Tue. Aug 18th, 2026

ന്യൂഡൽഹി: ഹൈദരാബാദിലെ നൽസാർ (NALSAR) ലോ സർവ്വകലാശാലയുമായി ബന്ധപ്പെട്ട തർക്കത്തിൽ നിയമ വിദ്യാർത്ഥികളോട് മാപ്പപേക്ഷിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI Chairman Apologises) ചെയർമാൻ മനൻ കുമാർ മിശ്ര. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനുനേരേ പ്രതിഷേധിച്ച നിയമ വിദ്യാർഥികളെ അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് വിവാദ നിർദേശമിറക്കിയ സംഭവത്തിലാണ് ചെയർമാൻ മാപ്പ് പറഞ്ഞത്. ഇതൊരു ഈഗോ പ്രശ്നമായി കാണുന്നില്ലെന്നും വിദ്യാർത്ഥികളുടെ ഭാവിക്കാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

അക്കാദമിക് സ്വയംഭരണവും ബാർ കൗൺസിലിന്റെ നിയന്ത്രണങ്ങളും തമ്മിലുള്ള തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. നിയമ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ബി സി ഐ ശ്രമിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. വിദ്യാർത്ഥികളുടെ അക്കാദമിക് വർഷത്തെയോ കരിയറിനെയോ ബാധിക്കുന്ന രീതിയിലുള്ള തീരുമാനങ്ങൾ ഉണ്ടാകില്ലെന്ന് ബാർ കൗൺസിൽ ഉറപ്പുനൽകി.

പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും തർക്കങ്ങൾ ഉടനടി അവസാനിപ്പിക്കാൻ ഇരുവിഭാഗവും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങളും റഗുലേറ്ററി ബോഡിയും തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർവകലാശാലയുടെ ബിരുദദാന ചടങ്ങിലേക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയായി ക്ഷണിക്കാൻ തീരുമാനിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇതിനെതിരെ നൽസാറിലെ 1,400 വിദ്യാർത്ഥികളിൽ 450 ഓളം പേർ ഒപ്പിട്ട് പ്രചാരണം തുടങ്ങി. തുടർന്ന് ബാർ കൗൺസിൽ നൽസാറിൽ നിന്ന് 2026 ൽ പുറത്തിറങ്ങുന്ന ബിരുദധാരികളെ അഭിഭാഷകരായി എൻറോൾ ചെയ്യരുതെന്ന് രാജ്യത്തെ എല്ലാ സംസ്ഥാന ബാർ കൗൺസിലുകൾക്കും നിർദേശം നൽകിയതോടെ വിവാദം കൂടുതൽ ചൂടുപിടിച്ചു. ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മനൻ കുമാർ മിശ്ര വിവാദ ഉത്തരവ് പിൻവലിച്ചു. പക്ഷേം, വിദ്യാർഥികൾ വിട്ടില്ല. ഉത്തരവ് പിൻവലിച്ച നടപടിയെ ഞങ്ങൾ സ്വാഗതം ചെയ്ത വദ്യാർഥികൾ ചെയർമാൻ മാപ്പ് പറയണമെന്ന ആവശ്യം മുന്നോട്ടുവെക്കുകയായിരുന്നു.



 

Leave a Reply