ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് നായകനാകുന്ന ‘ടോക്‌സിക്’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിക്കിടെ ഉണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മേഡ്ചാൽ – മൽഗാജ്ഗിരി ജില്ലയിലെ മല്ല റെഡ്ഢി യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിക്കിടെ സൗണ്ട് ലൈറ്റിംഗ് സിസ്റ്റം തകർന്നു വീണാണ് അപകടമുണ്ടായത്. സർവകലാശാലയിൽ തടിച്ചുകൂടിയ വിദ്യാർത്ഥികളുടെയും ആരാധകരുടെയും മുകളിലേക്കാണ് ഇത് മറിഞ്ഞുവീണതെന്ന് സൈബറാബാദ് പോലീസ് അറിയിച്ചു.

അപകടസമയം വേദിയിൽ കാണികളോട് സംവദിക്കുകയായിരുന്നു നടൻ യാഷ്. താരത്തിനൊപ്പം എം.എൽ.എ മല്ല റെഡ്ഢിയും വേദിയിൽ ഉണ്ടായിരുന്നു. സ്പീക്കറുകൾ സ്ഥാപിച്ചിരുന്ന സ്റ്റാൻഡിൽ ചില ആരാധകർ വലിഞ്ഞുകയറുകയും, യാഷ് സംസാരിക്കുന്നതിനിടെ ആവേശഭരിതരായ വിദ്യാർത്ഥികൾ തിക്കുംതിരക്കുമുണ്ടാക്കുകയും ചെയ്തു. ഇതോടെ സമ്മർദം താങ്ങാൻ കഴിയാതെ ഫ്ലഡ്‌ലൈറ്റ് പോൾ മറിയുകയും ഭാരമുള്ള സ്പീക്കർ ബോക്സുകൾ സ്റ്റേജിന് സമീപം നിന്നവരുടെ മുകളിലേക്ക് വീഴുകയുമായിരുന്നു. ബോധരഹിതയായ ഒരു പെൺകുട്ടി ഉൾപ്പെടെ പരിക്കേറ്റവരെ ഉടനടി സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം നടന്നയുടൻ തന്നെ പരിപാടി നിർത്തിവെച്ച് പരിക്കേറ്റവരുടെ നിലയെക്കുറിച്ച് യാഷ് അന്വേഷിച്ചു. കുട്ടികൾ സുരക്ഷിതരാണെന്ന വിവരം സംഘാടകരിൽ നിന്നും ലഭിച്ചതോടെയാണ് പരിപാടി പിന്നീട് തുടർന്നത്. യാഷിനെ കാണാൻ നിരവധി പേർ എത്തിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാത്ത സ്ഥിതിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. തിക്കുംതിരക്കും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിദ്യാർത്ഥികളോട് മടങ്ങിപ്പോകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും, ഒരു വിഭാഗം വിദ്യാർത്ഥികൾ സ്റ്റേജിന് സമീപം തന്നെ നിലയുറപ്പിച്ചപ്പോഴാണ് ഈ അപകടമുണ്ടായത്.

