Tue. Jul 28th, 2026

✍️ചന്ദ്രപ്രകാശ് എസ് എസ്

പത്രപ്രവർത്തകനും, ചലച്ചിത്ര നിരൂപകനും ആയിരുന്ന അന്തരിച്ച കെ വേലപ്പൻ്റെ ചിന്താലോകം ചലച്ചിത്രമായിരുന്നു. സത്യജിത് റേയുടെ പഥേർ പാഞ്ചാലിയുൾപ്പടെയുള്ള സിനിമകളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ശിരോവസ്ത്രം ഉപേക്ഷിച്ച് കന്യാസ്ത്രീപട്ടം വലിച്ചെറിഞ്ഞ റോസമ്മയെയാണ് വേലപ്പൻ ജീവിത പങ്കാളിയാക്കിയത്. അക്കാലത്ത് വളരെ കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു അവരുടേത്.

വേലപ്പൻ-റോസമ്മ ദാമ്പത്യവല്ലരിയിൽ തളിർത്ത ഏക മകന് പഥേർ പാഞ്ചാലിയിൽ ആകൃഷ്ടനായാണ് അപു എന്ന് വേലപ്പൻ പേരിട്ടത്. അപ്പു എന്ന പേര് മലയാളത്തിൽ സുപരിചിതമാണെങ്കിലും അപു അങ്ങനെയല്ല. പഥേർ പാഞ്ചാലിയ്ക്ക് ശേഷം വേലപ്പനെപ്പോലെ നിരവധി മലയാളികൾ മകന് അപു എന്ന് പേരിട്ടിട്ടുണ്ട്.

സത്യജിത് റേയുടെ പഥേർ പാഞ്ചാലിയിലെ കഥാപാത്രം ദുർഗ്ഗയെന്ന ഉമ ദാസ്ഗുപ്തയെ ഓർത്തെടുക്കുകയാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം അപുവെന്ന സുബീർ ബാനർജി. പഥേർ പാഞ്ചാലിയിലെ കഥാപാത്രങ്ങൾ ഇരുവരുടേയും ആദ്യത്തെയും അവസാനത്തെയും ചിത്രമാണെങ്കിലും, ലോകസിനിമയിലെ ഏറ്റവും മികച്ച രണ്ട് കഥാപാത്രങ്ങളായി അപുവും ദുർഗ്ഗയും മാറി.

അപുവും (സുബീർ ബാനർജി) ദുർഗയും(ഉമ ദാസ്ഗുപ്ത) ആദ്യമായി ഒരു ട്രെയിൻ കാണുന്ന ഐതിഹാസികമായ രംഗം ഓർക്കുകയാണ് സുബീർ ബാനർജി. വിടർന്ന കണ്ണുകളുള്ള അപുവായി അഭിനയിച്ച ബാനർജി എന്ന നടനെ സംബന്ധിച്ചിടത്തോളം ഇന്നും വലിയ ഓർമ്മയാണ് ആ സിനിമ.
അദ്ദേഹത്തിൻ്റെ വാക്കുകൾ –

“ഷൂട്ടിംഗിലുടനീളം ഞങ്ങൾ പരസ്പരം കളിയാക്കുകയും ചെറിയ മരചില്ലകൾ പരസ്പരം എറിയുകയും ചെയ്തതായി ഞാൻ ഓർക്കുന്നു.ദീദിക്ക് 14,എനിക്ക് 9.ഞങ്ങൾ യഥാർത്ഥ സഹോദരങ്ങളെപ്പോലെയായിരുന്നു. എഴുപത് വർഷങ്ങൾക്ക് ശേഷം എനിക്ക് എൻ്റെ ദീദിയെ നഷ്ടമായി.പഥേർ പാഞ്ചാലിയിൽ ദീദി എന്നെ തനിച്ചാക്കി മരിച്ചു. യഥാർത്ഥ ജീവിതത്തിലും എനിക്ക് എൻ്റെ ദീദിയെ നഷ്ടപ്പെട്ടിരിക്കുന്നു.

ഒരുപാട് ക്ഷമയുള്ള ഒരാളായിരുന്നു എൻ്റെ ദീദി.എന്നോട് വളരെ ദയയുള്ളവളായിരുന്നു.
ഇരുവരുടേയും ആദ്യ സിനിമ ആയിരുന്നിട്ട് കൂടി അന്ന് ഞാൻ ദീദിയെ ആശ്രയിക്കുമായിരുന്നു. സിനിമയിലെ ദുർഗ്ഗയുടെ മരണത്തിലേക്ക് നയിക്കുന്ന മഴ സീക്വൻസിനായി, ഞങ്ങളെ ദിവസം മുഴുവൻ ഒരു മരത്തിൻ്റെ ചുവട്ടിൽ ഇരുത്തി. മഴയുടെ വരവിനായി ഞങ്ങൾ കാത്തിരുന്നു.അവിടെ ഇരുന്ന് ഞങ്ങളിരുവരും രസിക്കുകയായിരുന്നു. വാക്ക് ഗെയിമുകൾ കളിക്കുകയും പരസ്പരം കളിയാക്കുകയും ചെയ്തു.ഒടുവിൽ മഴ പെയ്തപ്പോൾ ഞങ്ങൾ വിറച്ചു.സിനിമയിൽ ഉള്ളതുപോലെ ദീദി എന്നെ ചേർത്തുപിടിച്ചു,”

പഥേർ പാഞ്ചാലിയുടെ ചിത്രീകരണത്തിലേയ്ക്ക് അപുവിനെയും ദുർഗ്ഗയേയും അവതരിപ്പിയ്ക്കാൻ രണ്ടുപേരെ കണ്ടെത്തുന്നതിനു പരസ്യം കൊടുത്തെങ്കിലും ലഭിച്ച അപേക്ഷകളിൽ റേയ്ക്ക് തൃപ്തി വന്നില്ല. ഈ അവസരത്തിലാണ് തൊട്ടടുത്ത വീട്ടിലെ രണ്ടാം നിലയിൽ കളിച്ചുകൊണ്ടിരുന്ന സുബീറിനെ റേയുടെ ഭാര്യ കാണുന്നത്.തുടർന്നു അപുവിന്റെ വേഷം സുബീറിനു നൽകുവാൻ റേ തിരുമാനിച്ചു.പഥേർ പാഞ്ചാലിയ്ക്കു ശേഷം സുബീർ മറ്റൊരു ചിത്രത്തിലും അഭിനയിയ്ക്കുകയുണ്ടായില്ല. സിനിമകളിൽ നിന്ന് വിട്ടുനിന്ന സുബീറിനെക്കുറിച്ച് ഒരു ചലച്ചിത്രം നിർമ്മിയ്ക്കപ്പെട്ടിട്ടുണ്ട്.

സിനിമാ പ്രേമികളുടെ തലമുറകളെ വിസ്മയിപ്പിച്ച ഉമ ദാസ്ഗുപ്തയെ ഒരു സ്കൂൾ ചടങ്ങിൽ സ്റ്റേജ് പെർഫോമൻസ് ചെയ്യുന്നതിനിടയിലാണ് കഥാപാത്രത്തെ തേടി നടന്ന സംവിധായകൻ്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സ്കൂളുമായും കുടുംബവുമായും ബന്ധപ്പെട്ടു. അങ്ങനെയാണ് ഉമ ദുർഗ്ഗയെന്ന കഥാപാത്രമായി എത്തുന്നത്.

ലോകമുള്ള കാലംവരെ സത്യജിത് റേയുടെ പഥേർ പാഞ്ചാലിയും അതിലെ ദുർഗ്ഗയും,അപുവും ഓരോ തലമുറ മനുഷ്യർക്കു മുമ്പിലും മഴകൊണ്ടാഹ്ലാദിച്ചും, ട്രെയിൻ കണ്ട് അന്തംവിട്ടും നിലകൊള്ളുക തന്നെ ചെയ്യും.