Thu. Sep 17th, 2026

തൃശൂര്‍: മുതിര്‍ന്ന സി പി എം നേതാവ് ബേബി ജോണ്‍ (74) അന്തരിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ജില്ലാ സെക്രട്ടറി, സി ഐ ടി യു തൃശൂര്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണലൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു.

മണലൂര്‍ തൈക്കാട് ചക്രമാക്കില്‍ അന്തോണി-മേരി ദമ്പതികളുടെ മകനായി 1952ല്‍ ജനിച്ച ബേബി ജോണ്‍ 1969 മുതല്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. 1971ലാണ് പാര്‍ട്ടി അംഗമായത്. 1986ല്‍ ജില്ലാ കമ്മിറ്റിയിലെത്തി. 97 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. 2006 ജൂലൈയില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി. സി ഐ ടി യു ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിരവധി സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബേബിജോണ്‍ അടിയന്തരാവസ്ഥയില്‍ രണ്ടര മാസത്തോളം ജയിലില്‍ കഴിഞ്ഞു.

തൈക്കാട് പഞ്ചായത്തിലെ ബ്ലാങ്ങാട് പി വി എം എല്‍ പി സ്‌കൂളില്‍ 1971 മുതല്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. പോലീസ് നടപടികളെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം കാലം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. 1991ല്‍ സര്‍വീസില്‍ നിന്നും സ്വയം വിരമിച്ചാണ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായത്.

ഭാര്യ: പരേതയായ ഷീല. മക്കള്‍: മാനവന്‍, ഹിമവാന്‍ (ചാവക്കാട് സര്‍വീസ് സഹകരണ ബേങ്ക്), അംഗന (അയ്യന്തോള്‍ സഹകരണ ബേങ്ക്).



 

Leave a Reply