Wed. Nov 25th, 2026

തിരുവനന്തപുരം: വിദ്യാര്‍ഥി കുടിയേറ്റം ആഗോള പ്രതിഭാസമെന്നും രാജ്യത്ത് താരതമ്യേന വിദ്യാര്‍ഥി കുടിയേറ്റം കുറവുള്ള സംസ്ഥാനം കേരളമാണെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്ന് പറഞ്ഞ മന്ത്രി , മഹാത്മാഗാന്ധി വരെ വിദേശത്ത് പഠിച്ചതാണെന്നും ഓര്‍മിപ്പിച്ചു. വിദേശ സര്‍വകലാശാലകളിലേക്കുള്ള വിദ്യാര്‍ഥി കുടിയേറ്റ വിഷയത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

രാജ്യത്തെ ആകെ കുടിയേറ്റത്തിന്റെ നാല് ശതമാനം മാത്രമാണ് സംസ്ഥാനത്തുള്ളത്. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന ഘടകം. കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് ഒരു തകര്‍ച്ചയുമില്ല. രാജ്യാന്തര തലത്തില്‍ കേരളത്തിലെ സര്‍വകലാശാലകളുടെ കീര്‍ത്തി വര്‍ദ്ധിക്കുകയാണ്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംവിധാനം ലോകത്തിലെ ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ടതാണ്. കേരളത്തിലെ നഗരങ്ങള്‍ ജീവിത ഭദ്രതയുള്ളതായി ചെറുപ്പക്കാര്‍ കാണുന്നുവെന്നും മന്ത്രി മറുപടിയായി പറഞ്ഞു.

പുതുതലമുറ എങ്ങനെയും കേരളം വിടണമെന്ന് ചിന്തിക്കുന്നുവെന്ന് അടിയന്തര പ്രമോയത്തിന് നോട്ടീസ് നല്‍കിയ മാത്യു കുഴല്‍നാടന്‍ പറഞ്ഞു. നോര്‍ക്കയുടെ മൈഗ്രേഷന്‍ സര്‍വ്വേയില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാര്‍ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

ഏത് രാജ്യവും കേരളത്തേക്കാള്‍ മെച്ചമെന്ന് ചെറുപ്പക്കാര്‍ കരുതുന്നു. പുതിയ തലമുറ ആഗ്രഹിക്കുന്ന ഒരു ജീവിതം അവര്‍ക്ക് നല്‍കാനാകുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് ഇന്നത്തെ കാലത്ത് എഴുത്തും വായനയും അറിയില്ല എന്ന മന്ത്രിയുടെ പ്രസ്താവന ശരിയാണ്. അതിനെ തിരുത്തുകയാണ് മറ്റുള്ളവര്‍ ചെയ്തത്. വിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യണമെന്നും മാത്യു കുഴല്‍ നാടന്‍ ആവശ്യപ്പെട്ടു . അതേ സമയം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.