തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മാക്കുട്ടി റാവുത്തറുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ശുചിമുറിയില്‍ വീണുകിടന്ന മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മുറിവുകള്‍ എങ്ങനെ സംഭവിച്ചു എന്നതിലും ഇത്രയും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ വിവരം അറിയതിരുന്നതിലും വലിയ ദുരൂഹതയുണ്ടെന്നു മകള്‍ ബീഫാത്തിമ പറഞ്ഞു.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയും സൂക്ഷ്മതക്കുറവും ഉണ്ടായതായി. സംഭവത്തില്‍ ഉന്നതതലത്തിലുള്ള വിശദമായ അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും മകള്‍ ആവശ്യപ്പെട്ടു.
പിതാവിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആദ്യം നെന്മാറ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നും അവിടെനിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് മരണവിവരം അറിയുന്നത്. മാക്കുട്ടി റാവുത്തര്‍ 19-ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ 21ന് മരണവിവരമാണ് തങ്ങള്‍ അറിയുന്നത്. ഏകദേശം 36 മണിക്കൂറോളം മൃതദേഹം ശുചിമുറിയില്‍ ആരും അറിയാതെ കിടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്നും മകള്‍ പറഞ്ഞു.
Content Highlights: The family of Makkuutty Ravuthar alleged mystery over wounds found on his body and the delay in discovering it inside a Thrissur Medical College toilet. His daughter sought a high-level investigation into the lapse and questioned how the body lay unnoticed for around 36 hours. The family had initially heard he was treated in Nemmara and Palakkad before learning of his death at Thrissur Medical College.


