കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനിടെ യുവതി മരിച്ചു. ചികിത്സാപ്പിഴവ് കാരണമാണ് മരണം സംഭവിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ആലപ്പുഴ ഓമനപ്പുഴ പൊള്ളയില്‍ സ്വദേശി അനീഷിന്റെ ഭാര്യ ഫേബ ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി.

കഴിഞ്ഞ ശനിയാഴ്ചയാണ് ഫേബയെ കോട്ടയം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ലേബര്‍ റൂമിലേക്ക് മാറ്റി. ആദ്യഘട്ടത്തില്‍ സുഖപ്രസവം നടക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. പിന്നീട് സ്ഥിതി വഷളാവുകയും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായതായാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍, ശസ്ത്രക്രിയ നടത്താന്‍ വൈകിയതാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം.
നിലവില്‍ യുവതിയുടെ മൃതദേഹം ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.


