കെച്ചി: ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തിദിനങ്ങള്‍ വേണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബേങ്ക് ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് നടക്കും. ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് യൂണിയനുകള്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഇന്നത്തെ പണിമുടക്കിന് പുറമെ ശനി, ഞായര്‍ ദിവസങ്ങളിലെ പതിവ് അവധിയും കൂടി വരുമ്പോള്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ബേങ്കുകള്‍ അടഞ്ഞുകിടക്കും.
ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച വിനായക ചതുര്‍ഥി അവധി കൂടി വരുന്നതിനാല്‍ അവിടങ്ങളില്‍ നാല് ദിവസം വരെ ബേങ്ക് പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കാം. സെപ്തംബര്‍ 11 മുതല്‍ 13 വരെ ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ പണിമുടക്ക് മാറ്റിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും യൂണിയനുകള്‍ ഇത് നിരസിക്കുകയായിരുന്നു. ഇതിനുപുറമെ ഈ മാസം 28, 29, 30 തീയതികളില്‍ മൂന്ന് ദിവസത്തെ സമരവും ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

