Mon. Nov 23rd, 2026

ന്യൂഡല്‍ഹി: കായംകുളത്തെ എന്‍.ടി.പി.സി കേന്ദ്രീയ വിദ്യാലയം അടച്ചുപൂട്ടുന്നത് ഒഴിവാക്കുന്നതിന് ഉന്നതതല യോഗം ചേരാന്‍ സുപ്രീം കോടതി നിര്‍ദേശം. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍.

എന്‍.ടി.പി.സി ചെയര്‍മാന്‍, കേന്ദ്രീയ വിദ്യാലയ കമ്മിഷണര്‍, കേരളത്തിലെ വിദ്യാഭ്യാസ സെക്രട്ടറി, കേന്ദ്ര ഊര്‍ജ്ജ സെക്രട്ടറി എന്നിവരുടെ യോഗം വിളിച്ച് ചേര്‍ക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദേശിച്ചിരിക്കുന്നത്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ യോഗം വിളിച്ച് ചേര്‍ക്കണമെന്നും യോഗത്തിന്റെ മിനുറ്റ്‌സ് നാലാഴ്ച്ചയ്ക്കകം കോടതിക്ക് കൈമാറണമെന്നും ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥന്‍, എന്‍.കെ. സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

കായംകുളത്തെ എന്‍.ടി.പി.സി. പ്രോജക്ട് അവസാനിപ്പിച്ചതോടെയാണ് കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത്. നിലവില്‍ 517 വിദ്യാര്‍ഥികളുള്ള സ്‌കൂളില്‍ 18 വിദ്യാര്‍ഥികള്‍ മാത്രമാണ് തങ്ങളുടെ ജീവനക്കാരുടേതെന്ന് എന്‍.ടി.പി.സി. സുപ്രീംകോടതിയെ അറിയിച്ചു. അതിനാല്‍ സ്‌കൂളിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ തങ്ങള്‍ക്കാകില്ലെന്നും എന്‍.ടി.പി.സി. കോടതിയില്‍ വ്യക്തമാക്കി.