Wed. Aug 26th, 2026

✍️ ലിബി. സി.എസ്

സഹോദരൻ അയ്യപ്പനെ കുറിച്ച് അനുസ്മരിക്കുന്ന എല്ലാവരും എഴുതാറ് 1917 ലെ പ്രസിദ്ധമായ മിശ്രഭോജനത്തെ കുറിച്ചാണ്. സഹോദര സംഘം രൂപം കൊണ്ട് ഒരു മാസത്തിന് ശേഷമാണ് മിശ്രഭോജനം നടക്കുന്നത്. തുടർന്ന് ഒരു മൂന്ന് വർഷത്തോളം സഹോദര സംഘക്കാർ പല സ്ഥലങ്ങളിലും മിശ്രഭോജനവും ജാതിരാക്ഷസ ദഹന പരിപാടികളും നടത്തിയിരുന്നു.

മിശ്രഭോജനത്തിൻറെ നാലാം വർഷം (അതായത് ഗുരുവിൻറെ വിളംബരത്തിൻറെ അഞ്ചാം വാർഷികദിവസം) ഗുരു ആലുവയിൽ സംഘടിപ്പിച്ചതിനേക്കാൾ പ്രസക്തമായ ഒരു മഹാ സമ്മേളനവും അവർ കേരളത്തിൽ സംഘടിപ്പിച്ചിരുന്നു. പക്ഷേ ആ സമ്മേളനം ജാതിക്കും മതത്തിനും ദൈവത്തിനും എതിരെ ആയിരുന്നു എന്നതുകൊണ്ട് സർവമത സമ്മേളനത്തെക്കുറിച്ച് വാചാലരാകുന്നവർ ഈ സമ്മേളനത്തെ കുറിച്ച് ബോധപൂർവം തന്നെ മൗനം പാലിക്കാറാണ് പതിവ്. രണ്ടും രണ്ട് സംഘടനകളാണ് നടത്തിയതെങ്കിലും രണ്ടും നാരയണഗുരുവിന്റെ ആശീർവാദത്തോടെ തന്നെയാണ് നടന്നത്.

രണ്ടും നടന്നത് ആലുവയിൽ വെച്ച് തന്നെയാണ്. 1921ൽ ‘സാഹോദര്യം പുലരാൻ വർണ്ണാശ്രമ ധർമ്മം വലിച്ചെറിയുക’ എന്ന മുദ്രാവാക്യവുമായി സഹോദര സംഘം “സമസ്ത കേരള സഹോദര സമ്മേളനം” നടത്തിയതും ആലുവയിൽ വെച്ചുതന്നെയാണ്. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാനല്ല ആ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പെരിയാർ ആദ്യമായി കൊച്ചിയിൽ വരുന്നതെന്ന് പെരിയാർ തന്നെ എഴുതിയിട്ടുണ്ട്. തിരുവിതാംകൂറിൽ ആദ്യമായി വരുന്നത് വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാനായിരുന്നു.

സമ്മേളന പന്തലിന്റെ കവാടത്തിൽ ”സാഹോദര്യം സർവത്ര” എന്നൊരു സൂക്തം എഴുതിവെച്ചിരുന്നു. അത് ഗുരു പറഞ്ഞുകൊടുത്ത സൂക്തമാണ്. ഗുരു ഒരു വശത്ത് ഭക്തശിരോമണികൾക്കൊപ്പം നിൽക്കുമ്പോൾ മറുവശത്ത് യുക്തിവാദികൾക്കൊപ്പവും നിന്നിരുന്നു. അതുകൊണ്ടാണ് അന്നത്തെ ഇന്റലക്ച്വൽസ് എല്ലാം ഗുരുവിന്റെ ശിഷ്യന്മാർ ആയത്. സഹോദര സംഘത്തിൻറെ മുദ്രാവാക്യം തന്നെ “ജാതി നാശത്തുക്ക് ജയ്, മത നാശത്തുക്ക് ജയ്, ദൈവ നാശത്തുക്ക് ജയ്” എന്നതായിരുന്നു.

ആ സമ്മേളനത്തെക്കുറിച്ച് മിതവാദി പത്രികയും കെസി കുട്ടൻറെ ‘കരപ്പുറം’ മാസികയും സഹോദരൻ പത്രവും കേരള കൗമുദിയും സ്‌പെഷ്യൽ പതിപ്പിറക്കിയിരുന്നു. ആലപ്പുഴയിലാണ് കൊച്ചി കഴിഞ്ഞാൽ സഹോദരസംഘക്കാർ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നതും ശക്തമായിരുന്നതും. അവരൊക്കെത്തന്നെയാണ് പിന്നീട് ആലപ്പുഴയിലെ കമ്യൂണിസ്റ്റ് നേതാക്കളായി മാറിയവരിൽ അധികവും.

ആലുവയിലെ സഹോദര സമ്മേളനത്തിൽ നടത്തിയ സുഗതൻ സാറിൻറെ പ്രസംഗം കരപ്പുറം മാസികയിൽ നിന്നും ആർ സുഗതൻ ഷഷ്ഠിപൂർത്തി സോവനീറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പെരിയാർ, കെപി വള്ളോൻ, എം സി ജോസഫ്. മിതവാദി കൃഷ്ണൻ. ഡോ. പിപി ആന്റണി, സിവി കുഞ്ഞിരാമൻ, രാമവർമ്മ തമ്പാൻ, പനമ്പള്ളി ഗോവിന്ദമേനോൻ, ആർ സുഗതൻ, സി. കേശവൻ, പി കെ കോരുമാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചിരുന്നു.

ആലുവയിലെ സർവമതസമ്മേളനം ഹിന്ദുത്വവാദികൾ കുളമാക്കുകയും ഗുരുവിനെ സങ്കടത്തിലാക്കുകയുമാണ് ചെയ്തതെങ്കിൽ സഹോദര സമ്മേളനം എല്ലാ അർത്ഥത്തിലും വിജയമായിരുന്നു. ആ സമ്മളനത്തിൻറെ വിജയമാണ് ഗുരുവിനെ സർവ്വമത സമ്മേളനം നടത്താൻ പ്രേരിപ്പിച്ച ഒരു ഘടകവും. എന്നാൽ സർവ്വമത സമ്മേളനത്തെ അന്യമത വിദ്വേഷ പ്രസംഗത്തിനുള്ള വേദിയാക്കിമാറ്റിയതിൽ രോഷംകൊണ്ട് പരിഭാഷകന്മാർ ആയിരുന്ന ടികെ മാധവനും സഹോദരൻ അയ്യപ്പനുമൊക്കെ പരിഭാഷ മതിയാക്കി വേദിയിൽനിന്നും ഇറങ്ങിപ്പോകുകയായിരുന്നു ചെയ്തത്!
കരപ്പുറം മാസികയിൽ മൂലൂർ നിരവധി കവിതകൾ എഴുതിയിട്ടുണ്ട്. അതിൽ ഒരു കവിതയുടെ പേര് തന്നെ “സാഹോദര്യം” എന്നായിരുന്നു. 32 വരികൾ ഉള്ള ഈ കവിതയിലെ ഏറെ പ്രസിദ്ധമായ വരിയാണ്-
“കണ്ടോ വേമ്പനാട്ടുകായൽ തന്നിൽ മുങ്ങിമരിക്കാനു-
`മിണ്ടൻ തുരുത്തി ` തൻ ചീട്ടുകിട്ടണം പോലും !”

ഗുരുവിനെ വൈക്കത്ത് വെച്ച് ബ്രാഹ്മണർ റിക്ഷാവണ്ടിയിൽ നിന്നിറക്കിവിട്ടതിനെ കുറിച്ചുള്ള കവിതയും കരപ്പുറം മാസികയിലാണ് ആദ്യമായി അച്ചടിച്ചുവന്നത്.
വൈക്കത്തു കൂടി സഞ്ചരിച്ച ഗുരുവിനെ ബാഹ്മണർ റിക്ഷാ വണ്ടിയിൽ നിന്നും ഇറക്കിവിട്ട സംഭവത്തെ കുറിച്ച്‌ മൂലൂർ കരപ്പുറം മാസികയിൽ ഇങ്ങനെ എഴുതിയിരുന്നു:
“വൈയ്ക്കത്തു വച്ചു മുന്നം റിക്ഷാ വണ്ടിയിൽ മുനി
മുഖ്യനാം നാരായണ സ്വാമികൾ പോയീടവേ
മുഷ് കെഴു മഹീദേവൻ നേരേ വന്നു
ചക്ര വാഹക നടു മാറുകയെന്നു ചൊല്ലി
തൃക്കഴലപ്പോൾ താഴെ വച്ചു താൻ സഞ്ചരിച്ചാൻ”

ഈ സംഭവത്തിന് എതിരെ ബ്രാഹ്മണർക്കിട്ട് ഒരു കൊട്ടു കൂടി ആയിരുന്നു ‘സാഹോദര്യം’ എന്ന കവിത. അതിലെ ചില വരികൾ ചുവടെ-
“വ്യാഘ്രി പെറ്റുകിടക്കും വാർകാനനമെന്നർത്ഥമുള്ള
വ്യാഘ്രാലയം വൈക്കത്തിന്റെ പര്യായമത്രേ .
ദുർഘടമവിടെ സഞ്ചരിക്കുവാനുണ്ടെന്നാകിലും
വാഘ്രികണ്ടീരവത്തിനും താഴെയാണല്ലേ .
കള്ളുകുടിച്ചീടും ഭ൫കാളിക്കുമുണ്ടല്ലോ തീണ്ടൽ
പുള്ളിയെ ത്തെറികൾ പാടി നിങ്ങൾ പൂജിപ്പൂ .
ശ്രീനാരായണഗുരുസ്വാമി തിരുവടി
വിതതാനുഗ്രഹം ചെയ്യും പ്രത്യഗ്ര ബുദ്ധൻ…”

ധർമ്മപദം വിവർത്തനം ചെയ്തതുപോലെ, ‘സാഹോദര്യം’ എന്ന കവിതയും അയ്യപ്പൻമാഷ് പറഞ്ഞിട്ട് സഹോദരസംഘത്തിന് വേണ്ടി എഴുതിയതാണ്. അത് ആദ്യമായി അച്ചടിച്ചു വന്നതും ‘കരപ്പുറം’ മാസികയിലാണ്.

1917 ഏപ്രിൽ 29 ന് ആയിരുന്നു കൊച്ചിയിൽ കെ. അയ്യപ്പൻ സഹോദര സംഘത്തിന് രൂപം നൽകിയത്. ആ സഹോദര സംഘമാണ് പിന്നീട് യുക്തിവാദി സംഘമായി മാറിയത്. മിശ്ര ഭോജനം, മിശ്രവിവാഹം, അധ:കൃതവർഗോദ്ധാരണം, സ്ഥിതിസമത്വവാദം ജാതി നശീകരണം എന്നിവയായിരുന്നു സഹോദര സംഘത്തിൻറെ പ്രവർത്തന പരിപാടികൾ. ഈ സംഘത്തിൻ്റെ ആഭിമുഖ്യത്തിലായിരുന്നു ഒരുമാസത്തിന് ശേഷം 1917 മെയ് 29-ന് ആയിരുന്നു ചെറായിയിൽ സാമൂഹ്യവിപ്ളവ രുചിയുള്ള ‘മിശ്രഭോജനം’ നടന്നത്. അതായത് നാരായണഗുരു ജാതിയും മതവുമെല്ലാം ഉപേക്ഷിച്ച പരസ്യം നൽകിയതിന്റെ ഒന്നാം വാർഷിക ദിവസം. (1916 മെയ് 29 (1091 ഇടവം 15) ന് ആയിരുന്നു നാരായണഗുരു “നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല….” എന്ന് പ്രബുദ്ധ കേരളം പത്രത്തിൽ പരസ്യം ചെയ്തത്.)

മിശ്രഭോജനം സഹോദരനയ്യപ്പന് നേടിക്കൊടുത്തത് പുലയൻ അയ്യപ്പനെന്ന ബഹുമതിയാണ്. പക്ഷേ, അദ്ദേഹം എല്ലാ വിമർശനങ്ങളെയും ധീരമായി നേരിട്ടു. അദ്ദേഹത്തോടൊപ്പം മിശ്രഭോജനത്തിൽ പങ്കെടുത്ത ഈഴവരെയെല്ലാം ‘പുല ചോകോന്മാർ’ ആക്കി സമുദായ ഭ്രഷ്ട്ട് കൽപ്പിച്ച് ചെറായിയിലെ വിജ്ഞാനവർദ്ധിനി സഭ പുറത്താക്കി. കുമാരൻ ആശാൻ ഉൾപ്പെടെ അയ്യപ്പനെതിരെ വിവേകോദയത്തിൽ എഡിറ്റോറിയൽ എഴുതി. 10 വർഷത്തിന് ശേഷമാണ് സമുദായ ഭ്രഷ്ട്ട് മാറ്റിയത്. ശാരീരികമായി വരെ അയ്യപ്പൻ ആക്രമിക്കപ്പെട്ടു. ഗുരു മാത്രമേ അയ്യപ്പൻറെ കൂടെ നിന്നുള്ളൂ.

പുലയ സമുദായത്തിൽ പെട്ട ചെറായി പള്ളിപ്പുറത്തുള്ള കോരശ്ശേരി വീട്ടിലെ അയ്യരും മകൻ കണ്ണനും ആണ് മിശ്രഭോജനത്തിൽ പങ്കെടുത്തത്. മിശ്രഭോജനം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിലുള്ളതുപോലെ പന്തിയിൽ ഒരുമിച്ചിരുത്തി ഉണ്ണുകയായിരുന്നില്ല സഹോദരൻ ചെയ്തത്. ഒരു പടികൂടി കടന്ന് സഹോദര സംഘക്കാർ സമ്മേളനം നടത്തിയശേഷം ഈ കോരാശ്ശേരി കണ്ണൻ കറി കൂട്ടി കുഴച്ച ചോറ് ആ ഇലയിൽ നിന്ന് അയ്യപ്പനും സുഹൃത്തുക്കളും എടുത്ത് കഴിക്കുകയായിരുന്നു. ഭോജനത്തെ എങ്ങനെ മനുഷ്യരെ ഒരുമിപ്പിക്കാൻ വിനിയോഗിക്കാമെന്ന് ആ സംഭവം കേരളത്തിന് കാട്ടിക്കൊടുത്തു.

അല്ലാതെ അത് വെറുമൊരു പന്തിഭോജനം ആയിരുന്നില്ല, സഹോദരൻറെ മിശ്രഭോജത്തിന് മുൻപും ശേഷവും വേറെയും പന്തിഭോജനങ്ങളൊക്കെ നടന്നിട്ടുണ്ടെങ്കിലും സഹോദരൻ നടത്തിയ ഇടപെടലിനെ അവയൊന്നുമായി താരതമ്യപ്പെടുത്താവുന്നത് അല്ലാതാക്കുന്നത് അതാണ്.

മിശ്രഭോജനത്തിനു ശേഷം സഹോദരൻ അയ്യപ്പൻ അതിൽ പങ്കെടുത്തവരെക്കൊണ്ട് ഒരു പ്രതിജ്ഞ കൂടി ചെയ്യിച്ചിരുന്നു. സഹോദരന് മുൻപോ ശേഷമോ നടന്ന പന്തിഭോജന സദ്യകളിലൊന്നും ആരും ഇങ്ങനൊരു പ്രതിജ്ഞ ചൊല്ലിച്ചിരുന്നില്ല. ഇന്ന് ആ പ്രതിജ്ഞക്കാണ് പ്രസക്തി സദ്യക്കല്ല. പ്രതിജ്ഞാ വാചകം ശ്രദ്ധിച്ചു വായിച്ചാൽ മനസിലാകും ഇത് മറ്റു പന്തിഭോജനങ്ങളുടെ ഗണത്തിൽ പെട്ടത് ആയിരുന്നില്ല എന്ന്.

”ജാതിവ്യത്യാസം ശാസ്ത്രവിരുദ്ധവും ദോഷകരവും അനാവശ്യവും മനുഷ്യത്വ വിരുദ്ധവും ആയതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ നിയമവിരുദ്ധമല്ലാത്ത വിധം എന്നാൽ കഴിയുന്നതൊക്കെ ഞാൻ ചെയ്യുന്നതാണ്” എന്നായിരുന്നു പ്രതിജ്ഞാവാചകം.

“ജാതിവ്യത്യാസം ശാസ്ത്രവിരുദ്ധമാണ്” അയ്യപ്പൻ സയൻസുമായി അതിനെ ലിങ്ക് ചെയ്തുകൊണ്ട്. സയൻസിന്റെ രീതിശാസ്ത്രത്തിലൂടെ പരിശോധിക്കുമ്പോൾ ജാതി വ്യത്യാസം സമ്പൂർണ്ണ അസംബന്ധവും മനുഷ്യവിരുദ്ധവും ആണ് എന്നാണ് പ്രതിജ്ഞ ചെയ്യിക്കുന്നത്, ദൈവത്തെ പ്രതിയല്ല.

അതവിടെ സദ്യ ഉണ്ട് തീരുകയായിരുന്നില്ല. മിശ്രഭോജനത്തെ തുടർന്ന് നാരായണ ഗുരു പേരെഴുതി ഒപ്പിട്ട് ഇറക്കിയ മഹാ സന്ദേശം എല്ലാവർക്കും അറിയാമല്ലോ?

“മനുഷ്യരുടെ മതം, വേഷം, ഭാഷ വസ്ത്രധാരണരീതി മുതലായവ എങ്ങിനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല എന്ന് നാരായണഗുരു(ഒപ്പ്)”

അതിൽ ഭക്ഷണം കഴിക്കാൻ മാത്രമല്ല പറഞ്ഞത്. പരസ്പരം വിവാഹം കഴിക്കാനും പറയുന്നുണ്ട്. അതിൻറെ തുടർച്ചയായി മിശ്രവിവാഹ സംഘം രൂപംകൊള്ളുന്നുണ്ട്. ഇന്ത്യയിലെ ഇപ്പോൾനിലവിലുള്ള Special Marriage Act, 1954 നിലവിൽ വരുന്നതിന് മുൻപേതന്നെ സഹോദരൻ കൊച്ചി നിയമസഭയിൽ മിശ്രവിവാഹിതർക്കായി നിയമം അവതരിപ്പിച്ച് പാസാക്കുകയും ചെയ്തിരുന്നു.

ഗുരു ദൈവദശകം എഴുതിയപ്പോൾ സഹോദരൻ അതിനെ തിരുത്തി സയൻസ് ദശകം എഴുതുക മാത്രമല്ല ചെയ്തത്, ഗുരു വേദാന്തവും പുനർജന്മവുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സഹോദരൻ പരിണാമ സിദ്ധാന്തത്തെക്കുറിച്ച് “പരിണാമം” എന്നൊരു കവിതയും എഴുതുന്നുണ്ട്. അതിലദ്ദേഹം പറയുന്നത്-
“ഡാർവീനിയദർശനം വെച്ചു
നോക്കുമ്പോൾളഖിലത്തിനും
പ്രത്യാശാപൂർണ്ണമാമർത്ഥം
കാണാമഭിനവോജ്വലം” എന്നാണ്.

ഗുരു “ഭാര്യാധർമ്മം” എഴുതുമ്പോൾ പാർവതി അയ്യപ്പൻ പിന്നീട് അതിന് നേർവിപരീതമായ ആശയങ്ങളുമായി “സ്ത്രീ ധർമ്മം” എഴുതുന്നുണ്ട്‌.

“ശ്രീനാരായണൻ തുറന്ന മാർഗ്ഗം ശ്രീനാരയണനെ വെച്ച് അടക്കരുത്” എന്ന് പ്രഖ്യാപിക്കുന്ന അയ്യപ്പൻ സയൻസുമായി അതിനെ ലിങ്ക് ചെയ്യാനാണ് ശ്രമിച്ചത്.

ചില ഭക്തശിരോമണികൾ പ്രചരിപ്പിക്കുംപോലെ അയ്യപ്പൻ നാരായണഗുരുവിനെ മനുഷ്യപുരോഗതിയുടെ അവസാന വാക്കായി കണ്ട ആളല്ല. അത് അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്- നാരായണഗുരു മരിച്ച് 22 വർഷത്തിന് ശേഷം സഹോദരൻ നടത്തിയ പ്രസംഗത്തിലെ ഭാഗമാണ് ഇത്:
“മനുഷ്യസമുദായം പുതിയ പുതിയ പ്രശ്നങ്ങൾ ഉദിച്ചും പുതിയ പുതിയ തീരുമാനങ്ങൾ കണ്ടും എന്നും മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എന്നന്നേക്കു മാത്രം എല്ലാറ്റിനുമായും ഉള്ള ഒറ്റമൂലി തീരുമാനം മനുഷ്യ പുരോഗതിയിൽ ഇല്ല. വിപ്ലവകരമായ മാറ്റങ്ങളാൽ പൊതുവേ മനുഷ്യസമുദായ ഗതിയിലോ പ്രത്യേക ജനങ്ങളുടെ ഗതിയിലോ പുതിയ മറ്റു വഴികൾ വെട്ടി തുറക്കുന്ന പല മഹാന്മാരെയും വെച്ച് അവർ തുറന്ന മാർഗങ്ങൾ തന്നെ അവരുടെ അനുയായികളുടെ ഭക്തി പാരവശ്യം അടച്ചു കളഞ്ഞിട്ടുണ്ട്. ശ്രീനാരായണൻ തുറന്ന മാർഗം ശ്രീനാരായണനെ വെച്ച് അടയ്ക്കാൻ ഇട വരാതിരിക്കട്ടെ”- സഹോദരൻ അയ്യപ്പൻ (1950ലെ ശിവഗിരിപ്രസംഗത്തിൽ നിന്ന്.)

മിതവാദി കൃഷണന്റെ വീട്ടില് കേരളത്തിലെ ആദ്യ യുക്തിവാദി സമ്മേളനം നടന്നതും ആദ്യത്തെ യുക്തിവാദി സംഘടനയായ ‘യുക്തിവാദി സഭ’ രൂപം കൊണ്ടതും ശ്രീനാരയണ ഗുരുവിൻറെ നേരത്തേ സൂചിപ്പിച്ച വിളംബരത്തിൻറെ 10 ആം വാർഷിക ദിവസമായ 1926 മെയ് 29 ന് ആയിരുന്നു എന്നത് യാദൃശ്ചികമായി സംഭവിച്ചതല്ല എന്നും ഇതൊരു തുടർ പ്രവർത്തനം ആയിരുന്നു എന്നും വ്യക്തമല്ലേ?

കേരളത്തിലെ ആദ്യത്തെ അംബേദ്കറൈറ്റുമായിരുന്നു കെ. അയ്യപ്പൻ. സഹോദരൻ പത്രത്തിന്റെ പേജുകൾ പതിവായി പെരിയാർക്കും ഡോ. അംബേദ്കർക്കുമായി അദ്ദേഹം നീക്കിവെച്ചിരുന്നു, “അംബേദ്ക്കർ സ്പെഷ്യൽ പതിപ്പ്” വരെ സഹോദരൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹോദരൻ പ്രതീക്ഷ അർപ്പിച്ചിരുന്നത് ബാബാ സാഹിബിൽ തന്നെ ആയിരുന്നു എന്ന് ഈ വരികൾ തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ?
“അംബേദ്ക്കറെന്നതന്നാമ
ചതുരക്ഷരി മന്ത്രമായ്
ജപിക്കും നന്ദിതിങ്ങുന്ന
ഹൃത്തെഴും ഭാവിഭാരതം”
(ജാതി ഭാരതം)

സഹോദരൻ അയ്യപ്പൻ അവസാനമായി പങ്കെടുത്ത രേഖകളുള്ള പൊതു പരിപാടി 1967 ഡിസംബർ 30 ലെ ശിവഗിരി തീർത്ഥാടന സമ്മേളനമാണ്. സഹോദരൻ അവസാനമായി പങ്കെടുത്ത യുക്തിവാദികളുടെ പരിപാടി യുക്തിവിചാരം ജോസ് തൃശൂരിൽ വിളിച്ചുചേർത്ത 1963 മെയ്‌ മാസത്തിലെ യുക്തിവാദി സുഹൃദ് സംഗമമാണ്‌. അതിൽ എംസി ജോസഫ്ഉം കുറ്റിപ്പുഴയും വി ടി ഭട്ടതിരിപ്പാടുമൊക്കെ പങ്കെടുത്തിരുന്നു.

ചിത്രത്തിലുള്ളത് സഹോദര സംഘ പ്രവർത്തകരായിരുന്ന നൂറു വർഷം മുൻപേ ‘ദൈവ നാശത്ത്ക്ക് ജയ്. വിളിച്ച 4 പ്രമുഖർ ആണ്. അതിൽ ഒരാൾ തിരുകൊച്ചി മന്ത്രിയും മുഖ്യമന്ത്രിയും ഒക്കയായ ആളും മറ്റൊരാൾ കൊച്ചിയിലും തിരുകൊച്ചിയിലുമൊക്കെ മന്ത്രി ആയിരുന്നയാളും ഒരാൾ കൊച്ചി രാജ്യത്ത് എം എൽ എ ആയിരുന്നയാളും ഒരാൾ മാത്രം യുക്തിവാദികളുടെയും ഭക്തിവാദികളുടെയും ചരിത്രത്തിൽ നിന്നും ബോധപൂർവം ഒഴിവാക്കപ്പെട്ടയാളുമാണ്, അയാളാണ് ചേർത്തലയിൽ ശ്രീനാരയണഗുരുവിൻറെ പ്രതിഷ്‌ഠ തടഞ്ഞ കെസി കുട്ടൻ!

ചിത്രത്തിൽ 1) സികേശവൻ, 2) കെസി കുട്ടൻ, 3 സഹോദരൻ അയ്യപ്പൻ, 4) കെപി വള്ളോൻ എന്നിവർ



 

Leave a Reply