കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ മിൽപിറ്റാസിൽ താമസിച്ചിരുന്ന തൃശ്ശൂർ മുടിക്കോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ അറസ്റ്റ് മിൽപിറ്റാസ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് മറാമറ്റം സ്വദേശിയാണ് അറസ്റ്റിലായ അനില. മനഃപൂർവമായ നരഹത്യ കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ 25 വർഷംവരെ ജയിൽശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധർ നൽകുന്ന സൂചന.
അഞ്ജന കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഇതേ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യു ഫ്ലാറ്റിൽ കത്തിക്കുത്തേറ്റു കൊല്ലപ്പെട്ട സംഭവത്തിലും അനിലയ്ക്കെതിരേ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഒരേ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള അനില ബേബിയെ ഈ മാസം ഒൻപതിന് കോടതിയിൽ ഹാജരാക്കും.
അതേസമയം, ആൻ മേരി മാത്യുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ ആഴ്ചകളെടുക്കുമെന്നാണ് സൂചന. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് ജോർജ് എം.പി ഇന്ത്യൻ എംബസിക്ക് കത്തയച്ചിട്ടുണ്ട്.


