✍️ ചന്ദ്രപ്രകാശ് എസ് എസ്
കേരള നവോത്ഥാന പ്രക്രീയയിലെ ആദ്യകാലത്തെ മുന്നണിപ്പടയാളികളിൽ ഒരാളായിരുന്നു പാമ്പാടി ജോൺ ജോസഫ്. ജാതിവിവേചനം, അയിത്തം തുടങ്ങിയ സാമൂഹ്യതിന്മകൾക്കെതിരായ പോരാട്ടത്തിലൂടെയാണ് മഹാത്മാ അയ്യങ്കാളിയെപ്പോലെ പാമ്പാടി എൻ ജോൺ ജോസഫും ശ്രദ്ധേയനായത്.
തിരുവിതാംകൂറിലെ ദളിത് വിമോചന പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വലമായ എടാണ് പാമ്പാടി ജോൺജോസഫിന്റെ ജീവിതം. അദ്ധ്യാപകനായും, സൈനികനായും പ്രവർത്തിച്ച അനുഭവക്കരുത്തുമായാണ് അദ്ദേഹം അധഃസ്ഥിത ജനതയുടെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.
1887 മേയ് 23 ന് തിരുവല്ലയിലാണ് അദ്ദേഹത്തിൻ്റെ ജനനം.രണ്ട് തലമുറ മുൻപ് മതം മാറി ക്രിസ്തുമതം സ്വീകരിച്ച കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ക്രിസ്ത്യൻ വിദ്യാലയങ്ങളിൽ എഴാം ക്ലാസ്സ് വരെ പഠിച്ചു.തുടർന്ന് അധ്യാപകനായി കോട്ടയം പാമ്പാടിയിലെത്തി. അങ്ങനെയാണ് പാമ്പാടിസാർ, പാമ്പാടി ജോൺ ജോസഫ് എന്നിങ്ങനെ അറിയപ്പെട്ടത്. ഇംഗ്ലീഷ്,മലയാളം ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ കഴിവുനേടിയിരുന്നു.1914 ൽ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ പട്ടാളത്തിൽ ചേർന്ന് ബ്രിട്ടീഷിന്ത്യയിലും പുറത്തും ജോലി ചെയ്തു.സൈനിക സേവനം അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തെ കൂടുതൽ വിശാലമാക്കി.
പുലയ സമുദായത്തിൽ നിന്ന് കത്തോലിക്കാ ക്രിസ്ത്യാനിയായി മതം മാറിയ ആളായിരുന്നു ജോസഫിന്റെ പിതാവ് ജോൺ. കത്തോലിക്കാസഭ പുതുതായി മതം മാറിയ ക്രിസ്ത്യാനികളെ തുല്യമായി പരിഗണിക്കുന്നില്ലെന്ന് ജോസഫിന് തോന്നി. ഈ തോന്നൽ മതം മാറിയ പലർക്കുമുണ്ടായി. ഇത് മതം മാറിയവരിൽ അതൃപ്തിക്ക് കാരണമായി. സഭയുടെ ഇത്തരം മനോഭാവത്തിൽ പ്രതിഷേധിച്ച് 1921 ജനുവരി 14 ന് പാമ്പാടി ജോൺ ജോസഫ് ചേരമർ മഹാജൻ സഭ സംഘടിപ്പിച്ചു. ഈ സംഘടനയിൽ ക്രിസ്ത്യാനികൾക്കും തൊട്ടുകൂടാത്ത ഹിന്ദുക്കൾക്കും അംഗങ്ങളാകാൻ അനുവാദമുണ്ടായിരുന്നു.
പുലയരാണ് കേരളത്തിലെ ആദിമ നിവാസികൾ എന്ന് ജോസഫ് വിശ്വസിച്ചിരുന്നു. പുലയർ എന്ന ജാതി നാമം മാറ്റി ചേരമർ എന്നാക്കിയത് പാമ്പാടിയാണ്. സവർണഹിന്ദു മാനസികാവസ്ഥയ്ക്കെതിരെ പോരാടി നഷ്ടപ്പെട്ട അവകാശങ്ങൾ നേടിയെടുക്കുക എന്നതായിരുന്നു സഭയുടെ ഉദ്ദേശ്യം. ചേരമർ, പുലയർ, പറയർ, കുറവർ എന്നിവർ ഇന്ത്യയിലെ ആദി ദ്രാവിഡ വംശജരാണെന്ന് അദ്ദേഹം വിശ്വസിച്ചു.
1919 ൽ ജോൺ ജോസഫ് സാധുജൻ ദൂതൻ എന്ന മാസിക ആരംഭിച്ചു, അതിൽ അദ്ദേഹം പ്രചോദനാത്മകമായ നിരവധി ലേഖനങ്ങൾ എഴുതി. 1924 വരെ അത് പ്രസിദ്ധീകരിച്ചു. ജോസഫ് തന്റെ ചെറുമ ബോയ് എന്ന പുസ്തകത്തിൽ, തൊട്ടുകൂടാത്ത ക്രിസ്ത്യാനികളോടുള്ള സവർണ്ണ ക്രിസ്ത്യാനികളുടെ വിവേചനപരമായ മനോഭാവത്തെ ചോദ്യം ചെയ്തു.
1931 ജൂൺ 8 ന് അദ്ദേഹം തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭയിൽ അംഗമായി. 1935 ഏപ്രിൽ 24 ന് ജോസഫ് ബ്രിട്ടീഷ് പാർലമെന്റിൽ ഒരു മെമ്മോറാണ്ടം അവതരിപ്പിക്കുകയും തൊട്ടുകൂടാത്തവർക്കും മറ്റുള്ളവരെപ്പോലെ എല്ലാ പൗരാവകാശങ്ങളും നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്തു. തൊട്ടുകൂടാത്ത ക്രിസ്ത്യാനികൾക്ക് സഭയിൽ തുല്യ പദവിയും പരിഗണനയും ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയ ജോസഫ്, ആരാധനയ്ക്കായി അവരവരുടെ വിശ്വാസപ്രകാരം സ്വന്തമായി പള്ളികളും ക്ഷേത്രങ്ങളും നിർമ്മിക്കാൻ ഉപദേശിച്ചു.
സ്വസമുദായത്തിലെ ജനങ്ങളുടെ മനസ്സിൽ പൗരാവകാശങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്ത് ഒരു സാമൂഹിക-മത പ്രസ്ഥാനം കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ച മഹാനാണ് പാമ്പാടി ജോൺ ജോസഫ്.
പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്ത് തൊട്ടുകൂടായ്മയ്ക്കതിരെ നിരന്തരം പോരാടിയ ജോൺ ജോസഫ്, താഴ്ന്ന ജാതിയിലെ തന്റെ അനുയായികളെ അന്നത്തെ ഹീനമായ മത-ജാതി ആചാരത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ചു. ക്രിസ്ത്യാനിയായി മതം മാറിയവർക്കുവേണ്ടി ശക്തമായി നിലകൊള്ളുക മാത്രമല്ല,അവർക്ക് അർഹമായ സൗകര്യങ്ങൾ ലഭിക്കുന്നതിനായി അധികാരികളുമായി പോരാടുകയും ചെയ്തു.
നല്ലൊരു വായനക്കാരനും ഗവേഷണകുതുകിയുമായിരുന്നു അദ്ദേഹം.ഇന്ത്യൻ ചരിത്ര പുസ്തകങ്ങളിൽ നിന്നുള്ള നിരവധി വിവരങ്ങൾ ചികഞ്ഞെടുത്ത്, തന്റെ ജാതിയിലെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു. ഇതിലൂടെ സാമൂഹിക-മതബോധത്തിലൂന്നി മതം മാറിയ ക്രിസ്ത്യാനികളുടെയും തൊട്ടുകൂടാത്ത ഹിന്ദുക്കളുടെയും മനസ്സിൽ നഷ്ടപ്പെട്ട അവകാശങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിച്ചു.
രാജ്യത്തെ തൊട്ടുകൂടാത്തവർക്ക് മാന്യമായ ജീവിതം നയിക്കേണ്ടതിൻ്റെ ആവശ്യം മനസിലാക്കി ചേരമർ മഹാജൻ സഭയിലെ അംഗങ്ങളുടെ പ്രയോജനത്തിനായി ഒരു ഭൂമി ബാങ്ക് സൃഷ്ടിക്കാൻ അദ്ദേഹം പ്രയത്നിച്ചു. ഈ ഭൂമി ബാങ്കിൽ നിന്നുള്ള ഭൂമി മഹാജൻ സഭയിലെ ഭൂരഹിത അംഗങ്ങൾക്ക് വിതരണം ചെയ്തു.
സമുദായാംഗങ്ങളെ സാമ്പത്തികമായി സ്വതന്ത്രരാക്കാൻ സഹായിക്കുന്നതിന് ഒരു സാമ്പത്തിക ബാങ്കിംഗ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
സാറയാണ് ജോൺ ജോസഫിൻ്റെ ഭാര്യ. 1940 ജൂലൈ 14 ന് പാമ്പാടി ജോൺ ജോസഫ് കഥാവശേഷനായി. ആധുനിക സമൂഹത്തിലെ ഏറ്റവും വലിയ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാളാണ് പാമ്പാടി ജോൺ ജോസഫ്. തൊട്ടുകൂടായ്മയുടെ അധാർമികമായ ആചാരങ്ങളിൽ നിന്ന് സമൂഹത്തിലെ ജാതിശ്രേണിയിൽ താണ വിഭാഗക്കാരെ മോചിപ്പിക്കുന്നതിനായി തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ച മഹാനും ചരിത്രപുരുഷനുമാണ് പാമ്പാടി ജോൺ ജോസഫ്.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908


