കോവളം: ആന്ധ്രാ സ്വദേശിനിയായ 16-കാരിയെ കോവളത്തെ സ്പാകൾക്ക് പുറമെ ബീച്ചിലെ സ്വകാര്യ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് തിരുനെൽവേലി വള്ളിയൂർ നാങ്കേരി സ്വദേശി വീരപാണ്ഡ്യനെ (45) എസ്.ഐ.ടി അറസ്റ്റ് ചെയ്തു. കോവളത്തെ ‘മറൈൻ പാലസ്’ എന്ന സ്വകാര്യ ഹോട്ടലിലെ രജിസ്റ്ററിലും അക്കൗണ്ട് വിവരങ്ങളിലും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മൂന്നാം പ്രതി സജിത്ത്കുമാറിന്റെ ഉടമസ്ഥതയിലുള്ള വൈക്കോൽ കുളത്തിന് സമീപത്തെ ‘ആയൂർകേരള’ സ്പായിൽ നിന്നും ദിവസവും രാത്രികാലങ്ങളിലാണ് പെൺകുട്ടിയെ മറൈൻ പാലസ് ഹോട്ടലിൽ എത്തിച്ചിരുന്നത്. ഹോട്ടലിൽ എത്തിച്ച ശേഷം ഇടപാടുകാരിൽ നിന്നും ദിവസം 30,000 മുതൽ 40,000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. കുട്ടിയെ പീഡിപ്പിച്ച ഇടപാടുകാരുടെ പട്ടികയിലെ ആറാമത്തെ പ്രതിയാണ് വീരപാണ്ഡ്യൻ. തിരുനെൽവേലിയിലെ വ്യാപാരികൾക്ക് ഉയർന്ന പലിശയ്ക്ക് ലക്ഷക്കണക്കിന് രൂപ വായ്പ നൽകുന്നയാളാണ് ഇയാളെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് വീരപാണ്ഡ്യനും സുഹൃത്തായ യുവാവും മറൈൻ പാലസ് ഹോട്ടലിൽ എത്തിയത്. വീരപാണ്ഡ്യൻ ഗൂഗിൾ പേ വഴി ഹോട്ടലിന്റെ അക്കൗണ്ടിലേക്ക് പണമയച്ചതിന്റെ രേഖകൾ എസ്.ഐ.ടി ശേഖരിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പെൺകുട്ടി തിരിച്ചറിയാത്തതിനെ തുടർന്ന് നോട്ടീസ് നൽകി വിട്ടയച്ചു.
കുട്ടിയെ ഹോട്ടലിൽ എത്തിച്ച ശേഷം പീഡനത്തിന് സഹായം ചെയ്തുകൊടുത്തതിന് ഹോട്ടൽ ഉടമ സുരേഷ്, മാനേജർ രാധാകൃഷ്ണൻ എന്നിവരോട് വെള്ളിയാഴ്ച (നവംബർ 20) എസ്.ഐ.ടിക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് നൽകിയതായി അന്വേഷണ സംഘം മേധാവിയും കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറുമായ എസ്. ചന്ദ്രകുമാർ അറിയിച്ചു.
Content Highlights: The Special Investigation Team (SIT) has discovered that a 16-year-old girl from Andhra Pradesh was subjected to abuse not only at spas in Kovalam but also at a private hotel near the beach. In connection with the case, the SIT has arrested Veerapandian (45), a native of Nanguneri, Valliyoor, in the Tirunelveli district of Tamil Nadu.

