Sat. Nov 7th, 2026

ന്യൂഡൽഹി: ജന്തർ മന്തറിന് ഏർപ്പെടുത്തിയിരുന്ന പ്രതിഷേധ വിലക്ക് ലംഘിച്ച് അകത്തുകടന്ന് കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ. ഇന്ന് (ഒക്‌ടോബർ 13) രാവിലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സി.ജെ.പി. മുഖ്യ വക്താവ് സൗരവ് ദാസ്, ദേശീയ വക്താവ് അശുതോഷ് രങ്ക എന്നിവരുൾപ്പെടെയുള്ള നേതാക്കളാണ് പൂട്ടിയ ഗേറ്റുകൾ ചാടിക്കടന്ന് ജന്തർ മന്തറിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ഡീ-നോട്ടിഫൈ ചെയ്തുകൊണ്ട് ഡൽഹി പോലീസ് ഒക്ടോബർ 12-ന് ഉത്തരവിറക്കിയിരുന്നു. പ്രതിഷേധങ്ങൾക്കായി രാംലീല ഗ്രൗണ്ട്, ബുരാരി ഗ്രൗണ്ട്, സി.ബി.ഡി. ഗ്രൗണ്ട് എന്നീ മൂന്ന് പുതിയ സ്ഥലങ്ങളാണ് പോലീസ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ജന്തർ മന്തറിലെ പ്രവേശന വിലക്ക് തള്ളിക്കളഞ്ഞുകൊണ്ടാണ് സി.ജെ.പി. നേതാക്കൾ അകത്തുകടന്നത്. “കോട്ട തകർത്തു, ജന്തർ മന്തർ തിരിച്ചുപിടിച്ചു” എന്ന് അവകാശപ്പെട്ട് നേതാക്കൾ ദേശീയ പതാക വീശുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് ഈ സംഭവവികാസം. സുരക്ഷാ കാരണങ്ങളും ഗതാഗതക്കുരുക്കും മുൻനിർത്തി ജന്തർ മന്തറിലെ സമരങ്ങൾക്ക് അനുമതി നിഷേധിച്ച പോലീസ് നടപടിക്ക് എതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

Content Highlights: Leaders of the Cockroach Janata Party (CJP) entered Jantar Mantar by defying the ban on protests at the site. The dramatic events unfolded this morning (October 13). Leaders, including CJP Chief Spokesperson Sourav Das and National Spokesperson Ashutosh Ranga, scaled the locked gates to gain entry into the premises. Police subsequently arrived at the scene and took them into custody.