Wed. Nov 25th, 2026

ചെന്നൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മന്ത്രി വി.സെന്തില്‍ ബാലാജിയെ ഇഡി കസ്റ്റഡിയില്‍ വിടാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. സെന്തില്‍ ബാലാജി നിയമത്തിന് വിധേയനാണെന്ന് ബെഞ്ചില്‍ മൂന്നാമതായി ഉള്‍പ്പെട്ട ജസ്റ്റിസ് സി.വി.കാര്‍ത്തികേയന്‍ വ്യക്തമാക്കി. സെന്തില്‍ ബാലാജിയുടെ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കുന്നതില്‍ മദ്രാസ് ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ചില്‍ ഭിന്നത ഉണ്ടായതിനെ തുടര്‍ന്നാണ് മൂന്നാമതായി മറ്റൊരു ജഡ്ജിയെക്കൂടി ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്.

നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഇല്ലാത്ത അധികാരം ഇഡി പ്രയോഗിച്ചെന്നുമുള്ള ഭാര്യ മേഘലയുടെ വാദം അംഗീകരിച്ച് മന്ത്രിയെ വിട്ടയയ്ക്കാമെന്നു രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് നിഷ ബാനു നിലപാടെടുത്തപ്പോള്‍ ഇഡിക്കു വീഴ്ചയില്ലെന്നും മന്ത്രി ആശുപത്രിയില്‍ കഴിഞ്ഞ കാലാവധി കസ്റ്റഡിയായി കണക്കാക്കേണ്ടെന്നും 10 ദിവസത്തിനു ശേഷം ജയില്‍ വകുപ്പിന്റെ ആശുപത്രിയിലേക്കു മാറ്റണമെന്നും ജസ്റ്റിസ് ഡി.ഭരതചക്രവര്‍ത്തി പറഞ്ഞു. ഇതോടെയാണ് അന്തിമവിധി നീട്ടി.


ജസ്റ്റിസ് ഡി.ഭരതചക്രവര്‍ത്തിയുടെ വിധിയോടാണ് താന്‍ യോജിക്കുന്നതെന്ന് ജസ്റ്റിസ് സി.വി.കാര്‍ത്തികേയന്‍ ഇന്നു വ്യക്തമാക്കുകയായിരുന്നു. അറസ്റ്റിലായ വ്യക്തികള്‍ക്ക് അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെടാന്‍ കഴിയില്ല, അന്വേഷണവുമായി സഹകരിക്കുക. സെന്തില്‍ ബാലാജി നിയമത്തെ മാനിക്കുകയും നിരപരാധിയെങ്കില്‍ കോടതിയില്‍ തെളിയിക്കുകയും വേണമെന്ന് ജസ്റ്റിസ് സി.വി.കാര്‍ത്തികേയന്‍ പറഞ്ഞു.

സെന്തില്‍ ബാലാജിയുടെ ജുഡീഷ്യല്‍ കസ്റ്റഡി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞദിവസം ജൂലൈ 26 വരെ നീട്ടിയിരുന്നു. ഇഡി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് സെഷന്‍സ് കോടതി വിധി. കഴിഞ്ഞ 14ന് ഇഡി അറസ്റ്റ് ചെയ്ത സെന്തിലിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാക്കിയിരുന്നു. ഇപ്പോള്‍ ബൈപാസ് ശസ്ത്രക്രിയയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. ഇതിനിടെ മന്ത്രിക്കെതിരെ കോഴക്കേസില്‍ സംസ്ഥാന ക്രൈംബ്രാഞ്ചും കേസെടുത്തിരുന്നു. മന്ത്രിയെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത ശേഷം ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു.