✍️ ചന്ദ്രപ്രകാശ് എസ് എസ്
ഹിമാചൽപ്രദേശ് ഡോ രാജേന്ദ്രപ്രസാദ് മെഡിക്കല്‍ കോളജിലെ 19 കാരനായ അമന്‍ സത്യ കച്രു എന്ന ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി 2009 മാര്‍ച്ച് എട്ടിന് റാഗിങ്ങിനെ തുടര്‍ന്ന് മരിച്ചിരുന്നു. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ നാല് പേരായിരുന്നു അമനെ റാഗ് ചെയ്‌തത്. ഇതേ തുടര്‍ന്നാണ് രാജ്യവ്യാപകമായി ചരിത്രമായ റാഗിങ് വിരുദ്ധ നിയമം സുപ്രീം കോടതി പ്രഖ്യാപിച്ചത്.
2010 നവംബർ 11 ന് അമൻ കച്രുവിനെ റാഗിംഗ് ചെയ്ത് കൊലപ്പെടുത്തിയ വിദ്യാർത്ഥികളായ അജയ് വർമ്മ,നവീൻ വർമ്മ, അഭിനവ് വർമ്മ,മുകുൾ ശർമ്മ എന്നിവരെ നാല് വർഷം തടവിന് ശിക്ഷിച്ചു. സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ ജീവൻ ലാൽ ശർമ്മയുടെ നേതൃത്വത്തിലുള്ള പ്രോസിക്യൂഷൻ, അമനെ തന്റെ നാല് സീനിയർ വിദ്യാർത്ഥികൾ റാഗിംഗിന്റെ മറവിൽ ക്രൂരമായി മർദ്ദിച്ചുവെന്നും തുടർന്ന് പരിക്കേറ്റ് മരണമടഞ്ഞുവെന്നും വാദിച്ചു.എന്നാൽ പ്രതിഭാഗം അഭിഭാഷകൻ അഭിമന്യു ചോപ്ര, മരിച്ചയാൾ ഒരു ഹൃദ്രോഗിയാണെന്നും പെട്ടെന്നുള്ള ഹൃദയാഘാതം അദ്ദേഹത്തിന്റെ മരണത്തിന് കാരണമാകാമെന്നും എതിർവാദം നടത്തി.
വിചാരണ വേളയിൽ ഡോക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ,അമന്റെ പിതാവ് രാജേന്ദ്ര കച്രു എന്നിവരുൾപ്പെടെ 38 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. കേസിൽ ആദ്യമായി കോടതിയിൽ ഹാജരായ രാജേന്ദ്ര കച്രു, കോളേജിൽ നടന്ന റാഗിംഗ് സംഭവത്തെക്കുറിച്ച് മകൻ തന്നോട് വിശദമായി സംസാരിച്ചതായി പറഞ്ഞു. സംഭവത്തെക്കുറിച്ച് കോളേജ് അധികൃതർക്ക് മകൻ രേഖാമൂലം പരാതി നൽകി.അക്കാര്യം അമൻ തന്നോട് പറഞ്ഞതായും, അമനിൽ നിന്ന് ഫോൺ കോൾ ലഭിച്ച് മൂന്ന് നാല് മണിക്കൂറിന് ശേഷം, കോളേജിൽ നിന്ന് ആരോ മകൻ മരിച്ചുവെന്ന് ടെലിഫോണിൽ അറിയിക്കുകയും ചെയ്തതായി കോടതിയിൽ മൊഴി നൽകി.
കേസിലെ നാല് പ്രതികൾക്കും വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു, എന്നാൽ മാധ്യമ റിപ്പോർട്ടുകളും, രാജ്യവ്യാപക പ്രതിഷേധങ്ങളും കണക്കിലെടുത്ത് ഹിമാചൽ പ്രദേശ് ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി. പിന്നീട് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പ്രതികളായ വർമ്മമാരും, ശർമ്മയും അഡീഷണൽ സെഷൻസ് കോടതിയിൽ കീഴടങ്ങി.
അതേ സമയം അമൻ കച്രു റാഗിംഗ്-ടു-ഡെത്ത് കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട നാല് മെഡിക്കൽ വിദ്യാർത്ഥികളെയും ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിന് ഒമ്പത് മാസം മുമ്പ് ജയിൽ മോചിതരാക്കി. സ്വാതന്ത്ര്യദിനത്തിൻ്റെ പേരിലെ സർക്കാർ ഇളവാണ് പ്രതികൾക്ക് ശിക്ഷാ കാലാവധി പൂർത്തിയാക്കാതെ പുറത്തിറങ്ങാൻ പഴുതായത്.
മകനെ കൊന്ന നാല് പ്രതികളുടെയും മോചനം കച്രുവിന്റെ കുടുംബത്തെ അസ്വസ്ഥരാക്കി.നാല് വർഷമെന്ന ഏറ്റവും കുറവ് തടവിനെതിരെ അവർ തുടക്കത്തിലെ എതിർപ്പ് അറിയിക്കുകയും ചെയ്തിരുന്നു.അക്കൊല്ലം ജയിലിൽ നല്ല പെരുമാറ്റത്തിന് 111 പേർക്ക് ഇളവ് ലഭിച്ചതിൽ 4 പേർ ഈ റാഗിംഗ് കേസ് പ്രതികളായിരുന്നു.
സർക്കാരിന്റെ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് അമന്റെ പിതാവ് രാജ് കച്രു പറഞ്ഞതിങ്ങനെ –
“നമ്മുടെ രാജ്യത്ത് റാഗിംഗ് ഒരു ഗുരുതരമായ പ്രശ്നമായി കാണാത്ത ഹിമാചൽ സർക്കാരിന്റെ അജ്ഞതയിൽ ഞാൻ ഖേദിക്കുന്നു.രാജ്യം മുഴുവൻ റാഗിംഗ് സമ്പ്രദായത്തിനെതിരെ നടപടിയെടുക്കാൻ ശ്രമിക്കുമ്പോൾ സംസ്ഥാന സർക്കാർ രാജ്യത്തിൻ്റെ ഇഷ്ടത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ തീരുമാനിച്ചു.ഈ വിദ്യാർത്ഥികൾക്ക് നേരിയ ശിക്ഷയാണ് ലഭിച്ചത്.
എന്നിട്ടും ശിക്ഷയിൽ ഇളവ് നൽകി അവരെ വിട്ടയക്കാൻ എന്തിനാണ് സർക്കാർ തിടുക്കം കാട്ടിയത്.ശിക്ഷ വർദ്ധിപ്പിക്കുന്നതിനായി സർക്കാർ സമർപ്പിച്ച അപ്പീൽ കോടതിയിൽ പരിഗണനയിലിരിക്കുമ്പോൾ അവരുടെ ശിക്ഷ ഇളവ് ചെയ്യുന്നത് ലജ്ജാകരമാണ്. ഹിമാചൽ സർക്കാരിന്റെ തീരുമാനത്തെ മുഴുവൻ രാജ്യവും അപലപിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു”
സീനിയർമാരുടെ റാഗിംഗ് എന്ന പേരിൽ അമനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികൾക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരം കൊലപാതകക്കുറ്റം ചുമത്തി ഉയർന്ന ശിക്ഷ നൽകണമെന്ന് സർക്കാർ ആദ്യം നിലപാടെടുത്തെങ്കിലും, കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ എന്ന രീതിയിലായിരുന്നു കേസ്.
ഈ കേസിലെ പ്രതികളെല്ലാം ഉന്നത സ്വാധീനമുള്ള കുടുംബങ്ങളിലെ കുട്ടികളായിരുന്നു. കേസിൽ പ്രതികൾക്കെതിരായ ക്രിമിനൽ വകുപ്പുകളിലും, ശിക്ഷയിലും വെള്ളം ചേർത്തതിന് പുറമേ
ശിക്ഷായിളവും പ്രതികൾക്ക് ലഭിച്ചുവെന്നത് നിയമവ്യവസ്ഥയ്ക്ക് തീരാ കളങ്കമാണ്.പ്രതികൾക്ക് ലഭിച്ച ശിക്ഷ കാലയളവ് വർദ്ധിപ്പിക്കാനുള്ള അപ്പീൽ ഹൈക്കോടതിയിൽ എത്തിയപ്പോൾ എന്തുകൊണ്ടാണ് ആറ് ജഡ്ജിമാർ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറിയെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.
രാജ്യത്ത് എവിടെ റാഗിങ് നടന്നാലും മിടുക്കനായ ഒരു 19 കാരൻ മെഡിക്കൽ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടതിന്റെ ഭയാനകമായ ഓർമ്മ നമ്മെ വേട്ടയാടും. റാഗിംഗുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഏറ്റവും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും, ചർച്ചചെയ്യപ്പെടുകയും ചെയ്ത കേസുകളിൽ ഒന്നാണിത്. കൂടാതെ യുജിസി,സംസ്ഥാന സർക്കാരുകൾ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ എന്നിവരുടെ ഫലപ്രദമായ നടപടികൾക്കായി സുപ്രീംകോടതി ഇടപെടലും നിയമനിർമ്മാണവും ഉണ്ടായി.
അമൻ കച്രുവിന്റെ പിതാവ് രാജേന്ദ്ര കച്രു റാഗിംഗിനെതിരായ രാജ്യവ്യാപക പ്രചാരണത്തിന്റെ മുഖമായി മാറി.’അമൻ പ്രസ്ഥാനം’ എന്ന ഒരു എൻജിഒ അദ്ദേഹം രൂപീകരിച്ചു. ശിക്ഷാ ഇളവ് ലഭിച്ചതിനെത്തുടർന്ന് പ്രതികളും, തടവുകാരുമായിരുന്ന 4 പേരും എംബിബിഎസ് പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിമാചൽപ്രദേശ് സർവകലാശാലയെ സമീപിച്ചു.
ഡോക്ടറായാലും സർക്കാർ ജോലികൾക്ക് അർഹതയില്ലെന്ന വ്യവസ്ഥയോടെ സംസ്ഥാന സർക്കാർ തുടർ പഠനത്തിന് അനുമതിയും നൽകി.


