സിൽവർസ്റ്റോണിൽ നടന്ന ലെ മാൻസ് റേസിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പച്ചക്കൊടി വീശിയത് ട്രെൻഡിങ് ആകുന്നു. റേസിങ് ട്രാക്കിലിറങ്ങിയ സൂപ്പർതാരം അജിത് കുമാറിന് പിന്തുണയുമായാണ് വിജയ് എത്തിയത്. തിരക്കുകൾക്കിടയിലും എത്തിയ മുഖ്യമന്ത്രിക്ക് അജിത് നന്ദി പറഞ്ഞു. 34 വർഷത്തെ ചലച്ചിത്ര സൗഹൃദവും മുഖ്യമന്ത്രിയായുള്ള അദ്ദേഹത്തിന്റെ വളർച്ചയും അജിത് മാധ്യമങ്ങളോട് വാചാലനായി.

മോട്ടോർസ്പോർട്സിനൊപ്പം എല്ലാ കായിക വിഭാഗങ്ങളെയും തമിഴ്നാട് സർക്കാർ പിന്തുണയ്ക്കുന്നുണ്ടെന്ന് അജിത് ചൂണ്ടിക്കാട്ടി. ചെന്നൈയിൽ ലെ മാൻസ് പോലുള്ള അന്താരാഷ്ട്ര റേസുകൾ എത്തിക്കാൻ ആവശ്യമായ ലോജിസ്റ്റിക്സ് നേരിൽ വിലയിരുത്താൻ വിജയ് എത്തിയത് വലിയ നേട്ടമാണ്. ഇന്ത്യയിലും ചെന്നൈയിലുമായി ഇത്തരം മെഗാ മത്സരങ്ങൾ നടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അജിത് വ്യക്തത വരുത്തി.
അരങ്ങേറ്റ കാലം തൊട്ടുള്ള 34 വർഷത്തെ ബന്ധമാണ് ഇരുവരുടേതുമെങ്കിലും ആരാധകരുടെ സൈബർപോരുകൾക്ക് ഇടയിൽ ഈ കൂടിക്കാഴ്ച കൗതുകമായി. സിൽവർസ്റ്റോണിൽ വെച്ച് അജിത്തിനെ ഓടിച്ചെന്ന് വിജയ് ആലിംഗനം ചെയ്ത വീഡിയോകൾ ഇതിനോടകം വൈറലാണ്.

