ന്യൂഡല്‍ഹി: ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കങ്ങളുണ്ടായെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്. തര്‍ക്കങ്ങളുണ്ടായെങ്കിലും എല്ലാ കാര്യത്തിലും ഏകാഭിപ്രായത്തില്‍ തീരുമാനമുണ്ടായി. ഇതാണ് ജനാധിപത്യം. ഇത് പിണറായി വിജയന്റെ ക്യാബിനറ്റ് അല്ലെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫ് മന്ത്രിസഭാ യോഗമെന്നത് പിണറായിയുടെ മന്ത്രിസഭ പോലെ അല്ല. എല്ലാവരും പരസ്പരം അഭിപ്രായങ്ങള്‍ പറയുന്നതും തര്‍ക്കിക്കുന്നതും സ്വാഭാവികമാണ്. ഇന്ന് മന്ത്രിസഭയില്‍ ഒരുപാട് തര്‍ക്കങ്ങളുണ്ടായി .രണ്ടര മണിക്കൂറായിരുന്നു യോഗം. പിണറായി വിജയന് പോക്കറ്റില്‍നിന്ന് ഒരു കടലാസെടുത്താല്‍ എല്ലാം അംഗീകരിക്കുന്ന വിധേയരുടെ മന്ത്രിസഭയല്ല ഇത്. ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്തത് ഉന്നത വിദ്യാഭ്യാസ ബില്ലിനെ കുറിച്ചാണ്. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞു. ചിലര്‍ തമ്മില്‍ തര്‍ക്കിച്ചു. അവസാനം ഒരു തീരുമാനമെടുത്ത് അവസാനിപ്പിക്കാന്‍ എന്നോട് പറഞ്ഞു. എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും തീരുമാനിച്ചു. യുഡിഫ് മന്ത്രിസഭയില്‍ എടുക്കുന്ന എല്ലാ തീരുമാനവും ഒറ്റകെട്ടായാണ്. തീരുമാനമെടുക്കാന്‍ പറ്റിയില്ലെങ്കില്‍ മാറ്റിവെക്കും യുഡിഎഫ് സ്തുതിപാടക സംഘമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പിഎസ്സി അംഗങ്ങളുടെ പട്ടികയില്‍ തര്‍ക്കമുണ്ടായോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. വന്ന പേരുകള്‍ എല്ലാം ശരിയാണ്. പലരും പല രീതിയിലാണ് അഭിപ്രായം പറയുക. ചിലര്‍ പറയുന്നത് തര്‍ക്കമായി തോന്നാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിഎസ്സി അംഗങ്ങളെ പിരിച്ചുവിടണമെന്ന ഗവര്‍ണറുടെ ശിപാര്‍ശ നല്കിയ നീക്കം തെറ്റാണെന്നും പക്ഷേ അതിന്റെ മറവില്‍ വൃത്തിക്കേടുകള്‍ മറച്ചുവെക്കാം എന്ന് പ്രതിപക്ഷം കരുതേണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്‍പിഎസ്ടി സമരത്തെ കുറിച്ചും ചര്‍ച്ച ചെയ്തു. സമരം ചെയ്യുന്നവരുടെ ആരോഗ്യത്തെ സംബന്ധിച്ചായിരുന്നു ഞങ്ങളുടെ വേവലാതി. അവരുടെ ആരോഗ്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. ചര്‍ച്ചയില്‍ സര്‍ക്കാര്‍ എടുക്കേണ്ട നിലപാടാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇതാണ് ജനാധിപത്യം. എല്‍ഡിഎഫ് സര്‍ക്കാരിലേത് പോലെ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കില്ല. തര്‍ക്കങ്ങള്‍ ഉണ്ടാകും, വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകും. അവസാനം തീരുമാനവും ഉണ്ടാകും. ഏറ്റവും ജൂനിയറായിട്ടുള്ള ജനീഷുവരെ എന്റെ മുഖത്ത് നോക്കി അഭിപ്രായം പറയും. പറയണം. അപ്പോഴാണ് നല്ല നിര്‍ദേശങ്ങള്‍ വരികയെന്നും സതീശന് പറഞ്ഞു.
ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട വാർത്തകൾ പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. വാർത്ത വരുന്നത് തെറ്റായ കേന്ദ്രങ്ങള്‍ വഴി. ദേവസ്വത്തിലെ നിയമന ഫയൽ സിഎംഒയിൽ നിന്നല്ല. ഫയൽ വരുന്നത് ദേവസ്വം വകുപ്പിൽ നിന്നാണ്. ദേവസ്വം ഫയലിൽ എല്ലാ ഹിന്ദു മന്ത്രിമാരും ഒപ്പിട്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനവുമായി ബന്ധപ്പെട്ട ഫയലിൽ ഒപ്പിടേണ്ട മന്ത്രിമാർ സ്ഥലത്തില്ലാതിരുന്നതു കൊണ്ടാണ് ഒപ്പിടാൻ വൈകിയത്. മന്ത്രിസഭാ യോഗത്തിന് മുമ്പ് തന്നെ എല്ലാവരും ഒപ്പിടുകയും ചെയ്തു. ഇതുസംബന്ധിച്ച് യാതൊരുവിധ തർക്കവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Kerala Chief Minister V D Satheesan confirmed debates occurred during the UDF cabinet meeting in New Delhi, contrasting its democratic style with Pinarayi Vijayan’s cabinet. Ministers discussed the higher education bill and LPST strike before reaching unanimous decisions. He also addressed PSC appointments.


