Sat. Nov 21st, 2026

കത്‌വ, ഉന്നാവോ പീഡനക്കേസുകളിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കത് വ, ഉന്നാവോ സംഭവങ്ങൾ രാജ്യത്തിന് അപമാനമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും എന്ത് വില കൊടുത്തും നമ്മുടെ മകൾക്ക് നീതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ ബി.ജെ.പി എം.എൽ.എ ഉൾപ്പെട്ട ഉന്നാവോ സംഭവത്തിലും എട്ട് വയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് ക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ശക്തമായ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കത് വ, ഉന്നാവോ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.

നേരത്തെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ മോദിയെ ശക്തമായി വിമർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ മൗനം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ വർദ്ധിക്കുന്ന അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി എന്താണ് കരുതുന്നത്.? എന്തുകൊണ്ട് ബലാത്സംഘക്കേസുകളിലും കൊലപാതകങ്ങളിലും പ്രതികൾക്ക് ഭരണകൂട സംരക്ഷണം ലഭിക്കുന്നു? ഈ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി ട്വീറ്ററിൽ ആവശ്യപ്പെട്ടു.

Comments are closed.