Tue. Jul 28th, 2026

✍️ചന്ദ്രപ്രകാശ് എസ് എസ്

എം ടിയുടെ മരണശേഷം അദ്ദേഹത്തിൻ്റെ സിനിമകൾ മാദ്ധ്യമങ്ങളും മലയാളികളും ഏറെ ചർച്ച ചെയ്തു.
അതിലൊന്നാണ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ. പച്ചയായ പ്രവാസ ജീവിതം ആദ്യമായി വെള്ളിത്തിരയിലെത്തിച്ച എഴുത്തുകാരനാണ് എം ടി.ഗൾഫിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ ‘വിൽക്കാനുണ്ട് സ്വപ്ന’ങ്ങളുടെ കഥയും തിരക്കഥയും സംഭാഷണവും എം ടി യുടേതാണ്.

‘അനുഭവങ്ങൾ പാളിച്ചകൾ’എന്ന സിനിമയിൽ മമ്മൂട്ടി മുഖം കാട്ടിയെങ്കിലും ‘വില്‍ക്കാനുണ്ട് സ്വപ്‍നങ്ങള്‍’ എന്ന സിനിമയിലാണ് മമ്മൂട്ടിയുടെ പേര് ആദ്യമായി വെള്ളിത്തിരയിൽ തെളിയുന്നത്. എം ടിയുടെ മികവാർന്ന തിരക്കഥയും ഹൃദയസ്പർശിയായ സംഭാഷണങ്ങളുമുള്ള ചിത്രം പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും സ്വർണ്ണമെഡലോടെ ഫസ്റ്റ് റാങ്കിൽ സിനിമ പഠിച്ചിറങ്ങിയ എം ആസാദിൻ്റെ സംവിധാന മികവിന് ഉദാഹരണമായിരുന്നു.

നടൻ സുകുമാരന് മലയാള സിനിമയിൽ ഡയലോഗ് വീരൻ എന്ന വിശേഷണം ലഭിക്കുന്നത് ഈ സിനിമയിലെ പ്രകടനത്തോടെയാണ്. മറുനാടൻ ഫിലിംസിൻ്റെ ബാനറിൽ വി ബി കെ മേനോനായിരുന്നു ചിത്രത്തിൻ്റെ നിർമാതാവ്. സുകുമാരൻ, ബഹദൂർ,ശ്രീദേവി, സുധീർ,മമ്മൂട്ടി, ജലജ, ശ്രീനിവാസൻ, നെല്ലിക്കോട് ഭാസ്ക്കരൻ, ശാന്താദേവി തുടങ്ങിയവരായിരുന്നു പ്രമുഖ അഭിനേതാക്കൾ. രാമചന്ദ്രബാബുവായിരുന്നു ക്യാമറാമാൻ.

പിൽക്കാലത്ത് എം എൽ എ ആയ പുരുഷൻ കടലുണ്ടി സിനിമയിൽ സംവിധാന സഹായിയായിരുന്നു. ഈ സിനിമ നടക്കുമ്പോൾ മമ്മൂട്ടിയുടെ പ്രായം 30. ചിത്രീകരണത്തിന് മേൽനോട്ടവുമായി എം ടി മുഴുവൻസമയവും ദുബായിലുണ്ടായിരുന്നു.

മലയാളത്തിൽ 2 സിനിമകൾ മാത്രം സംവിധാനം ചെയ്തശേഷം ആത്മഹത്യ ചെയ്യാളാണ് വിൽക്കാനുണ്ട് സ്വപ്നങ്ങളുടെ സംവിധായകൻ എം ആസാദ്. അദ്ദേഹത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ. 1981 ഏപ്രിൽ 24 നാണ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ പ്രദർശനത്തിനെത്തുന്നത്.മൂന്നു മാസം കഴിഞ്ഞ് 1981 ഓഗസ്റ്റ് 9 ന് സംവിധായകൻ എം ആസാദിന് വിധിച്ചത് മരണമായിരുന്നു.

തൻ്റെ മൂന്ന് മക്കളിൽ ഇളയകുട്ടിയുടെ തൊട്ടിൽ കയറിൽ എം ആസാദ് തൂങ്ങിയാടി. മൂന്ന് കുഞ്ഞുങ്ങൾ അനാഥരായി. തൊട്ടിൽക്കയറിലെ താരാട്ടീണം അപശ്രുതിയായി മാറുമ്പോൾ എല്ലാ കുട്ടികളേയും പോലെ ചിരിക്കാനും,സന്തോഷിക്കാനും, സ്വപ്നം കാണാനുമുള്ള കുഞ്ഞുങ്ങളുടെ അവസരങ്ങൾ അവർക്ക് നഷ്ടപ്പെടാൻ കാരണം വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമ.

ഈ സിനിമ ആകെയും, അത് എഴുതിയ ആളും, അതിലൂടെ നായക പദവിയിലെത്തിയ മമ്മൂട്ടിയുമൊക്കെ ഇതിൻ്റെ പേരിൽ ഇന്നും കൊണ്ടാടുമ്പോൾ സിനിമയെന്ന മായിക പ്രപഞ്ചത്തിൻ്റെ മാസ്മരിക വലയത്തിൽപ്പെട്ട് ഒടുവിൽ ആത്മഹത്യയിൽ അഭയം കണ്ടെത്തിയ ആസാദിനെ മലയാളിയും, മലയാളസിനിമ മേഖലയും,മാദ്ധ്യമങ്ങളും മറന്നു.

എം ആസാദെന്ന വർക്കല അയിരൂർകാരൻ സിനിമാരംഗത്തെത്തുമ്പോൾ സിനിമയുമായി ബന്ധമുള്ള വലിയൊരു സൗഹൃദം കൈമുതലായി ഉണ്ടായിരുന്നു. ജോൺ എബ്രഹാം അടക്കം നിരവധി പ്രതിഭാധനൻന്മാരുടെ ഉറ്റസുഹൃത്ത്. പക്ഷേ,സിനിമയിൽ നിന്ന് ആസാദിന് ലഭിച്ചത് കയ്പുള്ള അനുഭവങ്ങൾ മാത്രം.

1972 ൽ സംവിധായകൻ ജോൺ അബ്രഹാമിൻ്റെ ‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ’ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും എഴുതിക്കൊണ്ടാണ് ആസാദ് സിനിമാ ലോകത്തെത്തുന്നത്. ജോൺ എബ്രഹാം സംവിധാനം ചെയ്ത ആദ്യത്തെ ഫീച്ചർ ഫിലിമായിരുന്നു ഇത്. ജോൺ അബ്രഹാമും, ആസാദും എം ടിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. എം ടി യുടെ നോവലായ ‘പാതിരാവും പകൽവെളിച്ചവും’ സംവിധാനം ചെയ്തു കൊണ്ടായിരുന്നു 1974ൽ ആസാദ് സിനിമാ സംവിധാന രംഗത്ത് തൻ്റെ തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. എം ടിയുടെ ജീവിത ഗന്ധിയായ ഒരു കഥയാണ് പാതിരാവും പകൽവെളിച്ചവും.

രണ്ടാമതാണ് എം ടി യുടെ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ ആസാദ് സംവിധാനം ചെയ്തത്. പ്രവാസികളുൾപ്പടെ മലയാളികൾ ഇരുകൈയും നീട്ടിയാണ് ആസാദ് എന്ന യുവ സംവിധായകനെയും ആ സിനിമയേയും സ്വീകരിച്ചത്. നിർഭാഗ്യകരമെന്ന് പറയട്ടെ,സ്വപ്നങ്ങൾ വിൽക്കുമ്പോൾ അത് നോട്ടാക്കി മാറ്റുന്ന വിദ്യ അറിയാതെ പോയ ഒരു പാവം സംവിധായകനായിരുന്നു ആസാദ്.

സ്വവസതിയിൽ സ്വന്തം കുഞ്ഞിൻ്റെ തൊട്ടിൽ കയറിൽ ജീവിതം പിടഞ്ഞവസാനിച്ചപ്പോൾ അതേ സിനിമയും അതിലെ പ്രമുഖരും ആഘോഷങ്ങളുടെ തിമിർപ്പിലായിരന്നു. മലയാള സിനിമയെ നെഞ്ചേറ്റി ഏറെ പ്രതീക്ഷകളുമായി വന്ന് മലയാള സിനിമയിൽ പ്രമുഖനായ എം ടിയുടെ കൈയ്യൊപ്പുള്ള സിനിമകൾ സംവിധാനം ചെയ്ത ആസാദിന് മലയാള സിനിമ തിരിച്ചു നൽകിയത്കൊ ലക്കയറായിരുന്നു.വിൽക്കാനാകാതെ പോയ സ്വപ്നങ്ങളുമായി ജീവിച്ചുമരിച്ച അതുല്യ കലാകാരൻ.

അയിരൂർ ആസാദെന്നും അറിയപ്പെട്ട എം ആസാദ് കൊല്ലം എസ് എൻ കോളേജിൽ ബിരുദ വിദ്യാർത്ഥി ആയിരിക്കുമ്പോൾ മുൾക്കിരീടം എന്ന നാടകമെഴുതി അവതരിപ്പിച്ച് ശ്രദ്ധേയനായി. ബിരുദം നേടിയ ശേഷമാണ് പൂന ഫിലിംസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്.പഠനശേഷം ചലച്ചിത്രത്തെ സംബന്ധിച്ച നിരവധി ലേഖനങ്ങൾ അന്നത്തെ പ്രമുഖ മാഗസിനുകളിൽ സ്വന്തം ബൈലൈനിൽ എഴുതി.

ലേഖനങ്ങളുടെ ആഴവും പരപ്പും കണ്ടാണ് അക്കാലത്ത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എം ടി വാസുദേവൻ നായർ ആസാദിനെ ബന്ധപ്പെടുന്നത്. തുടർന്ന് മാതൃഭൂമിക്കുവേണ്ടി വിദേശചിത്രങ്ങളുടെ വിശദാംശങ്ങൾ ആഴ്ച്ചപ്പതിപ്പിലൂടെ മലയാള വായനക്കാർക്ക് പരിചയപ്പെടുത്താനുള്ള ദൗത്യം ആസാദ് ഏറ്റെടുത്തു.

ജോണിൻ്റെ വിദ്യാർത്ഥികളെ ഇതിലേ ഇതിലേ കൂടാതെ നിർമ്മാല്യം,ബന്‌ധനം തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു ആസാദ്. വിൽക്കാനുണ്ട് സ്വപ്നങ്ങൾക്ക് ശേഷം ഏറെ പരിക്ഷീണനായിരുന്നു ആസാദ്. ചിത്രത്തിൻ്റെ പണി പൂർത്തിയാക്കിയ ആസാദിന് ആകെ ലഭിച്ചത് കോഴിക്കോട്ടുനിന്നും വർക്കലയ്ക്കുള്ള ട്രെയിൻ ടിക്കറ്റും നൂറുരൂപയുമായിരുന്നു.വർക്കലയിലെത്തിയ ആസാദ് മാനസികമായി ആകെ തകർന്നിരുന്നു.

വെറും കൈയോടെ മക്കളെ കാണാൻ വീട്ടിലേക്ക് പോകണമല്ലോ എന്ന ചിന്ത ആസാദിനെ വല്ലാതെ അലട്ടി. ദുബൈക്കാരൻ മേനോൻ്റെ പടം ചെയ്തിട്ടും നിത്യച്ചെലവിനു പോലും വകയില്ലാതെ മമ്മൂട്ടിയ്ക്ക് ആദ്യ ഡയലോഗ് പറഞ്ഞുകൊടുത്ത ആസാദ് വട്ടം കറങ്ങി.പിന്നീട് നാട്ടിലെ സുഹൃത്തുക്കളുടെ സഹായത്തോടെ വെളുത്ത പക്ഷി എന്ന സിനിമയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചെങ്കിലും അത് വിജയിച്ചില്ല.

വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിൽ നിന്നും പ്രതിഫലമൊന്നും ലഭിക്കാത്ത നിരാശയിൽ ജീവിതം അവസാനിപ്പിക്കുന്ന ആ ദിവസം അദ്ദേഹത്തിൻ്റെ സഹോദരിയുടെ കല്യാണ ദിവസം കൂടിയായിരുന്നു.വെളുത്ത പക്ഷി അങ്ങനെ കറുത്തപക്ഷിയായി.

ഉത്തരായണം സിനിമ അരവിന്ദൻ സംവിധാനം ചെയ്യും മുമ്പ് ആസാദ് ആ സിനിമ സംവിധാനം ചെയ്യണമെന്നും അതിന്റെ സഹസംവിധായകനായി താൻ പ്രവർത്തിക്കാം എന്നും ആസാദിന് മുമ്പിൽ നിർദ്ദേശം വച്ചത് സാക്ഷാൽ അരവിന്ദൻ.