Fri. Sep 4th, 2026

കൊച്ചി: സഹപാഠികളുടേയും അധ്യാപകരുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിലെ വിദ്യാര്‍ഥി ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം വര്‍ഷ ബി ബി എ വിദ്യാര്‍ഥിയായ ശ്രീഹരി എ ഐ സാങ്കേതികവിദ്യ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി.

പ്രതിയുടെ ഫോണില്‍ നിന്ന് നിരവധി പേരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. ടെലിഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴി ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോ, സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോ, മറ്റ് കോളജുകളുമായി ബന്ധമുണ്ടോ, ചിത്രങ്ങള്‍ പണത്തിന് വില്‍പ്പന നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കാക്കനാട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

അതേസമയം, പ്രതിയെ കോളജ് മാനേജ്മെന്റ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ലോക്കല്‍ ഗാര്‍ഡിയനെ വിളിച്ചുവരുത്തി പ്രതിയെ കാമ്പസില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. കുറ്റാരോപിതനായ വിദ്യാര്‍ഥി കെഎസ്യുവിന്റെ മീഡിയ ടീമില്‍ അംഗമാണെന്നും പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജിലേക്ക് അതിക്രമിച്ചെത്തിയെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

 



 

Leave a Reply

You missed