Sat. Nov 7th, 2026

കോഴിക്കോട്: എൻ.ഡി.പി.എസ് ഉൾപ്പെടെ പതിനൊന്നോളം കേസുകളിൽ പ്രതിയായ യുവാവും യുവതിയും എം.ഡി.എം.എയുമായി കുന്ദമംഗലം പോലീസിന്റെ പിടിയിലായി. പേരാമ്പ്ര പള്ളിച്ചാൽ സ്വദേശി അഫ്നാസ് (27), പാലക്കാട് എടത്തനാട്ടുകര സ്വദേശിനി റിൻഷാ ഫാത്തിമ (23) എന്നിവരാണ് അറസ്റ്റിലായത്. വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പാഞ്ഞുപോയ കാർ പിന്തുടർന്ന് നടത്തിയ തെരച്ചിലിലാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി ലഹരിമരുന്ന് കേസുകൾ ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണ് അഫ്നാസ്. റിൻഷാ ഫാത്തിമയ്ക്കെതിരെ നിലവിൽ മൂന്ന് കേസുകളുണ്ട്. എൻ.ഐ.ടിയിലെ ‘തത്വ 2026’ ആഘോഷങ്ങളുടെ ഭാഗമായി മേഖലയിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കുന്ദമംഗലം എസ്.ഐ ഏലിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. രാത്രി പത്തരയോടെ ചാത്തമംഗലം എൻ.ഐ.ടിക്ക് സമീപത്തുവെച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ട കാറിന് പോലീസ് കൈകാണിച്ചെങ്കിലും വാഹനം അതിവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു.

ഉടൻതന്നെ പോലീസ് സംഘം കാറിനെ പിന്തുടർന്നു. തുടർന്ന് എൻ.ഐ.ടി മെഗാ ഹോസ്റ്റലിന് സമീപത്തെ അപ്പാർട്ട്മെന്റ് പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട നിലയിൽ വാഹനം കണ്ടെത്തുകയായിരുന്നു. പോലീസിന്റെ വിശദമായ പരിശോധനയിൽ കാറിൽ നിന്ന് 11.90 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതികളെ കസ്റ്റഡിയിലെടുത്ത് കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.

Content Highlights: A young man and a woman, who are accused in around eleven cases—including those under the NDPS Act—were arrested by the Kundamangalam police with MDMA. The arrested individuals are Afnas (27), a native of Pallichal, Perambra, and Rinsha Fathima (23), a native of Edathanattukara, Palakkad.