തിരുവനന്തപുരം: എ ഡി ജി പി എം ആര്‍ അജിത്ത് കുമാറിനെതിരായ പത്തനംതിട്ട എസ് പി സുജിത്ത് ദാസിന്റെ ആരോപണത്തില്‍ ആഭ്യന്തര വകുപ്പ് വകുപ്പ് തല അന്വേഷണം നടത്തും. പി വി അന്‍വര്‍ എം എല്‍ എയുമായുള്ള എസ് പിയുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എ ഡി ജി പിക്കും സുജിത്തിനുമെതിരെ ഡി ജി പിക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് എ ഡി ജി പി എം ആര്‍ അജിത്ത് കുമാറും കത്ത് നല്‍കിയേക്കും.
വിവാദങ്ങള്‍ക്ക് പിന്നാലെ എ ഡി ജി പിയെ കാണാന്‍ ശ്രമിച്ച എസ് പി സുജിത്തിന് അനുമതി നല്‍കിയിട്ടില്ല. എ ഡി ജി പി എം ആര്‍ അജിത്ത് കുമാറിന്റെ ഓഫീസില്‍ ഇന്നലെ സുജിത് ദാസ് എത്തിയെങ്കിലും അനുവാദം നല്‍കിയില്ല. അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എം എല്‍ എയോട് ഗുരുതര ആരോപണങ്ങള്‍ എസ് പി പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു.
എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയ കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിതകാലം മുഴുവന്‍ താന്‍ പി വി അന്‍വര്‍ എം എല്‍ എയോട് കടപ്പെട്ടിരിക്കുമെന്ന് എസ് പി സുജിത് ദാസ് സംഭാഷണത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാല്‍ അജിത് കുമാര്‍ പോലിസില്‍ സര്‍വശക്തനാണ്. ഒരുകാലത്ത് പൊലിസില്‍ സര്‍വശക്തനായിരുന്ന ഐ ജി പി വിജയനെ തകര്‍ത്തതും അജിത് കുമാറാണ്. എ ഡി ജി പിയുട ഭാര്യാസഹോദരന്മാര്‍ക്ക് എന്താണ് ജോലിയെന്ന് അന്വേഷിക്കണമെന്നും പിവി അന്‍വര്‍ എംഎല്‍യുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ സുജിത് ദാസ് പറയുന്നു.
എം എല്‍ എ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു. എനിക്ക് വേണ്ടി ഒന്ന് പരാതി പിന്‍വലിച്ച് താ. ബാക്കിയുള്ള കാലം എം എല്‍ എയ്ക്ക് കടപ്പെട്ടിരിക്കും. 25ാം വയസില്‍ സര്‍വീസില്‍ കയറിയതാണ്. ഡി ജി പിയായി റിട്ടയര്‍ ചെയ്യാന്‍ ആരോഗ്യവും ആയസ്സും തന്നാല്‍ താന്‍ എം എല്‍ എയോട് കടപ്പെട്ടിരിക്കും. എം എല്‍ എ ഒരു സഹോദരനെ പോലെ തന്നെ കാണണം തുടങ്ങിയ അഭ്യര്‍ഥനയാണ് ഫോണ്‍ സംഭാഷണത്തില്‍ ഉള്ളത്.


