Thu. Nov 19th, 2026

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് വനത്തിൽ തള്ളിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അങ്കമാലി പാറക്കടവ് സ്വദേശി ആതിര (26)യാണ് കൊല്ലപ്പെട്ടത്. ഇടുക്കി വെള്ളത്തൂവൽ സ്വദേശി അഖിലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയയിലും അഖിൽ സജീവമായിരുന്നു. ‘അഖിയേട്ടൻ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പതിനായിരത്തിലേറെ ഫോളോവേഴ്സുമുണ്ട്. ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിരവധി റീൽസ് വീഡിയോകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

അഖിൽ ഭാര്യയ്‌ക്കൊപ്പം അങ്കമാലിയിൽ വാടകയ്‌ക്ക് താമസിച്ചുവരികയായിരുന്നു. അഖിലും ആതിരയും ഒരേ സൂപ്പർമാർക്കറ്റിലായിരുന്നു ജോലി ചെയ്‌തിരുന്നത്. ഇരുവരും തമ്മിൽ ആറ് മാസത്തെ സൗഹൃദമാണുള്ളത്. യുവതിയുടെ പന്ത്രണ്ട് പവനാണ് പ്രതി പണയം വച്ചത്. ആഭരണങ്ങൾ തിരിച്ചെടുത്തുതരണമെന്ന് ആതിര പല തവണ യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് തിരികെ കൊടുക്കാതിരിക്കാൻ കൂടിയാണ് അരുംകൊല നടത്തിയത്.


ഏപ്രിൽ ഇരുപത്തിയൊൻപതിനാണ് യുവതിയെ കാണാതായത്. തുമ്പൂർമുഴി വനത്തിൽ അഴുകിയ നിലയിലാണ് ആതിരയുടെ മൃതദേഹം കണ്ടെത്തിയത്. ഷാൾ കൊണ്ട് കഴുത്തിൽ മുറുക്കിയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ബൂട്ടിട്ട് ചവിട്ട് മരണം ഉറപ്പാക്കുകയും ചെയ്തു.

വനത്തിനുള്ളിലേക്ക് ആതിരയെ ബലപ്രയോഗത്തിലൂടെയല്ല പ്രതി കൊണ്ടുവന്നത്. വാഹനം നിർത്തി എൺപത് കിലോമീറ്ററോളം മാറിയുള്ള വനപ്രദേശത്തേക്ക് ഇരുവരും നടന്ന് പോകുകയായിരുന്നുവെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളുമടക്കമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

വളരെ ആസൂത്രണം ചെയ്താണ് പ്രതി കൃത്യം നടത്തിയത്. ആതിരയോട് വീട്ടിൽ നിന്ന് ഫോൺ എടുക്കേണ്ടെന്ന് ഇയാൾ പറഞ്ഞിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്താതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. കൂടാതെ അഖിലും ഫോൺ സ്വിച്ച് ഓഫാക്കി വച്ചിരുന്നു. ഭർത്താവിനും മക്കൾക്കുമൊപ്പമായിരുന്നു ആതിരയുടെ താമസം.