തൃശൂര്‍: കൊമ്പ് എടുക്കാനായി കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ കൂടി പിടിയിലായി. പട്ടിമറ്റം സ്വദേശി വിനയനാണ് പിടിയിലായത്. ആനക്കൊമ്പ് വില്ക്കാന് കൊണ്ടുപോയ അഖിലിന്റെ സംഘാംഗമാണ് വിനയന്. അഖില്‍ നേരത്തെ പിടിയിലായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് വനംവകുപ്പ് പറഞ്ഞു.
ചേലക്കര മുള്ളൂര്‍ക്കര വാഴക്കോട് റോയിയുടെ റബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഒരു കൊമ്പ് മാത്രമാണ് കണ്ടെത്തിയത്. ജൂണ്‍ 15ന് ആനയെ കൊന്ന് കുഴിച്ചുമൂടുന്നതിനിടെ ഒന്നാംപ്രതി റോയ് അറിയാതെ വിനയനുള്‍പ്പെട്ട സംഘം ആനക്കൊമ്പ് മുറിച്ചെടുത്ത് റബര്‍ തോട്ടത്തില്‍ ഒളിപ്പിച്ചു വച്ചിരുന്നു. പിറ്റേദിവസം അഖിലിനൊപ്പമെത്തി വിനയന് കൊമ്പ് കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.


