Sun. Aug 9th, 2026

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽ പി എസ് ടി (LPST – Lower Primary School Teacher) റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 34 ദിവസം പിന്നിട്ടു. മുൻപ് മണ്ണ് തിന്ന് പ്രതിഷേധിച്ച ഉദ്യോഗാർത്ഥികൾ ഇത്തവണ പുല്ലുതിന്നാണ് സെക്രട്ടേറിയറ്റിന് മുന്നിൽ വേറിട്ട പ്രതിഷേധ സമരം നടത്തിയത്. പഠിച്ച് കഷ്ടപ്പെട്ട് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടും ജോലി ലഭിക്കാതെ പുല്ലുതിന്ന് പ്രതിഷേധിക്കേണ്ടി വരുന്ന ഗതികേടിലാണ് തങ്ങളെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

എൽ പി എസ് ടി റാങ്ക് ലിസ്റ്റ് പി എസ് സി പ്രസിദ്ധീകരിക്കുന്നത് 2025 മെയ് 31-നാണ്. ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും വളരെ തുച്ഛമായ നിയമനങ്ങൾ മാത്രമാണ് ഇതുവരെ നടന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇനി ഒരു അധ്യയന വർഷം മാത്രമാണ് ബാക്കിയുള്ളത്. അതിനുള്ളിൽ അടിയന്തര നിയമനം നടത്തിയില്ലെങ്കിൽ നിരവധി ഉദ്യോഗാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാകും.

അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി എസ് സിക്ക് വിടുക, റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് അടിയന്തര നിയമനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധിക്കുന്നത്.

സമരത്തിന്റെ ഭാഗമായി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി എസ് വളർമതി നടത്തുന്ന നിരാഹാര സമരം 10 ദിവസം പിന്നിട്ടു. അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നത് സംബന്ധിച്ച് പ്രൊപ്പോസൽ തയ്യാറാക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് സമരസമിതി ആരോപിക്കുന്നു. ഏഴ് തവണ സർക്കാർ സമരസമിതിയുമായി ചർച്ച നടത്തിയെങ്കിലും രണ്ടു മാസത്തെ സാവകാശമാണ് ആവശ്യപ്പെട്ടത്.

പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി ആശാ വർക്കർമാർ മുതൽ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും എത്തിയിട്ടുണ്ട്. അതിനിടെ ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി എത്തിയ യുവമോർച്ച പ്രവർത്തകരും പോലീസും തമ്മിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷവുമുണ്ടായി.



 

Leave a Reply