Thu. Nov 19th, 2026

നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’ തിയേറ്ററുകളിൽ റിലീസ് ചെയ്തു. ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി യഷും വേഷമിടുന്നു. ആഗോള ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെയായി 1,483.10 കോടി രൂപയാണ് രാമായണം ആഗോളതലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡി.എൻ.ഇ.ജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ ചിത്രമായാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരനിരയാണ് ചിത്രത്തിനായി അണിനിരന്നിരിക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും, ലാളിത്യവും കരുത്തും ഒത്തിണങ്ങിയ സീതാദേവിയായി സായ് പല്ലവിയും എത്തുമ്പോൾ, ലോകസിനിമ കണ്ട ഏറ്റവും ശക്തനായ പ്രതിനായകരിൽ ഒരാളായ രാവണനായാണ് യഷ് ചിത്രത്തിലെത്തുന്നത്. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നത് മലയാളികൾക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. കൂടാതെ, ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ലക്ഷ്മണനായി രവി ദുബെ, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവ്, ഇന്ദ്രനായി കുനാൽ കപൂർ, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റാണ്. ശ്രീധർ രാഘവനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ ദൃശ്യവിസ്മയങ്ങളിലൊന്നായാണ് ഒരുക്കിയിരിക്കുന്നത്. പി.ആർ.ഒ.: ആതിര ദിൽജിത്ത്.

Content Highlights: The grand-scale film ‘Ramayana’, directed by Nitesh Tiwari, has been released in theaters. The movie features Ranbir Kapoor as Lord Rama, Sai Pallavi as Sita, and Yash as Ravana. The film is performing exceptionally well at the global box office, having grossed ₹1,483.10 crore worldwide so far.





 

Leave a Reply