Mon. Nov 23rd, 2026

പത്തനംതിട്ട: നഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിലെത്തി യുവതിയെ കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം സ്വദേശിനി അനുഷയാണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് ഇവര്‍. എന്തിനുവേണ്ടിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. അനുഷ ഫാർമസിസ്റ്റ് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. ഭർത്താവ് ഗൾഫിലാണ്.

തിരുവല്ല പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലാണ് സംഭവം. പ്രസവശേഷം ആശുപത്രി വിടാന്‍ ഒരുക്കത്തിലായിരുന്ന പുല്ലുകുളങ്ങര സ്വദേശിന സ്‌നേഹ (25) ക്കെതിരെയാണ് കൊലപാതക ശ്രമമുണ്ടായത്. നാല് ദിവസം മുമ്പ് പ്രസവത്തിന് അഡ്മിറ്റായ സ്‌നേഹ ഇന്ന് ആശുപത്രി വിടാനൊരുങ്ങുമ്പോഴാണ് വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെ സംഭവമുണ്ടായത്. മരുന്നില്ലാത്ത സിറിഞ്ച് ഉപയോഗിച്ച് വായു ധമനികളിൽ കയറ്റി കൊല്ലാനായിരുന്നു ശ്രമം.


നവജാത ശിശുവിന് നിറം മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രി അധികൃതര്‍ കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും ഉടന്‍ കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നില്ല. ഇതോടെ സ്‌നേഹ മാതാവിനോടൊപ്പം ആശുപത്രിയില്‍ കാത്തിരിക്കുമ്പോഴാണ് അനുഷ നഴ്‌സ് വേഷത്തില്‍ സിറിഞ്ചും സൂചിയുമായി എത്തിയതും, കുത്തിവെപ്പിനു ശ്രമിച്ചതും. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ സ്‌നേഹക്ക് ഇനിയെന്തിനാണ് കുത്തിവെപ്പെന്ന് ഇവരുടെ മാതാവ് ചോദിച്ചു. കുത്തിവെക്കാന്‍ നഴ്‌സ് കാട്ടിയ ധൃതിയില്‍ സംശയം തോന്നിയ മാതാവ് ബഹളം വെക്കുകയും, ആശുപത്രി ജീവനക്കാര്‍ സ്ഥലത്തെത്തി അനുഷയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള അനുഷയെ ചോദ്യം ചെയ്തുവരുന്നു.