Sat. Sep 12th, 2026

മലപ്പുറം: മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടന്‍കുഴി സ്വദേശി സുബിന്‍ ബാബു(26)വാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു.

മലപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവനന്തപുരത്ത് മൊബൈല്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്നയാളാണ് സുബിന്‍ ബാബു. മലപ്പുറത്തെ വിവിധ കോളജുകളിലെ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി പ്രചരിപ്പിച്ചെന്ന കേസിലാണ് സുബിന്‍ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

മലബാര്‍ മേഖലയിലെ കോളജ് വിദ്യാര്‍ഥിനികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്ന് ചിത്രങ്ങള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇത്തരം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പണം വാങ്ങി വില്‍പ്പന നടത്തിയിരുന്നതായും പ്രതി സമ്മതിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ 12ഓളം കോളജുകളിലെ വിദ്യാര്‍ഥിനികളാണ് മോര്‍ഫിങ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് മെറ്റയില്‍ നിന്നടക്കം പോലീസ് വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തി തിരുവനന്തപുരത്തു നിന്ന് പിടികൂടിയത്.



 

Leave a Reply