്ങളും ധനസമൃദ്ധിയും നിറഞ്ഞ ഇന്ത്യയിലേക്കുള്ള കടൽമാർഗം കണ്ടെത്താനായി പുറപ്പെട്ടു. മാർക്കോപോളോയുടെ വിവരണങ്ങളാണ് ഏഷ്യയെയും ഇന്ത്യയെയും കുറിച്ചുള്ള നിറം ചേർത്ത കഥകൾ യൂറോപ്പിൽ പ്രചാരത്തിലാക്കിയത്.

ഒക്ടോബർ 12-ന് കരീബിയൻ ദീപുകളിൽപ്പെട്ട ബഹാമസിൽ (ഇന്ത്യയെ കണ്ടെത്തി എന്നായിരുന്നു അവരുടെ വിശ്വാസം) എത്തി. തുടർന്ന് കണ്ടെത്തിയ കിഴക്കൻ കരീബിയൻ കടലിലെ രണ്ടാമത്തെ വലിയ ദ്വീപായ ഹിസ്പാനിയോള(ഇന്നത്തെ ഹെയ്തി)യ്ക്ക് ‘ലാ ഐസ്ല എസ്പനോള’ എന്നു പേര് നൽകിയത് കൊളംബസാണ്. അവിടെവച്ച് തകർന്ന തന്റെ സാന്റമരിയ എന്ന കപ്പലിനെ ഉപേക്ഷിച്ചെങ്കിലും അതിന്റെ ഭാഗങ്ങൾ ഉപയോഗിച്ച് ‘ലാ നാവിദാദ്’ എന്ന ആദ്യ യൂറോപ്യൻ കോളനി സ്ഥാപിച്ചു.

1493 ജനുവരി 5-ന് സ്‌പെയിനിലേയ്ക്കു തിരിച്ച അദ്ദേഹം മൂന്ന് തവണ കൂടി ഇന്ത്യയെ ലക്ഷ്യമാക്കി യാത്ര ചെയ്തു. മൂന്നാമത്തെ നാവികയാത്ര (1498 – 1500)യിൽ ട്രിനിഡാഡും തെക്കേ അമേരിക്കയുടെ പ്രധാന ഭാഗവും അദ്ദേഹം കണ്ടുപിടിച്ചു. തന്റെ മൂന്നാം യാത്രയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ വാസ്കോ ഡാ ഗാമ എന്ന പോർച്ചുഗീസ് നാവികൾ ഇന്ത്യയിലേക്കുള്ള കടൽമാർഗ്ഗം കണ്ടെത്തി 1498-ൽ കോഴിക്കോട് കാപ്പാട് തീരത്തെത്തിയിരുന്നു.

1502 മെയ് 11-ന് നാലാമത്തെ യാത്രയ്ക്ക് പുറപ്പെട്ടു. 1504 നവംബർ 11-ന് സ്പെയിനിൽ തിരിച്ചെത്തിയ കൊളംബസിന് ഇന്ത്യ ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു. അമേരിക്കയിൽ കൊളംബസ് ഡേ (ഒക്ടോബർ 12-ന് ഏറ്റവുമടുത്തുള്ള തിങ്കൾ) ദേശീയ അവധി ദിനമാണ്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908