Wed. Jul 29th, 2026

മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എം എല്‍ എ. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എം ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചു പോകുന്നുവെന്നും അന്‍വര്‍ പറഞ്ഞു.

അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ആ ലെവലിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനേ സാധിക്കൂ എന്നുമാണ് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

മന്ത്രിമാരുടെ ഫോണ്‍ കോളുകള്‍ എ ഡി ജി പി ചോര്‍ത്തുന്നുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എംആര്‍ അജിത് കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രി വിശ്വസിച്ച് ഉത്തരവാദിത്തമേല്‍പ്പിച്ചവരാണ്. എന്നാല്‍ മുഖ്യമന്ത്രി ഏല്‍പ്പിച്ച വലിയ ദൗത്യം ഇവര്‍ സത്യസന്ധമായി നിര്‍വഹിച്ചിട്ടില്ല എന്നതിന് ഒരുപാട് തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാതെ സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഇല്ലായ്മ ചെയ്യാനുള്ള ഒരു ഗ്രൂപ്പാണ് എഡിജിപി അജിത് കുമാറിന്റെ ഒപ്പമുള്ള കേരള പൊലീസിന്റെ ഒരു വിഭാഗമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.പോലീസിന്റെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്ന് കാട്ടാനാണ് പത്തനംതിട്ട എസ്പിയുടെ ഫോണ്‍ ചോര്‍ത്തിയത്. ഗതികേട് കൊണ്ടാണ് സര്‍ക്കാരിനെ ബോധ്യപ്പെടുത്താനായി ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും അതില്‍ ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.

അതേസമയം താന്‍ പാര്‍ട്ടിവിടുമെന്ന പ്രചാരണം തെറ്റാണ്. പാര്‍ട്ടിക്കായാണ് സംസാരിക്കുന്നത്, പാര്‍ട്ടിക്കായി പോരാടുമെന്നും അന്‍വര്‍ പറഞ്ഞു.