പുണെ: അപകടമെന്ന് കരുതിയിരുന്ന കേതൻ അഗർവാൾ മരണത്തിൽ നിർണായക വഴിത്തിരിവായി വിനോദസഞ്ചാരികൾ എടുത്ത ഒരു ഫോട്ടോ. ലോഹഗഡ് കോട്ടയിൽ കേതനൊപ്പം പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും നിൽക്കുന്ന ദൃശ്യമാണ് വിനോദസഞ്ചാരികളുടെ ക്യാമറയിൽ അബദ്ധത്തിൽ പതിഞ്ഞത്. സംഭവം നടന്ന ജൂൺ 18ന് എടുത്ത ഈ ചിത്രം അന്വേഷണ സംഘം കുറ്റപത്രത്തിന്റെ ഭാഗമാക്കി. കേസിൽ സിയയ്ക്കും ചേതനുമെതിരെ 5300 പേജുള്ള കുറ്റപത്രമാണ് പുണെ റൂറൽ പൊലീസ് കോടതിയിൽ സമർപ്പിച്ചത്.

സംഭവദിവസം കോട്ടയിലെത്തിയ വിനോദസഞ്ചാരികളുടെ കൈവശമുണ്ടായിരുന്ന ഡിജിറ്റൽ ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പൊലീസിന് ഈ നിർണായക തെളിവ് ലഭിച്ചത്. കേതനെ കൊലപ്പെടുത്തിയതായി പൊലീസ് പറയുന്ന സ്ഥലത്ത് കൃത്യസമയത്ത് മൂന്നുപേരും ഉണ്ടായിരുന്നുവെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നതായി പുണെ റൂറൽ പൊലീസ് സൂപ്രണ്ട് സന്ദീപ് സിങ് ഗിൽ പറഞ്ഞു. കേതനെ ഉയരത്തിൽനിന്ന് തള്ളിയിട്ടത് സിയയും ചേതനും ചേർന്നാണെന്ന് ചൂണ്ടിക്കാട്ടുന്ന ദൃക്സാക്ഷി മൊഴിയും കുറ്റപത്രത്തിലുണ്ട്. ചേതൻ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന കാര്യവും സാക്ഷിമൊഴികളിലൂടെ സ്ഥിരീകരിച്ചതായി പൊലീസ് പറയുന്നു.
ജൂൺ 18നാണ് പുണെയിലെ വ്യവസായിയായ കേതൻ കൊല്ലപ്പെട്ടത്. സിയയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള സർപ്രൈസ് എന്ന പേരിലാണ് കേതനെ ലോഹഗഡ് കോട്ടയിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. കേതനുമായുള്ള വിവാഹനിശ്ചയത്തിന് മുമ്പുതന്നെ ചേതനുമായി സിയ അടുപ്പത്തിലായിരുന്നെന്നും വിവാഹത്തിൽനിന്ന് ഒഴിവാകാനായി കൊലപാതകം ആസൂത്രണം ചെയ്തെന്നുമാണ് പൊലീസ് ആരോപണം. ‘മാഹി’ എന്ന പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് കേതനെ കോട്ടയിലേക്ക് എത്തിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നാലെ സംഭവം അപകടമെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ, മൊബൈൽ ഫോൺ വിവരങ്ങൾ എന്നിവയ്ക്കൊപ്പം ഡിലീറ്റ് ചെയ്ത വാട്സാപ്പ് ചാറ്റുകൾ, കോൾ വിവരങ്ങൾ, രേഖകൾ, ലൊക്കേഷൻ ഡാറ്റ, തിരച്ചിൽ ചരിത്രം എന്നിവ ഉൾപ്പെടെ 12 ടിബി ഡിജിറ്റൽ വിവരങ്ങളും ഫൊറൻസിക് പരിശോധനയിൽ വീണ്ടെടുത്തതായി കുറ്റപത്രത്തിൽ പറയുന്നു. കേസിൽ സിയ ഗോയൽ, ചേതൻ ചൗധരി, ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചേതന്റെ സുഹൃത്ത് റിതേഷ് ഹാംഗേ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights:
A photograph taken by tourists has provided a crucial breakthrough in the death of Ketan Agarwal, an incident initially believed to be an accident. The tourists’ camera had inadvertently captured an image showing Ketan standing with his fiancée, Siya Goyal, and her lover, Chetan Chaudhary, at Lohagad Fort.


