✍️ സ്പെഷ്യൽ റിപ്പോർട്ടർ
തൃശൂർ: സർക്കാർ പിഴിച്ചിലിൻറെ രണ്ടാം ഭാഗം തുടങ്ങി. ഇതും സാധാരണക്കാരൻറെ നെഞ്ചിലേക്ക് തന്നെ. സഹകരണ സംഘങ്ങൾക്കുള്ള ഫീസ് നിരക്കുകള്‍ അഞ്ചിരട്ടി വരെ കൂട്ടാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. സാമ്പത്തികമായി തകർന്നടിഞ്ഞ കേരളത്തിൻറെ പരിതാപകരമായ അവസ്ഥയെ പടുകുഴിയിലേക്കു് തള്ളിവിടുന്ന പ്ലാൻ – ബിയുടെ തുടക്കമാണിത്.
ഇതോടൊപ്പം വരുത്തുന്ന മാറ്റങ്ങൾ പൊതുജനങ്ങളെ നേരിട്ട് ബാധിക്കില്ല എങ്കിലും, അവസാനം (നദികൾ ഒഴുകിയെത്തുന്നത് കടലിലേക്ക് തന്നെ എന്ന് പറയുമ്പോലെ) സാധാരണക്കാരനിലേക്ക് തന്നെയാണ് ഈ സർക്കാർ കൊയ്തിൻറെ ഭാരം വന്നെത്തുന്നത്.
സഹകരണ സംഘങ്ങൾക്ക് മീതെ കേരള സർക്കാരിൻറെ പ്ലാൻ – ബി ബാധിക്കാൻ പോകുന്നതെങ്ങിനെയെന്ന് നോക്കാം:
ഏറ്റവും ഉയർന്ന ഓഡിറ്റ് ഫീസ് ഒരു ലക്ഷമെന്നത് അഞ്ചിരട്ടി വർദ്ധിപ്പിച്ച് അഞ്ചു ലക്ഷത്തിലേക്ക്.
പ്രാഥമിക സഹകരണസംഘങ്ങളുടെ ഫീസ് 50,000 രൂപയിൽ നിന്ന് നാലിരട്ടിയായി വർദ്ധിപ്പിച്ചു് രണ്ടു ലക്ഷമാവും.
10 കോടിക്കു മുകളില്‍ പ്രവർത്തന മൂലധനമുള്ള സംഘത്തിന്റെ ഫീസ് ഒരുലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമാവും.
(പ്രവർത്തന മൂലധനം, വിറ്റുവരവ്, മൊത്തവരുമാനം ഇവയിലേതെങ്കിലും ഒന്ന് അടിസ്ഥാനമാക്കി 100 രൂപയ്ക്ക് 50 പൈസ എന്ന അനുപാതത്തിലായിരിക്കും ഓഡിറ്റ് ഫീസ് ഈടാക്കുക.)
സാമ്പത്തിക തർക്കങ്ങളുമായി ബന്ധപ്പെട്ട കേസിനുള്ള മിനിമം ഫീസ് 200 രൂപയിൽ നിന്ന് 500 രൂപയാവും പരമാവധി 2000 രൂപയായിരുന്നത്, രണ്ടുലക്ഷം രൂപ വരെ 5000 രൂപയും രണ്ടു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ 7500 രൂപയും പത്തു ലക്ഷത്തിനുമുകളില്‍ 10,000 രൂപയുമാവും.
സഹകരണ ജീവനക്കാരുടെ പരാതികൾക്കുള്ള ഫീസ് 1000 രൂപയിൽ നിന്ന് 5000 രൂപയാക്കാനുമാണ് നീക്കങ്ങൾ നടക്കുന്നത്. ഇതിനെല്ലാം പുറമെ സഹകരണ സംഘങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളുടെ ഫീസ് 5000 രൂപയില്‍ നിന്ന് 10,000 രൂപയാവും.
സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അപ്പീല്‍ സമർപ്പിക്കാനുള്ള ഫീസ് 2000-ത്തില്‍ നിന്ന് 5000 രൂപയാവും .
പ്രാഥമിക സഹകരണസംഘങ്ങള്‍ പുതിയ ശാഖകൾ അനുവദിച്ച് കിട്ടാനുള്ള അപേക്ഷാഫീസ് 5000 രൂപയിൽ നിന്ന് 7500 രൂപയാവും. സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ പുതുക്കാനുള്ള അപേക്ഷാഫീസ് 2000 രൂപയിൽ നിന്ന് 5000 രൂപയാക്കാനാണ് നീക്കം.
ഇത്തരം അധികച്ചിവുകൾ മറികടക്കാൻ സഹകരണ സംഘങ്ങള്‍ അവരുടെ ഇടപാടുകൾക്കുള്ള സർവീസ് നിരക്കുകളിൽ മാറ്റം വരുത്താനും നിർബന്ധിതരാവും. അങ്ങിനെ വരുമ്പോൾ സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്നും പണം പോകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും കൂടി നടപ്പിലാക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന സാമ്പത്തിക ആഗമന മാർഗ്ഗം പ്ലാൻ – ബി, ജനങ്ങളുടെ നെഞ്ചിൽ ആണിയടിക്കുന്നതിനു് തുല്യമാണ്. പ്ലാൻ – ബി നടപ്പിലാക്കൽ ഇതേപടി മുന്നോട്ട് പോവുകയാണെങ്കിൽ, ഈ രീതി മറ്റുള്ള സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാദ്ധ്യതകൾ ഉണ്ട്.

