Sun. Jul 26th, 2026

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഉത്തർപ്രദേശിലെ ബി.ജെ.പി നിയമസഭാംഗം കുൽദീപ്​ സിംഗ് സെംഗറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അലഹബാദ് ഹെെക്കോടതി സി.ബി.എെയോടെ നിർദ്ദേശിച്ചു. കസ്റ്റഡിയിൽ എടുക്കുകയല്ല അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നും കോടതി ഉത്തരവിൽ പ്രത്യേകം പരാമർശിച്ചു. കേസിന്റെ അന്വേഷണം കൃത്യമായി നിരീക്ഷിക്കുമെന്ന് വ്യക്തമാക്കിയ കോടതി മേയ് രണ്ടിനകം കേസിന്റെ പുരോഗതി അറിയിക്കണമെന്നും സി.ബി.ഐയോട് നിർദ്ദേശിച്ചു. മുതിർന്ന അഭിഭാഷകൻ ഗോപാൽ സ്വരൂപ് ചതുർവേദി എഴുതിയ കത്ത് പൊതുതാൽപര്യ ഹർജിയായി പരിഗണിച്ചാണ് കോടതി സംഭവത്തിൽ ഇടപെട്ടത്.

സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഇന്ന് പുലർച്ചെ നാല് മണിയോടെ എം.എൽ.എയുടെ വീട്ടിലെത്തി സി.ബി.ഐ സംഘം എം.എൽ.എയെ കസ്റ്റഡിയിൽ എടുത്തിരുന്നു. ബുധനാഴ്​ച രാത്രി കുൽദീപ്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്​ വൻ വിവാദമായിരുന്നു. കീഴടങ്ങാനാണ് എ.എൽ.എ എത്തിയതെന്ന് പലരും കരുതിയെങ്കിലും ഇവിടെ തടിച്ചു കൂടിയ മാദ്ധ്യമങ്ങളെ കാണാൻ വേണ്ടി മാത്രമാണ് താനെത്തിയതെന്നായിരുന്നു കുൽദീപിന്റെ പ്രതികരണം. 20 വാഹനങ്ങളിലായാണ്​ ബി.ജെ.പി എം.എൽ.എയും നൂറോളം വരുന്ന പ്രവർത്തകരും പൊലീസ്​ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വസതിയിലെത്തിയത്. എന്നിട്ടും ഇദ്ദേഹത്തെ അറസ്​റ്റ്​ ചെയ്​തില്ല. പിന്നീട് അനുയായികൾക്കൊപ്പം അദ്ദേഹം മടങ്ങുകയായിരുന്നു. സംഭവം വഷളായതോടെ 16 കാരിയെ മാനഭംഗപ്പെടുത്തിയതിന് എം.എൽ.എയ്ക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്യണമെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഉത്തരവിടുകയായിരുന്നു.

മാനഭംഗക്കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും സി.ബി.ഐക്ക്​ കൈമാറണമെന്നും മുഖ്യമന്ത്രി പൊലീസിനോടാവശ്യപ്പെട്ടു. ഡോക്​ടർമാരുടെയും പൊലീസിന്റെയും ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചകളാണ് കേസ്​ സി.ബി.ഐക്ക്​ കൈമാറാൻ കാരണം. സർക്കാർ പെൺകുട്ടിയുടെ കുടുംബത്തിന്​ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്​. മാനഭംഗത്തിനും ഇ​ര​യു​ടെ പി​താ​വി​​​​ന്റെ മ​ര​ണ​ത്തി​ലും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പെൺകുട്ടിയുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു.

പെൺകുട്ടിയും പിതാവും തങ്ങൾക്ക് നീതി കിട്ടിയില്ലെന്നാരോപിച്ച് ഞായറാഴ്ച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വിവാദമാവുന്നത്. ഇതിനിടെയാണ് പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. തുടർന്ന് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച രാത്രി പ്രാഥമിക അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്.