Wed. Sep 2nd, 2026

കൊച്ചി: കാലടി സർവകലാശാലയിലെ എസ് എഫ് ഐ പ്രതിഷേധത്തിൽ പങ്കെടുത്ത 16 വിദ്യാർഥികൾക്ക് സസ്പെൻഷൻ. സർവകലാശാലയുടെ അച്ചടക്കച്ചട്ടങ്ങൾ ലംഘിച്ചെന്ന സിൻഡിക്കേറ്റിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. പ്രതിഷേധവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് സസ്പെൻഷൻ.

സർട്ടിഫിക്കറ്റ് വിതരണം വൈകുന്നതടക്കമുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു വിദ്യാർഥികളുടെ സമരം. സമരത്തിനിടെ താൽക്കാലിക വൈസ് ചാൻസലർ സിസാ തോമസിനെ കൈയേറ്റം ചെയ്തെന്ന പരാതിയിലും പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിലും നാല് വിദ്യാർഥികളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് 79 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എസ് എഫ് ഐ പ്രതിഷേധവുമായി ബന്ധപ്പെട്ട് സിസാ തോമസ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഡിജിപി എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തുള്ള സർവകലാശാല ഉത്തരവ്.



 

Leave a Reply