ചെന്നൈ: വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി മാരി വൽസൻ അവതരിപ്പിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും ബജറ്റ് അവതരണത്തിനിടയിൽ വ്യക്തമാക്കി. 2036ഓടെ തമിഴ്‌നാടിനെ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന് 44,537 കോടിയും ഉന്നത വിദ്യാഭ്യാസത്തിന് 8,393 കോടിയും വകയിരുത്തിയതോടൊപ്പം, സർക്കാർ സ്കൂളുകളുടെ അടിസ്ഥാന വികസനത്തിന് 139 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ബ്രാൻഡഡ് സൈക്കിളും ഹെൽമെറ്റും വാട്ടർ ബോട്ടിലും നൽകുന്ന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി നിരവധി ജനക്ഷേമ പദ്ധതികളാണ് ബജറ്റിലുള്ളത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകാൻ 2,000 കോടി രൂപയും, യുവാക്കൾക്ക് തൊഴിൽ പരിശീലനത്തിനായി 150 കോടിയും വകയിരുത്തി. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ ബോധവൽക്കരണവും വോളന്റിയർ ഗ്രൂപ്പുകളും ‘ഡ്രഗ് ഫ്രീ തമിഴ്നാട്’ ആപ്പും നടപ്പിലാക്കും. കൂടാതെ, പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്തുമെന്നും, സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണ്ണ മോതിരം നൽകുന്ന പദ്ധതിക്കായി 560 കോടി രൂപയും, കായിക രംഗത്തിനായി ഒളിമ്പിക് സെന്ററുകൾക്ക് 50 കോടിയും അനുവദിച്ചിട്ടുണ്ട്.
സ്ത്രീകൾക്കും മത്സ്യത്തൊഴിലാളികൾക്കും വിവിധ സഹായങ്ങളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. വിവാഹിതരാകുന്ന യുവതികൾക്ക് എട്ട് ഗ്രാം സ്വർണ്ണ നാണയവും പട്ടുസാരിയും നൽകുന്ന പദ്ധതിക്കായി 812 കോടി രൂപ വകയിരുത്തി. വിധവകളായ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യമായി പശുക്കളെ നൽകുന്ന പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. ഹജ്ജ് യാത്രയ്ക്കുള്ള ധനസഹായം 25,000 രൂപയിൽ നിന്ന് 35,000 രൂപയായി ഉയർത്തി. ട്രോളിംഗ് നിരോധന കാലത്തെ മത്സ്യത്തൊഴിലാളികളുടെ ധനസഹായം 7,000 രൂപയാക്കി വർദ്ധിപ്പിക്കുകയും ചെയ്തു. ചെന്നൈയിൽ 1,000 ശീതീകരിച്ച ഇലക്ട്രിക് ബസുകൾക്കായി 500 കോടിയും, 200 യൂണിറ്റ് സൗജന്യ വൈദ്യുതിക്കായി 1,543 കോടിയും മാറ്റിവെച്ചിട്ടുണ്ട്.
എന്നാൽ, തമിഴ്നാട് ബജറ്റിലെ ചില പ്രഖ്യാപനങ്ങൾ കേരളത്തിന് ആശങ്കയുണ്ടാക്കുന്നതാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനവും, കാവേരി നദീജല തർക്കത്തിൽ അർഹതപ്പെട്ട ജലം നേടിയെടുക്കുമെന്നും മേക്കേദാട്ട് അണക്കെട്ടിനെ എതിർക്കുമെന്നുമുള്ള പ്രസ്താവനകളും ഇതിൽ ഉൾപ്പെടുന്നു. നീറ്റ് പരീക്ഷയെ ശക്തമായി എതിർക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ജലദൗർലഭ്യം പരിഹരിക്കാനുള്ള നടപടികൾക്കൊപ്പം തന്നെ കേരളത്തിന്റെ ആശങ്ക വർദ്ധിപ്പിക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.


