ന്യൂഡല്‍ഹി: പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗത്തെ അനുകൂലിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും പാര്‍ട്ടിക്കാര്‍ വോട്ട് മാറ്റി ചെയ്യാമോയെന്ന് എംഎ ബേബി ചോദിച്ചു. പാര്‍ട്ടി തീരുമാനങ്ങളില്‍ പരാതിയും പരിഭവവും ഉണ്ടെങ്കിലും സിപിഎമ്മുകാര്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥിക്ക് തന്നെ വോട്ട് ചെയ്യണമെന്നും എം എ ബേബി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കള്‍ വിശദീകരിച്ചത് പോലെ പാര്‍ട്ടിക്കൊപ്പം നില്‍ക്കുക എന്ന ഉത്തരവാദിത്വത്തില്‍ ഏത് സാഹചര്യത്തിലും വ്യതിചലിച്ച് പോകാന്‍ പാടില്ല. അങ്ങനെയൊരു തെറ്റായ നിലപാടിലേക്ക് അവര്‍ പോകുന്നതിന് കാരണമായ പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടത്. തെറ്റുകള്‍ ഏറ്റ് പറയാനും തിരിച്ചറിയാനും കഴിയുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും എംഎ ബേബി പറഞ്ഞു.

സിപിഎമ്മിന് വോട്ട് ചെയ്തുകൊണ്ടിരുന്ന കുറേ അധികം ആളുകള്‍ ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ടു ചെയ്തില്ല. എതിരായി വോട്ട് ചെയ്തു.പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥികളെ കുറിച്ചൊക്കെ സഖാക്കള്‍ക്ക് പരാതിയും പരിഭവവും ഉണ്ടാകാം. പക്ഷേ പരാതിയോ പരിഭവമോ പാര്‍ട്ടിക്കെതിരായ വോട്ട് ചെയ്യുന്നതിലേക്ക് പോകാന്‍ പാടില്ല. പരാതികള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും ബേബി പറഞ്ഞു.
പാര്‍ട്ടി ആന്തരിക ചികിത്സയിലാണ്, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരുമെന്നും എം എ ബേബി വ്യക്തമാക്കി. നേതൃമാറ്റം എന്നത് മാധ്യമ സ്ൃഷ്ടിമാത്രമാണ്. തിരുത്തലുകള്‍ ഉണ്ടാകും, അത് തുടര്‍ച്ചയായ നടപടിയാണ്. ജനങ്ങള്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന നിലപാടാണ് ജനം സ്വീകരിച്ചത്. ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയായ ചിലത് പാര്‍ട്ടിയിലും വന്നു. കോഴിക്കോട് നടക്കുന്ന സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഒമ്പത് പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ പങ്കെടുക്കുമെന്നും എംഎ ബേബി പറഞ്ഞു. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ നടത്തുന്നത് സംസ്ഥാന കമ്മിറ്റികള്‍ ആവശ്യപ്പെട്ടതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

