പത്തനംതിട്ട: രമാദേവി കൊലക്കേസില്‍ പോലിസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് സി ആര് ജനാര്ദ്ദനന് നായരെ തെളിവെടുപ്പിനായി ഇന്ന് പുല്ലാട്ടെത്തിച്ചു. കൊലപാതകം നടന്ന പുല്ലാട് വടക്കേകവലയിലുള്ള ചട്ടകുളത്ത് വീട്ടിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് സി ഐ സുനില്‍ രാജിന്റെ നേതൃത്വത്തിലുള്ള പോലിസ് തെളിവെടുത്തത്. 2006 മേയ് 26നാണ് രമാദേവി കൊല്ലപ്പെട്ടത്. ഒന്നരവര്‍ഷത്തിനുശേഷം വീടും പുരയിടവും ജനാര്‍ദ്ദനന്‍നായര്‍ കൈമാറ്റം ചെയ്തു. വീട് പൊളിച്ചുനീക്കുകയും ചെയ്തു. കേസില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം ജനാര്ദ്ദനന് നായരെ 3 ദിവസത്തെ പോലിസ് കസ്റ്റഡിയിലാണ് പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) വിട്ടു നല്‍കിയിരുന്നത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനു വിധേയമാക്കി വരികയാണ്.

സംശയ രോഗം എന്ന കൊലപാതക കാരണവും രമാദേവിയുടെ സഹോദരങ്ങള്‍ തള്ളിക്കളഞ്ഞു. വളരെ സ്നേഹത്തോടെയാണ് ഇരുവരും ജീവിച്ചതെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന പ്രചരണങ്ങള്‍ വ്യാജ്യമാണെന്നും ഉണ്ണികൃഷ്ണന് നായര്‍ പറഞ്ഞു. തെളിവെടുപ്പ് സമയത്ത് ജനാര്ദ്ദനന് നായര്‍ ഇവിടെ ഉണ്ടായിരുന്നിട്ടും പോലീസ് നായ അദ്ദേഹത്തിനടുത്തെത്തിയില്ല. ചുടല മുത്തുവിന്റെ ചെരിപ്പ്, സഞ്ചി, വാച്ച് എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. എന്നാല്‍ 17 വര്‍ഷത്തിന് ശേഷവും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതും സംശയത്തിനിട നല്കുന്നു.
കൊല നടന്ന ദിവസം രമാദേവിയുടെ ഭര്‍ത്താവും ഇപ്പോള്‍ പ്രതി ചേര്‍ക്കപ്പെട്ട ആളുമായ ജനാര്ദ്ദനന് നായര്‍ മുഴുവന്‍ സമയവും ചെങ്ങന്നൂര്‍ പോസ്റ്റ് ഓഫീസില്‍ ജോലിയില്‍ ഉണ്ടായിരുന്നതായി ഇയാളുടെ ചില സഹപ്രവര്‍ത്തകരും ബന്ധുകളെ അറിയിച്ചതായാണ് വിവരം. ഇതോടെ ചുടല മുത്തുവിനെ പിടികൂടാതെ കേസന്വേഷണം പൂര്‍ത്തിയാക്കാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്.


