✍️ സി.ആർ.സുരേഷ്
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിൻ്റെ സ്ഥാപകനേതാക്കളിലൊരാളും തെലുങ്കാന സമരസേനാനിയും മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു പി. സുന്ദരയ്യ എന്ന പുച്ചാലപ്പള്ളി സുന്ദരയ്യ. ആന്ധ്രാപ്രദേശുകാരനായ സുന്ദരയ്യ സഖാവ് പി.എസ് എന്നാണ് അറിയപ്പെട്ടിരുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ സുന്ദരയ്യ സുന്ദരരാമി റെഡ്ഡി എന്ന തൻ്റെ പേരിലെ ജാതിയെ സൂചിപ്പിക്കുന്ന ഭാഗം മാറ്റി സുന്ദരയ്യ എന്നാക്കി. തെലുങ്കാന സമരത്തിൻ്റെ ഭാഗമായി ഉണ്ടായ സായുധ സമരങ്ങളിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ്.
തെലുങ്കാനസമരം പിൻവലിച്ചതിനുശേഷം ഇന്ത്യയിൽ ജനകീയജനാധിപത്യവിപ്ലവം എന്ന പുതിയ കാഴ്ചപ്പാട് അനുസരിച്ച് പ്രവർത്തിക്കാൻ മോസ്കോയിൽ സ്റ്റാലിനുമായി നടത്തിയ ചർകളിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. ഇതിൻ്റെ നേതൃത്വവും സുന്ദരയ്യക്കായിരുന്നു. 1952-ലെ പൊതു തിരഞ്ഞെടുപ്പിനുശേഷം സുന്ദരയ്യ രാജ്യസഭയിലെ പ്രതിപക്ഷനേതാവായി മാറി. ഒന്നരപതിറ്റാണ്ടോളം ആന്ധ്രയിലെ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവെന്ന നിലയിൽ പ്രവർത്തിച്ചു.
1913 മെയ് 1-ന് ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ അലങ്കാനിപാടിലാണ് സുന്ദരയ്യ ജനിച്ചത്. ഒരു ജന്മി കുടുംബമായിരുന്നു സുന്ദരയ്യയുടേത്. സുന്ദരയ്യയ്ക്ക് ആറ് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. സ്കൂൾതല വിദ്യാഭ്യാസം കഴിഞ്ഞ് കോളേജിൽ ചേർന്ന അദ്ദേഹം 1930-ൽ 17-ാം വയസ്സിൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കുചേരാൻ കോളേജ് വിട്ടു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്ത അദ്ദേഹം വളരെ പെട്ടെന്ന് അതിൻ്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്ന അമീർ ഹൈദർ ഖാൻ്റെ നിർദ്ദേശപ്രകാരമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്ന രണ്ടാം ലോക മഹായുദ്ധ കാലത്ത് സുന്ദരയ്യ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാകുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന അന്നുമുതൽ തൻ്റെ ജീവിതവും, പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കളും ജനസേവനത്തിനും, പാർട്ടിക്കും വേണ്ടി ചിലവഴിച്ചു. ആന്ധ്രപ്രദേശിൽ നല്ല അടിത്തറയുള്ളൊരു കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സുന്ദരയ്യ മുഖ്യ പങ്കുവഹിച്ചു.
കർഷകപ്രശ്നങ്ങൾക്കുപരിഹാരമായി പലയിടങ്ങളിലായി ചിതറികിടന്നിരുന്ന തെലുങ്കുഭാഷ സംസാരിക്കുന്നവരെ ഒരുമിച്ചുകൂട്ടി വിശാല ആന്ധ്ര എന്ന പുതിയ ഭാഷാ സംസ്ഥാനത്തിനുവേണ്ടി പരിശ്രമിച്ചു. 1936-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേന്ദ്രകമ്മറ്റിയിൽ അംഗമായ അദ്ദേഹം ആ വർഷം തന്നെ ഓൾ ഇന്ത്യ കിസാൻ സഭയ്ക്കു രൂപം നൽകി.
കമ്യൂണിസ്റ്റ് പാർടിയിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ പ്രധാനമായും മൂന്നു കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
1. നെഹ്റു ഗവൺമെന്റിനെ വിലയിരുത്തുന്ന കാര്യത്തിലും അതിനെ ആസ്പദമാക്കി വിപ്ലവത്തിന്റെ മൗലികതന്ത്രം, അതനുസരിച്ച് അംഗീകരിക്കേണ്ട അടവുകൾ എന്നിവ ഉൾക്കൊള്ളുന്ന പാർട്ടി പരിപാടിയും രാഷ്ട്രീയപ്രമേയവും.
2. ഇന്ത്യാ-ചൈനാ തർക്കപ്രശ്നം പരിഹരിക്കേണ്ടത് സമാധാനപരമായോ യുദ്ധത്തിലൂടെയോ.
3. ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നേരിടുന്ന പ്രശ്നങ്ങളിൽ സോവിയറ്റ് പാർടിയുടേതിൽനിന്നും ചൈനീസ് പാർടിയുടേതിൽനിന്നും സ്വതന്ത്രമായ നിലപാട് അംഗീകരിക്കണമോ അതോ സോവിയറ്റ് പാർടിയുടെ നിലപാട് അതേപടി ശരിവയ്ക്കണമോ.
ഈ ആശയപ്രശ്നങ്ങളിൽ ഉടലെടുത്ത് പാർടിയിൽ ശക്തമായി നിലനിന്ന ഉൾപാർട്ടി സമരത്തിന്റെ ഭാഗമായി 1964 ഏപ്രിലിൽ നാഷ്ണൽ കൗൺസിലിൽനിന്ന് 32 സഖാക്കളുടെ ഇറങ്ങിപ്പോക്കിൽ കലാശിച്ചിരുന്നു. അതിനു ശേഷം അവർ വിളിച്ചുകൂട്ടിയ തെനാലി കൺവെൻഷൻ ഏഴാം കോൺഗ്രസ് സംഘടിപ്പിക്കുന്നതിന് അടിത്തറ പാകി.
1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൽക്കത്തയിൽ ചേർന്ന ഏഴാം കോൺഗ്രസ് പാർടി പരിപാടിയും ഭരണഘടനയും അംഗീകരിച്ചു. അടിയന്തര കടമകൾ സംബന്ധിച്ച രാഷ്ട്രീയ പ്രമേയത്തിന് പുറമെ റിവിഷനിസത്തിന് എതിരായ പോരാട്ടം സംബന്ധിച്ച രാഷ്ട്രീയ റിപ്പോർട്ടും അംഗീകരിച്ചു.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു സിപിഐ (എം) ന്റെ രൂപീകരണം. പി സുന്ദരയ്യ (ജനറൽ സെക്രട്ടറി), ഇ എം എസ്, എം ബസവപുന്നയ്യ, ജ്യോതി ബസു, എ കെ ജി, പ്രമോദ് ദാസ് ഗുപ്ത, പി രാമമൂർത്തി, ഹർകിഷൻ സിംഗ് സുർജിത്, ബി ടി രണദിവെ എന്നിവരായിരുന്നു ആദ്യ പോളിറ്റ് ബ്യൂറോ അംഗങ്ങൾ.
1964-ൽ CPI(M) രൂപീകൃതമാകുമ്പോൾ അന്ന് മുതൽ 1977 വരെ സ. പി. സുന്ദരയ്യ ആയിരുന്നു പാർട്ടി ജനറൽ സെക്രട്ടറി. അന്ന് സുന്ദരയ്യ സഖാവിൻ്റെ പ്രായം 51 വയസ് മാത്രമായിരുന്നു. ഈ പ്രായപരിധി അന്നും ഇന്നും ഒരു റെക്കോർഡിയിട്ട് നിലനിൽക്കുകയാണ്.
1985 മെയ് 19-ന് 72-ാം വയസിൽ സ. സുന്ദരയ്യ അന്തരിച്ചു. സഖാവിൻ്റെ ധീരസ്മരണകൾക്കു മുന്നിൽ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908


